കെവിന്‍റെ പ്രണയം ഇനി ബിഗ്‌ സ്ക്രീനിലേക്ക്

Loading...

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യാ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്‍റെ കഥ ബിഗ്‌ സ്ക്രീനിലേക്ക്!

ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിംഗ് കോട്ടയം പ്രസ് ക്ലബില്‍ നടന്‍ അശോകന്‍ നിര്‍വഹിച്ചു. ‘ഒരു ദുരഭിമാനക്കൊല’ എന്ന ടൈറ്റിലില്‍ തയാറാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജോ മാത്യുവാണ്.

അടുത്ത മാസം ആദ്യം ചിത്രത്തിന്‍റെ പൂജ നടത്തി ജൂലൈ 15 മുതല്‍ ചിത്രീകരണ൦ ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ഇന്‍സ്‌പെയര്‍ സിനിമ കമ്ബനിയുടെ ബാനറില്‍ രാജന്‍ പറമ്ബില്‍, മാജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്ര൦ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ താരം അശോകന്‍ സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘ഒരു ദുരഭിമാനക്കൊല’ക്കുണ്ട്.

രാജേഷ് കളത്തിപ്പടിയാണ് ഛായാഗ്രഹണം. ഉഷ മേനോന്‍,സുമേഷ് കുട്ടിക്കല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന് വരികളെഴുതുന്നത്. യേശുദാസ്,യുവഗായകന്‍ മനോജ് തിരുമംഗലം എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ഇന്ദ്രന്‍സ്, അംബികാ മോഹന്‍, സബിത, നന്ദു, വിവേക്, നിവേദിത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2018 മെയ്‌ 26നാണ് നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ ഭാര്യ നീനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്, മെയ്‌ 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.

കേസിലെ പ്രതികളായ ഷാനുവിന്‍റെയും ചാക്കോയുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് നീനു കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.

ഇതറിഞ്ഞ ഷാനുവും ചാക്കോയും ഗുണ്ടകളെയയച്ച്‌ കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടികൊണ്ട് പോകുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അനീഷിനെ വെറുതെ വിട്ട പ്രതികള്‍ കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിന്‍റെയും നീനുവിന്‍റെയും രജിസ്റ്റര്‍ വിവാഹത്തിന് പിറ്റേന്നായിരുന്നു സംഭവം. തുടര്‍ന്ന്, ഷാനുവും ചാക്കോയും ഉള്‍പ്പടെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Loading...