പുഞ്ചിരിയില്‍ ജോളി ഒളിച്ചുവെച്ച കൊലവെറി…ഈ ചിത്രങ്ങള്‍ കാട്ടുന്ന ജോളി ശരിക്കുമൊരു സൈക്കോയാണോ

ഷഫീക്ക് സിഎം

Loading...

സൈക്കോ…മലയാളികള്‍ പൊതുവേ ന്യൂജെന്‍ പിള്ളേര്‍ അടുത്ത കാലത്തായി ഉപയോഗിക്കുന്ന വാക്കാണിത്…സാമാന്യ യുക്തിക്ക് ബോധ്യമാകാത്ത അല്ലെങ്കില്‍ അല്‍പം വട്ട് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്ന സ്വന്തം കൂട്ടുകാരെ പോലും ഇന്നത്തെ പിള്ളേര്‍ വിളിക്കും അവന്‍ സൈക്കോ ആണെന്ന്…എന്നാല്‍ ഇന്ന് കേരളം ശരിക്കുമൊരു സൈക്കോയെ നേരില്‍കണ്ട മട്ടാണ്…കേരളം ഞെട്ടിത്തരിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. ടീവിയിലും പത്ര മാധ്യമങ്ങളിലും മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ തരംഗം ജോളിയാണ്. വാട്‌സാപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളും ട്രോളുകളുമെല്ലാം ജോളിയെക്കുറിച്ച് മാത്രം…

ജോളി ഒരു സൈക്കോ ആണെന്ന് ലേഖകന്‍ പറയുന്നില്ല…എന്നാല്‍ ഒരു സൈക്കോപാത്ത് ആയ ഒരാള്‍ ചെയ്യുന്ന കാര്യങ്ങളാണ് കഴിഞ്ഞ 16 വര്‍ഷങ്ങളായി ജോളി ചെയ്തതെന്നതാണ് ഞെട്ടിക്കുന്ന കാര്യം. രാക്ഷസന്‍ സിനിമയിലെ ക്രിസ്റ്റഫര്‍, ഡാര്‍ക്ക് നൈറ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ജോക്കര്‍, ഇമൈക്ക മോടികളിലെ എസിപി മാര്‍ട്ടിന്‍ എന്തിന് മലയാളിത്തില്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി…അങ്ങനെ വിവിധ ഭാഷകളിലെ സൈക്കോപാത്ത് വില്ലന്‍മാരുമായാണ് ജോളിയെ താരതമ്യം ചെയ്യുന്നത്…

കൊലപാതകങ്ങളിങ്ങനെ

പതിനേഴ് വര്‍ഷങ്ങള്‍…ആറ് കൊലപാതകങ്ങള്‍, അതും സ്വന്തം കുടുംബാംഗങ്ങള്‍…ഇതാണ് കൂടത്തായിയിലെ ജോളി…ആരുമറിയാത്തെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊല്ലുന്ന ഒരു സൈലന്റ് കൊലയാളി…ആദ്യം കൊന്നത് സ്വന്തം ഭര്‍ത്താവായ റോയ് തോമസിന്റെ മാതാവ് അന്നമ്മ തോമസിനെ 2002ല്‍. ആട്ടിന്‍ സൂപ്പില്‍ സയനൈഡ് നല്‍കിയാണ് കൊന്നത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കേസ് ക്ലോസ് ചെയ്തു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. അതോടെ വീട്ടിലെ ഭരണം കൈയ്യില്‍ വന്നു. പിന്നീട് 2006ല്‍ അന്നമ്മ തോമസിന്റെ ഭര്‍ത്താവ് അതായത് ജോളിയുടെ ഭര്‍ത്താവായ റോയ് തോമസിന്റെ പിതാവ് 2008 സെപ്തംബര്‍ 22ന് ടോം തോമസും സമാനമായ രീതിയില്‍ മരണപ്പെടുന്നു.

പിന്നീട് 2011 ഒക്ടോബര്‍ 30ന് ജോളിയുടെ ഭര്‍ത്താവായ റോയ് തോമസിന്റെ മരണം…ഭക്ഷണം കഴിച്ച് കുളിമുറിയില്‍ പോയി ബാത്ത് റൂമില്‍ ഛര്‍ദ്ദിച്ച് മരണപ്പെടുന്നു. അതൊരു ആത്മഹത്യയായി മാറ്റപ്പെടുന്നു. ധാരാളം സാമ്പത്തിക ബാധ്യതയുള്ള റോയ് ആത്മഹത്യ ചെയ്തതായി നാട്ടുകാരടക്കം വിശ്വസിച്ചു. എന്നാല്‍ റോയ് തോമസിന്റെ അമ്മയായ അന്നമ്മ തോമസിന്റെ സഹോദരന് എം.എം മാത്യൂവിന് ചെറിയ സംശയങ്ങള്‍ ഉടലെടുക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു. അതോടെ ജോളിയിലെ സൈലന്റ് കില്ലര്‍ പരുങ്ങാന്‍ തുടങ്ങി…എന്നാല്‍ 2014ല്‍ മാത്യൂവും മരണത്തിന് കീഴടങ്ങുന്നു. 12 വര്‍ഷങ്ങളിലായി നാല് മരണങ്ങള്‍…പൊന്നാമറ്റം തറവാട്ടിലെ അംഗസംഖ്യകള്‍ കുറയുന്നതോടെ ജോളിയുടെ മനസ് ആനന്ദമാകുന്നു.

പിന്നീടുള്ള രണ്ട് കൊലപാതകങ്ങളാണ് കൂടുതല്‍ ദുരൂഹവും വേദനാജനകവുമാകുന്നത്. 2014 മെയ് മൂന്നിന് ടോം തോമസിന്‍രെ അനിയന്‍ സക്കറിയയുടെ മകന്‍ ഷാജു സക്കറിയയുടെ മകളായ രണ്ട് വയസുകാരിയായ ആല്‍ഫൈന്റെ മരണം ശരിക്കും ഞെട്ടിക്കുന്നതാണ്. ഇതോടെ ഷാജുവിന്‍രെ ഭാര്യ സിലിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനിടയില്‍ സിലിയുടെ അടുത്ത സുഹൃത്തായി ജോളി മാറുന്നു. എന്നാല്‍ ജോളിയുടെ അടുത്ത ഇരയായിരുന്നു സിലി…അതിനായി സിലിയുടെ ഭര്‍ത്താവ് ഷാജുവുമായും സിലി അടുക്കുന്നു. ഒടുവില്‍ 2016 ജനുവരി 11ന് സിലിയും മരണപ്പെടുന്നു. നിലത്ത് കുഴഞ്ഞുവീണ സിലി ജോളിയുടെ മടിയില്‍ വെച്ചാണ് മരണപ്പെടുന്നത്. അതോടെ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം പൂര്‍ത്തായാകുന്നു. എന്നാല്‍ സിലിയുടെ മരണത്തിലെ ദുരൂഹത മനസിലാക്കിയാണ് റോയിയുടെ സഹോദരി രഞ്ജു അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. പിന്നീട് കേരളം കേട്ടതുംം അറിഞ്ഞതും മനസാക്ഷിക്ക് പോലും അംഗീകരിക്കാനാവാത്ത കൊലപാതക പരമ്പര


ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും സിലിയുടെ ഭര്‍ത്താവുമായിരുന്ന ഷാജു സക്കറിയ

എല്ലാ കൊലപാതകത്തിനും ഉപയോഗിച്ചത് സയനൈഡ് ആണെന്നും ഓരോ കൊലപാതകത്തിന് പിന്നിലും വ്യത്യസ്ത കാരണങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അതിനിടയില്‍ കൂടുതല്‍ കൊലപാതക ആരോപണങ്ങള്‍…ഷാജുവും ജോളിയും തമ്മിലുള്ള ബന്ധം…ഇനിയും ചുരുളഴിയാത്ത നിഗൂഢതകള്‍ നിറഞ്ഞ മറുപടി ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങള്‍…അതെല്ലാം വരും ദിവസങ്ങളില്‍ പുറത്തു വരാതിരിക്കില്ല…അതിനായി മലയാളികള്‍ മാത്രമല്ല ലോകത്തുള്ള പലരും കാത്തിരിക്കുന്നു. കാരണം ജോളിയുടെ ഈ കൊലപാതക പരമ്പര ലോകമാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരിക്കുന്നു.


മരിച്ച റോയ് തോമസിന്റെ സഹോദരി രഞ്ചിയും റോയ് തോമസിന്റെയും ജോളിയുടെയും മകന്‍ റെമോയും

ശരിക്കും ജോളി ആരാണ്…എന്താണ്…എന്തിന് വേണ്ടിയാണ് ഇത്രയും കൊലപാതകങ്ങള്‍ ചെയ്തത്. പണത്തിനോ? സ്വത്തിനോ?, വീട്ടിലെ അധികാരത്തിനോ….എങ്ങനെയാണ് ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരു സ്ത്രീക്ക് ഇത്രയും പേരെ കൊല്ലാന്‍ സാധിക്കുന്നത്. സ്വന്തം കൈ കൊണ്ട് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തുന്നു. ഭക്ഷണം കൊടുക്കുന്നു. കണ്‍മുന്നില്‍ പിടഞ്ഞ് മരിക്കുമ്പോള്‍ നാട്ടുകാരെ വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നു. മരിച്ചതിന് ശേഷം കുടുംബാംഗങ്ങളുടെ കൂടെ സങ്കടത്തില്‍ കൂട്ടുചേരുന്നു…കരയുന്നു…എങ്ങനെയാണ് ഇതിനൊക്കെ മനസ് സമ്മതിക്കുന്നത്. താന്‍ സ്വയം കൊന്ന ഒരാളുടെ മൃതദേഹത്തിനിരകില്‍ നിന്ന് കരയുക…ഇതെങ്ങനെ സാധിക്കും…അതെല്ലാം കഴിഞ്ഞ പഴയ ജോളിയാവുന്നു..ശരിക്കുമോരു ഡ്യൂവല്‍ പേഴ്‌സണാലിറ്റിയുള്ള വ്യക്തിത്വമായി ജോളി മാറുന്നതെങ്ങനെ…ശരിക്കും ഇവരൊരു മാനസിക രോഗിയാണോ…

അന്വേഷിക്കേണ്ടിയിരിക്കുന്നു, ഇനിയും ആഴത്തില്‍…നാട്ടുകാരുടെ മുന്നില്‍ എന്‍ ഐടിയിലെ ലക്ചറര്‍ ആണെന്ന് പറഞ്ഞ് എന്നും രാവിലെ ജോലിക്ക് പോകുന്ന ജോളി എവിടെ പോകുന്നു. സര്‍വത്ര ദുരൂഹത…നാട്ടുകാര്‍ക്ക് അറിയാവുന്ന ജോളി സൗമ്യമനസുള്ളവളാണ്… ഇവിടെയാണ് ജോളിയൊരു സൈക്കോപാത്ത് ആണോ എന്ന സംശയമുയരുന്നത്. ഏതായാലും കാത്തിരിക്കാം ഈ ദുരൂഹതകളുടെ ചുരുളുകളഴിയുന്നത് വരെ…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം