കൂടത്തായി കൊലക്കേസ് : മൊബൈലിലും മറിമായം, നിഗൂഢതകളേറെ

Loading...

കോഴിക്കോട്: അഴിക്കുംതോറും മുറുകുകയാണ് കൂടത്തായി കേസ്. ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതാണ്. കേസിലെ ദുരൂഹതയായി ഇപ്പോള്‍ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളും  മാറിയിരിക്കുകയാണ്.

ജോളി ഉപയോഗിച്ചുവരുന്നത് ഇവരുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍സന്റെ സിംകാര്‍ഡ് ആയിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ജോളി പലപ്പോഴായി നടത്തിയ കോയമ്പത്തൂര്‍  യാത്രകളും ജോണ്‍സനോടൊപ്പം പലതവണ യാത്ര നടത്തിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ജോണ്‍സണുമായി ജോളിക്കുണ്ടായിരുന്ന കൂടുതല്‍ ബന്ധങ്ങള്‍ തന്നെയാണ് പുറത്തുവരുന്നതും.

മൊബൈല്‍ നമ്ബറുകള്‍ പരസ്പരം മാറ്റി ഉപയോഗിക്കാന്‍ ജോളിക്ക് ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഇതിന്റെ ചുരുളഴിക്കാനും നെട്ടോട്ടമോടുകയാണ് പൊലീസ്.

സംഭവം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. തീരെ നിസാരമെന്ന് കരുതിയ പല സംഭവങ്ങളും ഇഴകീറി പരിശോധിക്കമ്ബോള്‍ അന്വേഷണ സംഘത്തിന് പുതിയ സംശങ്ങള്‍ ഉടലെടുക്കുകയാണ്.

ജോളി 2011ല്‍ കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവ് റോയിയുടെ മൊബൈല്‍ നമ്ബര്‍ സുഹൃത്തായ ജോണ്‍സണ്‍ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായാണ് പറയുന്നത്. ജോളി ഉപയോഗിച്ചുവെന്ന് പറയുന്നതാകട്ടെ ജോണ്‍സന്റെ നമ്പരും.

ബി.എസ്.എന്‍.എല്ലിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ജോണ്‍സണ്‍ റോയിയുടെ നമ്പര്‍  തന്റെ പേരിലേക്ക് മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.

ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ 2016ല്‍ കൊല്ലപ്പെട്ട സിലിയുടെ നമ്ബര്‍ ഷാജുവിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായും പറയുന്നു.

ഇപ്പോള്‍ എവിടെനിന്നും ആര്‍ക്കും വേണ്ടുന്ന രേഖകളുമായി ചെന്നാല്‍ ഏത് കമ്ബനിയുടെയും സിം കാര്‍ഡുകള്‍ കിട്ടുമെന്നിരിക്കെ ഇവരെന്തിനാണ് മരണപ്പെട്ടവരുടെ ഫോണ്‍ നമ്പരുകള്‍  തുടര്‍ന്നും മറ്റൊരു പേരിലേക്ക് മാറ്റി ഉപയോഗിച്ചതെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്ന സംശയം.

ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന ജോണ്‍സണിന് കൊലപാതകത്തെ കുറിച്ച്‌ എന്തെങ്കിലും അറിവുണ്ടായിരന്നോ എന്ന കാര്യം അന്വേഷണസംഘത്തിന് ഇതുവരെ ബോധ്യമായിട്ടില്ല. എന്നാല്‍ ഈ നമ്ബരുകള്‍ അദ്ദേഹത്തിന്റെ അറിവോടെയാണ് മാറ്റിയിരിക്കുന്നതെങ്കില്‍ സംശയം വര്‍ദ്ധിക്കുകയാണ്.

ഇതിന് പിന്നിലെ നിഗൂഢതകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസില്‍ അത് നിര്‍ണായകമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍  മാറി ഉപയോഗിക്കുന്നത് ഗൗരവമായി എടുത്തിരുന്നില്ലെന്നാണ് പറയുന്നത്.

ജോളിയെ വീണ്ടും കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച്‌ ചോദിച്ചറിയും. വേണമെങ്കില്‍ ജോണ്‍സണെ വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്. മാത്രമല്ല, മൊബൈല്‍ നമ്ബര്‍ സംബന്ധിച്ച അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സേവനവും തേടിയേക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം