കൊല്ലം ….പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചയുടെ വിസ്മയലോകം

Loading...

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലിനെ അന്വർത്ഥമാക്കികൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചയുടെ വിസ്മയലോകം. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്ന കൊല്ലം സഞ്ചാരികളുടെ സ്വപ്നഭൂമി എന്നു പറയാം.

അഷ്ടമുടിക്കായലിന്റെ തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഈ നഗരം സഞ്ചാരികള്‍ക്കായി നിരവധി കാഴ്‌ചകളാണ് ഒരുക്കിയിരിക്കുന്നത്. കയറിന്റെയും കശുവണ്ടിയുടെയും നഗരം. കശുവണ്ടി വ്യവസായത്തിന്റെ തലസ്ഥാനമെന്ന വിശേഷണവും കൊല്ലത്തിനു സ്വന്തമാണ്.

ഏതു സമയത്ത് എത്തിയാലും കാഴ്ചകൾ ആസ്വദിക്കാം. സായാഹ്ന കാഴ്ചകൾക്ക് പകിട്ടേകുവാൻ കൊല്ലം ബീച്ച്‌, തങ്കശ്ശേരി ബീച്ച്‌, തിരുമുല്ലവാരം ബീച്ച്‌ എന്നിവയും അഷ്ടമുടിക്കായല്‍, മണ്‍റോതുരുത്ത്‌, നീണ്ടകര തുറമുഖം, ആലുംകടവ്‌ ബോട്ട്‌ ബില്‍ഡിംഗ്‌ യാര്‍ഡ്‌, ശാസ്‌താംകോട്ട കായല്‍ തുടങ്ങിയ ഓളപ്പരപ്പിന്റെ മനോഹാരിതയും തൊട്ടറിയാം.

കൊല്ലം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നഗരം കൂടിയാണ്‌. നഗരത്തിലെ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാൻ വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി വരെ നടക്കുന്ന കരകൗശലമേള ഇത്തരത്തില്‍ ഒന്നാണ്‌.കൊതിയൂറും വിഭവങ്ങളുടെ രുചികൂട്ടിനും ഒട്ടും പിന്നില്ല കെല്ലം. കടല്‍വിഭവങ്ങള്‍ക്ക്‌ പ്രസിദ്ധമാണിവിടം. കാഴ്ചകൾ മനം നിറക്കാന്‍ എത്തുന്ന സഞ്ചാരികൾക്ക്  തനി കേരളീയ രുചിയും ആസ്വദിക്കാം. നാടൻ രുചികൂട്ടിൽ തയാറാക്കുന്ന മീന്‍, ഞണ്ട്‌, കൊഞ്ച്‌, കണവ എന്നിവയുടെ സ്വാദും നുണയാം. കാഴ്ചകളിലേക്ക് കടക്കാം.

കൊല്ലം ബീച്ച്

ആർത്തലയ്ക്കുന്ന തിരമാലകളുടെ ഹുങ്കാര നാദം പ്രതിധ്വനിക്കുന്ന കടല്‍ത്തീരം. നഗരത്തിന്റ ഹൃദയഭാഗത്തു നിന്നു രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ മനോഹരമായ ബീച്ച്. കൊല്ലത്തെ ഏറ്റവും പ്രസിദ്ധമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. സായാഹ്നങ്ങളില്‍ ബീച്ചില്‍ തിരക്കൊഴിയില്ല. അവധിദിവസങ്ങളില്‍ കുട്ടികളുമായെത്തുന്ന കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘവുമെല്ലാം ബീച്ചിലെ വര്‍ണക്കാഴ്ചകളാണ്. ബലൂണുകളും പട്ടം പറത്തലുമെല്ലാം കുട്ടികള്‍ക്ക്. വറുത്ത കപ്പലണ്ടിയും കൊറിച്ച് സൊറ പറഞ്ഞിരിക്കുന്നതിന്റെ സുഖം മുതിര്‍ന്നവര്‍ക്കും ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു.

കുളിരണിയും പാലരുവി

സഹ്യപർ‌വ്വതനിരകളിലെ മലനിരകളിൽ നിന്നും മുന്നൂറടി ഉയരത്തിൽ നിന്നും പതഞ്ഞ് ഒഴുകുന്ന പാലരുവി. കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് നിലകൊള്ളുന്നു. ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണ് പാലരുവി. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടെന്നും പഴമക്കാർ അവകാശപ്പെടുന്നു. മഞ്ഞുപുതച്ച നീലമലകളും പച്ചവിരിച്ച താഴ്‌വരകളും വെള്ളച്ചാട്ടത്തിന് പശ്ചാത്തലമൊരുകുന്നു. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂര്‍വ വനങ്ങളും ചേര്‍ന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റര്‍ അകലെയാണ്.

 

അഷ്ടമുടിക്കായല്‍

കൊല്ലത്തിന്റെ ഏറ്റവും വലിയ ആകർഷണം അഷ്ടമു‌ടിക്കായൽ ആണ്. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. നീണ്ടുപരന്നുകിടക്കുന്ന ജലത്തിന്റ നീലഭംഗി ആസ്വദിക്കാൻ നിരവധിപേരാണ് എത്തുന്നത്. ഒാളപരപ്പിനെ തല്ലികെടുത്തികൊണ്ട് കായൽ ഭംഗി ആസ്വ‌ദിച്ചുകൊണ്ടുള്ള ഹൗസ്‌‌ബോട്ട് യാത്ര. പ്രകൃതി സൗന്ദര്യം അടുത്തു കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയാറാക്കിയിട്ടുണ്ട്‌.

ശാസ്താം കോട്ട കായൽ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. പ്രകൃതി രമണീയ കാഴ്ചകൾ നിറച്ച് കായൽ പരപ്പിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരികളുടെയും മനം കുളിർപ്പിക്കും.

മൺറോ തുരുത്ത്

അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ച തുരുത്താണ് മൺറോ തുരുത്ത്. ചെറു മണ്‍തുരുത്തുകളുടെ കൂട്ടമാണ് മണ്‍റോതുരുത്ത്. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയ തുരുത്ത് കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നു. ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാറിൽ ഒഴുകിയെത്തി അടിയുന്ന ചെളിയും മണ്ണും എക്കലും ചേര്‍ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട എട്ടു തുരുത്തുകൾ ചേർന്നതായിരുന്നു മൺറോതുരുത്ത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന  തെങ്ങിൻ തലപ്പുകളും, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകളും, തുഴഞ്ഞു നീങ്ങുന്ന കൊച്ചു വള്ളങ്ങളും, ഇരപിടിക്കുനെത്തുന്ന  നീർകാക്കകളും, അപൂർവയിനം പക്ഷിക്കൂട്ടങ്ങൾ  ഗ്രാമക്കാഴ്ചകൾ നിറഞ്ഞ മൺറോ തുരുത്ത്. സഞ്ചാരികള്‍ക്ക് ഇഷ്ടകേന്ദ്രം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം