തിരുവനന്തപുരം : തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന് കെല്‍വിന്‍ വില്‍സ് അറസ്റ്റില്‍. പ്രതിയുടെ ബന്ധുക്കള്‍ പൂന്തുറ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പ്രതിയുമായി പോയ പൊലീസ് വാഹനം തടഞ്ഞു.

വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു.
കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു.
മൂന്ന് പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നീ പ്രതികൾ എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതിനിടെ പൊലീസ് ജീപ്പ് ഇവരെ തടഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് ജീപ്പിൽ കൊണ്ടിടിച്ചു. കാറുമായി വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.
News from our Regional Network
English summary: Kelvin Wills arrested for attacking police in the capital.