Categories
crime

ഗംഗയുടെ ഭൂതകാലത്തിലേക്ക് ഡോ സണ്ണി നടത്തിയ യാത്രപോലെ … ജോളിയുടെ ഭൂതകാലത്തെക്കുറിച്ച് സഹപാഠികള്‍…

വടകര: ജോളി എന്ന പേര് ക്രൂരതയുടെ മറ്റൊരു പേരായി മാറിയിരിക്കുകയാണ്. രണ്ട് വയസ്സ് മാത്രം പ്രായമുളള കുഞ്ഞിനെ അടക്കം ആറ് പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പെണ്‍ കൊലയാളി. കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതിചേര്‍ക്കപ്പെട്ട് ജോളി ജോസഫ് അറസ്റ്റിലായത് നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കുമടക്കം ഇതുവരെ വിശ്വാസം വന്നിട്ടില്ല.

ജോളിയെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുളളൂ. എല്ലാവരോടും നല്ല രീതിയില്‍ മാത്രം പെരുമാറിയിരുന്ന ‘എന്‍ഐടി പ്രൊഫസര്‍’ ആയിരുന്നു ജോളി. കോളേജിലടക്കം ജോളിക്കൊപ്പമുണ്ടായിരുന്നു സഹപാഠികള്‍ അവരുടെ പൂര്‍വകാലം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസ് 18 കേരളയാണ് സഹപാഠികളുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടിരുന്നത്.

കുട്ടിക്കാലത്തെ ജോളി

ജോളിയുടെ മുന്‍കാല ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമടക്കം അന്വേഷിക്കാന്‍ പോലീസ് സംഘം കട്ടപ്പനയിലുമെത്തിയിരുന്നു. ജോളിയുടെ ബന്ധുക്കളെ അടക്കം പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. ജോളിക്ക് ക്രൂരതയുടെ മറ്റൊരു മുഖമുണ്ടെന്ന് ആരും ഒരുകാലത്തും തിരിച്ചറിഞ്ഞിരുന്നില്ല. കുട്ടിക്കാലത്തും ജോളി കുഴപ്പക്കാരിയായിരുന്നില്ല എന്നാണ് അയല്‍വാസികള്‍ അടക്കമുളളവര്‍ പറയുന്നത്.

കമ്മൽ മോഷണം

നെടുങ്കണ്ടം എംഇഎസ് കോളേജിലായിരുന്നു ജോളിയുടെ പ്രീഡിഗ്രി കാലം. അക്കാലത്ത് ഒരു കമ്മല്‍ മോഷണത്തില്‍ ജോളി കുടുങ്ങിയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. കോളേജ് ഹോസ്റ്റലില്‍ വെച്ചാണ് ജോളിയുടെ സഹപാഠിയായ പെണ്‍കുട്ടിയുടെ കമ്മല്‍ മോഷണം പോയത്. അന്വേഷണത്തില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടുകയുമുണ്ടായി. ഇതോടെ ജോളിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.

കോളേജിൽ നിന്ന് മാറ്റം

തുടര്‍ന്ന് ജോളി വീട്ടില്‍ നിന്ന് കോളേജിലേക്ക് വന്നും പോയുമിരുന്നു. അതേസമയം കമ്മല്‍ മോഷണ കഥ നാട്ടില്‍ പാട്ടായി മാറിയിരുന്നു. ഇതോടെ ബന്ധുക്കള്‍ ജോളിയെ എംഇഎസ് കോളേജില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി. ബികോമിന് പാലായിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജിലാണ് ജോളിയെ ചേര്‍ത്തത്. എന്നാല്‍ റെഗുലര്‍ കോളേജായ അല്‍ഫോണ്‍സ കോളേജിലാണ് പഠിക്കുന്നത് എന്നാണ് ജോളി പറഞ്ഞിരുന്നത്.

പഠനം രണ്ട് വർഷം മാത്രം

1992 മുതല്‍ 95 വരെ മാത്രമായിരുന്നു ജോളിയുടെ ഡിഗ്രി പഠനം. കോളേജില്‍ രണ്ടോ മൂന്നോ പ്രണയങ്ങള്‍ ജോളിക്കുണ്ടായിരുന്നുവെന്ന് സഹപാഠി പറയുന്നു. ക്ലാസ്സിലെ ഏറ്റവും പിറകിലുളള ബെഞ്ചിലാണ് ജോളി ഇരിക്കാറുളളത്. ക്ലാസില്‍ പലപ്പോഴും ജോളി നിശബ്ദയായിരുന്നു. ക്ലാസ് ആരംഭിക്കുന്ന സമയം ഒന്‍പതര ആണെങ്കിലും ജോളി നേരത്തെ എത്തും.

മിക്ക സമയത്തും കറക്കം

എന്നാല്‍ ജോളി ക്ലാസ്സില്‍ കയറിയിരുന്നത് വല്ലപ്പോഴും മാത്രമായിരുന്നുവെന്ന് സഹപാഠി ഓര്‍ത്തെടുക്കുന്നു. മിക്ക സമയവും സിനിമ കാണലും മറ്റുമായി ജോളി കറക്കത്തിലായിരിക്കും. വീട്ടുകാര്‍ അറിയാതെ ദിവസങ്ങളോളം ജോളി കറങ്ങാന്‍ പോകാറുണ്ട്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരിലാണ് ബിരുദ പഠനം ജോളിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത് എന്നും സഹപാഠി പറയുന്നു.

സുഹൃത്ത് മുംബൈയിൽ

ജോളിയുടെ കോളേജ് കാലത്ത് ഉറ്റ സുഹൃത്ത് ഇന്ന് മുംബൈയില്‍ താമസിക്കുന്ന പാല സ്വദേശിനിയാണ്. ഇവര്‍ മുംബൈയില്‍ സ്ഥിരതാമസക്കാരിയാണ്. ഇവരുമായി ജോളി അടുപ്പം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം വരെ ഇവരോട് ജോളി ഫോണില്‍ ബന്ധപ്പെടുകയും വാട്‌സ്ആപ്പില്‍ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. എന്‍ഐടി ലക്ചര്‍ ആണെന്നാണ് ഇവരോടും ജോളി പറഞ്ഞിരുന്നത്.

ദുരൂഹ സുഹൃത്ത് ബന്ധം

കോളേജില്‍ പഠിക്കുന്ന കാലത്ത് ജോളി പറഞ്ഞിരുന്നത് പലതും കളളമാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ഇവര്‍ പറയുന്നു. ജോളിയുടെ മറ്റൊരു കൂട്ടുകാരിയെ അടുത്തിടെ ജോലി തട്ടിപ്പ് കേസില്‍ പിടികൂടിയിരുന്നു. ഇവരുടെ ഭര്‍ത്താവ് ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. ആത്മഹത്യയാണ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോളിയും ഈ യുവതിയും തമ്മിലുളള ബന്ധം നോക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നുവെന്നും മുംബൈയിലെ സുഹൃത്ത് പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP