‘കേരളം മാതൃകാ സംസ്ഥാനം’ : രാഹുലിന്‍റെ ആഹ്വാനം ഇടതുപക്ഷത്തിന് വോട്ടു ചെയ്യാനെന്ന് യെച്ചൂരി

Loading...

കേരളത്തെ മാതൃകാ സംസ്ഥാനമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതിനെ ഇടതു മുന്നണിക്കു വോട്ടു ചെയ്യാനുള്ള ആഹ്വാനമായി കാണണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളത്തെ മാതൃകാ സംസ്ഥാനമായി മാറ്റിയത് ആരാണെന്നു കൂടി രാഹുല്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്തിനാണെന്നും കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ആരാണെന്നതും കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഒരുകാലത്ത് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ കേരളമാക്കി വളര്‍ത്തിയതില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയത്. അത് നിലനിര്‍ത്തേണ്ട ഉത്തരവാദിത്തമാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം ഏറ്റെടുത്തിട്ടുള്ളതെന്നും യെച്ചൂരി പറഞ്ഞു.

Loading...