പ്രളയക്കെടുതി;നഷ്ടപരിഹാര പരിധിയില്‍ നിന്ന് തൃശൂരിലെ 4444 വീടുകളെ ഒഴിവാക്കി

Loading...

തൃശൂര്‍: ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതില്‍ നടത്തിയ സര്‍വ്വെയെ തുടര്‍ന്ന് 4,444 വീടുകളെ പ്രളയ നഷ്ടപരിഹാര പരിധിയില്‍ നിന്നും ഒഴിവാക്കി. 28,799 വീടുകളിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതില്‍ 28,259 വീടുകള്‍ വിശദമായി പരിശോധിച്ച് 23,503 വീടുകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിലയിരുത്തി.

പ്രളയം ഏറെ ബാധിച്ച ചാലക്കുടി നഗരസഭയില്‍ 1,914 വീടുകളിലാണ് ഇതുവരെ സര്‍വ്വേ നടന്നത്. 1,816 വീടുകള്‍ പരിശോധിച്ചതില്‍ 1,652 വീടുകളുടെ നഷ്ടം രേഖപ്പെടുത്തി. 26 വീടുകളെ ഒഴിവാക്കി. ചാവക്കാട് 273 വീടുകളില്‍ നടത്തിയ സര്‍വ്വേയില്‍ 201 വീടുകള്‍ക്ക് നാശനഷ്ടം ഉള്ളതായി വിലയിരുത്തി. കൊടുങ്ങല്ലൂരില്‍ 1,133 വീടുകളിലാണ് സര്‍വ്വേ നടന്നത്. ഇതില്‍ 1,061 വീടുകള്‍ പരിശോധിച്ച് 842 വീടുകളെ നഷ്ടപരിധിയില്‍പെടുത്തി.

ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍പെട്ട വീടുകളിലാണ് സര്‍വ്വേ നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേ ഏതാനും ദിവസം കൂടി തുടരും.

ഗുരുവായൂരില്‍ 238 വീടുകളില്‍ സര്‍വ്വേ നടന്നു. 203 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇരിങ്ങാലക്കുടയില്‍ 288 വീടുകളിലാണ് സര്‍വ്വേ നടന്നത്. ഇവിടെ 258 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. വടക്കാഞ്ചേരിയില്‍ 142 വീടുകളിലാണ് സര്‍വ്വേ നടന്നത്. 124 വീടുകളില്‍ നാശനഷ്ടങ്ങളുണ്ടായതായി കണ്ടെത്തി. കുന്നംകുളം നഗരസഭയില്‍ 41 വീടുകളില്‍ മാത്രമാണ് സര്‍വ്വേ നടന്നത്. ഇതില്‍ 40 വീടുകളും നാശനഷ്ട പരിധിയിലാണ്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ 512 വീടുകളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 415 എണ്ണത്തിന് നാശനഷ്ടങ്ങളുണ്ടായതായി കണ്ടെത്തി. 97 വീടുകളെ നഷ്ടപരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രളയം ഏറെ ബാധിച്ച അന്നമനടയില്‍ 1,170 വീടുകളില്‍ സര്‍വ്വേ നടത്തിയപ്പോള്‍ 1,072 വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. ചാഴൂരില്‍ 1,110 വീടുകളിലാണ് സര്‍വ്വേ നടന്നത്. 917 വീടുകള്‍ പ്രളയനഷ്ട കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍വ്വേയില്‍ ഉള്‍പ്പെട്ട 1,072 വീടുകളില്‍ 1,055 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വിലയിരുത്തി. എടത്തിരുത്തിയില്‍ 710 വീടുകളിലെ സര്‍വ്വേ പ്രകാരം 607 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. കാടുകുറ്റിയില്‍ 841 വീടുകളില്‍ 695 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി വിലയിരുത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 609 വീടുകളില്‍ നടന്ന സര്‍വ്വേയില്‍ 546 വീടുകള്‍ക്ക് നാശനഷ്ടം കണക്കാക്കി. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വ്വേ നടക്കുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Loading...