Categories
headlines

കീഴാറ്റൂരിൽ ഇനിയും സമരമുണ്ടാവും; പി ജയരാജൻ അവഹേളിച്ചു; തലോടലല്ല തീരുമാനമാണ് വേണ്ടത്; ബിജെപിയുടെ ബലിയാടാകില്ല ; മനസ്സ് തുറന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ

ഞങ്ങൾ ഉയർത്തിയ സമരം കീഴാറ്റൂർ വയലിന്റേത് മാത്രമായി ചുരുക്കി കാണാൻ പാടില്ല.  പ്രതികരിക്കാൻ മനസ്സുള്ള ഒരു ജനത ഇവിടെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അത് ഭരണകൂടത്തിനും അറിയാം.ഈ സമരം കീഴാറ്റൂരിൽ ഒതുങ്ങുന്നതല്ല

Spread the love
കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സമരമാണ് നടന്നത്. വയൽക്കിളികൾ നടത്തിയ സമരത്തിന് വലിയ തോതിൽ ജനകീയ പിന്തുണയും ലഭിച്ചു. പിന്നീട് വയൽക്കിളി സമരത്തിന് എന്ത് സംഭവിച്ചു ? കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താണ് ? സമരത്തിന് ഇനിയും പ്രസക്തിയുണ്ടോ ? വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂർ ട്രൂവിഷൻ ന്യൂസിനോട് മനസ്സ്  തുറക്കുന്നു.
ഷിജിത്ത് വായന്നൂർ :-  കീഴാറ്റൂർ ബൈപാസിനെതിരായ വയൽക്കിളികളുടെ സമരം വലിയ നിലയിൽ ശക്തി പ്രാപിക്കുകയും കേരളത്തിന്റെയാകെ ശ്രദ്ധ നേടുകയും ചെയ്തതാണ്.ഇപ്പോൾ വയൽക്കിളികളുടെ അവസ്ഥ എന്താണ്?സുരേഷ് കീഴാറ്റൂർ :-   കേരളത്തിനകത്ത് ആരായാലും ഞങ്ങളായാലും എത്ര വലിയ പ്രസ്ഥാനമായാലും ഒരു മൂവ്മെന്റ് തുടങ്ങിയാൽ അതിന്റെ ഉയർച്ചയും താഴ്ചയും ഒക്കെയുണ്ടാവും. വയൽക്കിളി സമരം കൃഷിഭൂമിയുടെ ഉപയോഗം നെൽകൃഷി ജലത്തിന്റെ ആവശ്യകത ഒക്കെ ഉയർത്തിപ്പിടിച്ചു കേരളം ഏറ്റെടുത്ത സമരമാണ്. ഭരണകൂടം എല്ലാതലങ്ങളിലും അതിനെ നേരിടുകയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പക്ഷെ തീരുമാനങ്ങൾ ഇപ്പോഴും നിലവിൽ വന്നില്ല. അത് വരട്ടെ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ തീരുമാനം അറിയിക്കാം.

സംസ്ഥാന സർക്കാരും സി പി എമ്മും പ്രഖ്യാപിച്ചത് മുൻ തീരുമാന പ്രകാരം തന്നെ നടപടി ക്രമങ്ങൾ മുന്നോട്ട് പോകും എന്നാണ്. അതിന്റെ ഭാഗമായി കീഴാറ്റൂരിൽ എന്താണ് നടന്നത് ?

Image result for vayal kilikal

സുരേഷ് :- സർക്കാർ അവരുടേതായ നടപടി ക്രമങ്ങൾ കറക്ട് ആയി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. വയൽഭൂമി ഏറ്റെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ഒപ്പിട്ടുകൊണ്ട് കേന്ദ്രത്തിനു കൊടുത്തിട്ടുണ്ട്.അത് സംബന്ധിച്ച നോട്ടിഫിക്കേഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാരും കൃഷിക്കാരും തമ്മിലുള്ള ഒരു നടപടി പൂർത്തിയാകും.സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അവരുടെ നീക്കങ്ങൾ നടത്തി കഴിഞ്ഞു.

Image result for vayal kilikal

സി പി എം പറയുന്നത് വയൽക്കിളികളുടെ സമരം പരാജയപ്പെട്ടുകഴിഞ്ഞു എന്നാണ്.ചുരുക്കം ആളുകൾ മാത്രമേ കൂടെയുള്ളൂ എന്നും. അവരും സമരത്തിൽ നിന്ന് പിന്മാറി എന്ന് വരെ. ഒരർത്ഥത്തിൽ അത് ശരി തന്നെയല്ലേ ?

സുരേഷ്:- തളിപ്പറമ്പ് പാർട്ടിയുടെ ശക്തി കേന്ദ്രമാണ്. ഈ മുനിസിപ്പാലിറ്റിയിൽ കീഴാറ്റൂർ എന്ന് പൊതുവായി പറയാൻ പറ്റുന്ന നാലു ഗ്രാമങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് ഞങ്ങളുയർത്തിയത്.ഇതിനകത്ത് രണ്ടു കാര്യങ്ങളുണ്ട്.ഒന്ന്,സി പി എം ഉയർത്തുന്ന വാദഗതികൾ പരാജയപ്പെടാൻ സർക്കാർ രേഖകൾ തന്നെ പരിശോധിച്ചാൽ മതി.

Image result for vayal kilikal

അറുപത്തിഎട്ടോളം ആളുകൾ ബൈപാസ് ഇത് വഴി വേണ്ട എന്ന് പറഞ്ഞു കൊടുത്ത രേഖകൾ നിങ്ങൾക്ക് ഹൈവേ വികസനവുമായി ബന്ധപ്പെട്ട ഡപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും.ഫൈനൽ ഹിയറിങ്ങിനു വിളിച്ചപ്പോൾ തന്നെ വയൽ ഭൂമി ഏറ്റെടുക്കാൻ പറ്റില്ല എന്ന് ഇവരെല്ലാം ആവർത്തിച്ചിട്ടുണ്ട്.അത് രേഖകളാണ്.ഇതിനെ നിഷേധിക്കാൻ മന്ത്രി സുധാകരനും തളിപ്പറമ്പ് എം എൽ ആയും നിയമസഭയിൽ വരെ ശ്രമിച്ചിട്ടുണ്ട്.
ഞങ്ങൾ വെല്ലു വിളിക്കുകയാണ്. അവർ പറയുന്ന നാലാളുകൾക്കു പകരം ആറിരട്ടിയിലേറെ ഭൂമിയുടമകൾ ബൈപാസിന് എതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ട്.ഇല്ലേൽ നിങ്ങൾ ( സി പി എം) പറഞ്ഞ പണി ഞങ്ങൾ എടുക്കാം. ഞങ്ങളിപ്പോഴും രേഖകൾ വച്ചിട്ട് മാത്രമാണ് സംസാരിക്കുന്നത്.
ഒരു സമരം ശക്തിപ്പെടുമ്പോൾ നുണക്കൂമ്പാരങ്ങൾ അടിച്ചു വിടുകയാണ്. അത് തത്കാലം വിജയിച്ചെന്നിരിക്കും.പക്ഷെ നാളെ ഒരു ചരിത്ര വിദ്യാർത്ഥിക്ക് കാര്യങ്ങൾ ബോധ്യപ്പെടും.

Image result for suresh keezhattoor

ആദ്യ ഘട്ടത്തിൽ വളരെ സജീവമായ മുന്നേറ്റം സൃഷ്ടിക്കുകയും നിലപാടുകൾ പ്രഖ്യാപിയ്ക്കുകയും ചെയ്ത കൂട്ടായ്മയാണ് വയൽക്കിളികൾ. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങൾ ആയി കിളികൾ ചിത്രത്തിലെ ഇല്ലെന്നു തോന്നുന്നു ?

സുരേഷ്:- ഒരു ലേഖനം എഴുതുന്നത് പോലെയോ ടെലിഫിലിം എടുക്കുന്നത് പോലെയോ അല്ല സമരം എന്ന് പറയുന്നത്. അതിനു അതിന്റെതായ ഉയർച്ചയും താഴ്ചയും സമനിരപ്പും ഉണ്ട്. ഞങ്ങൾ വലിയൊരു സമരം കെട്ടിപ്പടുത്തവരാണ്. ഭൂമി അളവ് തടസ്സപ്പെടുത്തുക എന്ന നിലയിൽ വരെയുള്ള സമരം. അപ്പോൾ ഞങ്ങളെ അറസ്റ് ചെയ്യുകയും സമര പന്തൽ കത്തിക്കുകയും ഒക്കെ ചെയ്തു. ഞങ്ങളോട് ഭരണകൂടം എടുത്ത നിലപാട് എന്താണ് എന്ന് അതോടെ കേരളത്തിന് വ്യക്തമായി .കേവലം ഉദ്യോഗസ്ഥർ നടത്തേണ്ട ഒരു നടപടി ഒരു പാർട്ടി സംവിധാനത്തെയാകെ നിലയുറപ്പിച്ചു ഞങ്ങളെ നേരിടുന്നതിലേക്ക് എത്തി.

Image result for vayal kilikal

പാർട്ടി സഖാക്കൾ ചെയ്തതും കേരളം കണ്ടതാണ്.ഈയൊരു സമരം ഇവിടെ ഹൈപിച്ചിലാണ് നിൽക്കുന്നത്. പിന്നീട് വരുന്നതെന്താ ? കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പഠനമാണ്. ഏകാംഗ കമ്മീഷനെ വച്ച്. അതിന്റെ വിശദാംശങ്ങൾ ഞങ്ങൾ അന്വേഷിച്ചിട്ടുണ്ട്.
ആ രേഖകൾ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ നിയമ നടപടികൾ ആലോചിക്കുക.
ഞങ്ങൾ ഉയർത്തിയ സമരം കീഴാറ്റൂർ വയലിന്റേത് മാത്രമായി ചുരുക്കി കാണാൻ പാടില്ല.  പ്രതികരിക്കാൻ മനസ്സുള്ള ഒരു ജനത ഇവിടെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അത് ഭരണകൂടത്തിനും അറിയാം.ഈ സമരം കീഴാറ്റൂരിൽ ഒതുങ്ങുന്നതല്ല.
വിവരാവകാശ നിയമ പ്രകാരം രേഖയ്ക്ക് അപേക്ഷിക്കാൻ അമ്പത് രൂപ മതി. എന്നാൽ നെൽവയൽ നികത്തിയാൽ പരാതിപ്പെടണമെങ്കിൽ അയ്യായിരം രൂപ കെട്ടി വെക്കേണ്ട അവസ്ഥയാണ്. ! ഇത് ഇടതുപക്ഷം ചെയ്യേണ്ട കാര്യമാണോ ? ശരിയായ ഇടത് നിലപാട് ഉയർത്തി വയൽക്കിളികൾ സമരം ചെയ്തപ്പോൾ ഇടതുപക്ഷം അതിന്റെ വലതുപക്ഷ സ്വഭാവം കാണിച്ചു. ഇടതിന്റെ വലത് വത്കരണത്തെ തുറന്നു കാട്ടാൻ വയൽക്കിളി സമരം കൊണ്ട് സാധിച്ചു.

സമരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് നിങ്ങൾ കണ്ണൂരിൽ സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജനെ കാണാൻ വന്നത് . നിങ്ങളത് നിഷേധിച്ചിട്ടുമില്ല.അതിനു ശേഷം പി.ജയരാജൻ കീഴാറ്റൂരിൽ വന്നു. വയൽക്കിളികളുടെ വീടുകളിൽ സന്ദർശനം നടത്തി. എന്തായിരുന്നു ഇതിനു പിന്നിൽ ?

സുരേഷ്:-  അല്ല, അങ്ങനെയല്ല, നിങ്ങൾ പറഞ്ഞതിൽ പിശക് ഉണ്ട് .

എന്താണത് ?

സുരേഷ്:-  പി ജയരാജനുമായി ഒരു പ്രസ്ഥാനം എന്ന നിലയിൽ ഞങ്ങൾ പണ്ടുമുതലേ നല്ല ബന്ധത്തിലാണ്.അത് നിൽക്കട്ടെ.പി ജയരാജൻ വയൽക്കിളി സമരത്തിനെതിരെ ആദ്യം മുതലേ ശക്തമായ നിലപട് എടുത്ത ആളാണ്. ഞങ്ങൾക്കെതിരായിട്ട്. വയൽക്കിളി എന്ന് പറയുന്നത് ഒരു സംഘടനയാണ്. അതിനൊരു നിലപാടുണ്ട്.ആത്മാർത്ഥമായ ആ നിലപാടിലാണ് സമരം കെട്ടിപ്പടുത്തത്. അത് പാർട്ടി നയങ്ങൾക്കെതിരെ ആയിരുന്നില്ല.പ്രാദേശിക നേതൃത്വം ഇവിടെ നടപ്പാക്കുന്ന, പാർട്ടി നയത്തെ അട്ടിമറിച്ചുകൊണ്ടുള്ള ഒരു നയത്തിനെതിരായിട്ടായിരുന്നു ഞങ്ങളുടെ സമരം.  പി.ജയരാജൻ ഞങ്ങളെ വലിയ രൂപത്തിൽ അവഹേളിച്ചു. ഞങ്ങളതിനെ ചെറുത്ത് മുന്നോട്ട് പോയിട്ടുമുണ്ട്.പന്തൽ കത്തിക്കൽ ഒക്കെ കഴിഞ്ഞതിനു ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സഖാക്കളുടെ വീടുകളിലേക്ക് അദ്ദേഹം വന്നു. പാർട്ടി ബന്ധുക്കളുടെ വീടുകളിലേക്കും പോയി. തികച്ചും നെഗറ്റീവ് ആയിരുന്നു ഫലം.
ഇതിനു ശേഷമാണ്, എന്നോടും സുഹൃത്തുക്കളോടും കാണണമെന്ന് നിരന്തരം അഭ്യർത്ഥിച്ചത് പ്രകാരം കണ്ണൂരിൽ പോയി കൂടിക്കാഴ്ച നടത്തുന്നത്. വ്യത്യസ്തമായ രാഷ്ട്രീയ നേതാക്കളെ ഈ സമരത്തിന്റെ ഭാഗമായി ഞങ്ങൾ കണ്ടിട്ടുണ്ട്. പി ജയരാജനുമായുള്ള കൂടിക്കാഴ്ചയും അത്രയേ ഉള്ളൂ.

Image result for p jayarajan

പക്ഷെ പി ജയരാജനെ കണ്ട് ചർച്ച നടത്തിയതിനു ശേഷമാണ് അവരുമായി ധാരണയിലെത്തി നിങ്ങൾ ലോങ്‌മാർച് ഉപേക്ഷിച്ചതെന്ന വിമർശനം ഉയർന്നല്ലോ ?

സുരേഷ്:-    ലോങ്‌മാർച് കേരള സർക്കാരിനെതിരായിട്ടാണ് നടത്തേണ്ടത്. പക്ഷെ ഈ അലൈൻമെന്റ് മാറ്റേണ്ട പരിപൂർണ അധികാരം കേന്ദ്രത്തിനാണ്.കേരളം ശുപാർശ ചെയ്യുന്നത് വരെ മാത്രമേ ഞങ്ങൾക്ക് സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ആ ഒരു പ്രായോഗിക പ്രശ്‍നം ഉണ്ടായിരുന്നു. അപ്പോൾ ഡൽഹിയിലേക്കാണ് സമരം നടത്തേണ്ടത്. കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോർട്ടിന് ഞങ്ങൾ കാത്തിരിക്കുകയാണ് വരട്ടെ . സമരത്തിന് വേണ്ടി സമരം നടത്താനാവില്ല.

Image result for vayal kilikal

ബിജെപി ഒരു ഘട്ടത്തിൽ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചു. നിങ്ങൾ അവരുടെ വേദി പങ്കിടുകയും ചെയ്തു. പിന്നീട് അവരുടെ നിലപാട് എന്തായിരുന്നു ?

സുരേഷ്:- ഞാൻ ഒരു ഇടതുപക്ഷക്കാരനാണ് , കമ്മ്യൂണിസ്റ്റുകാരനാണ്..എന്റെ ബേസിക് അതാണ്.

ഇടയ്ക്ക് ചോദിച്ചോട്ടെ, ഇടതു പക്ഷക്കാരനാണ് എന്ന് പറയുമ്പോൾ നിങ്ങൾ ഇപ്പോൾ സി പി എം കാരനാണോ ?

സുരേഷ് :- ഞാൻ സി പി എമ്മിൽ ഇന്നും വിശ്വസിക്കുന്ന ആൾ ആണ്. എന്ന് പറഞ്ഞാൽ അതിന്റെ എല്ലാ നേതാക്കളുടെയും തീരുമാനങ്ങളെ അംഗീകരിക്കുന്ന ഒരു പാർട്ടി കേഡർ അല്ല ഞാൻ കേട്ടോ,ഒരുപാട് അർത്ഥ ഭേദങ്ങൾ ഉണ്ട്. ആ രീതിയിൽ കണ്ടാൽ മതി. ബിജെപിയുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോൾ ഒരു ജനകീയ സമരത്തിൽ ആര് സഹായിക്കാൻ വന്നാലും അത് സ്വീകരിക്കും എന്നതാണ്. അങ്ങനെ ചെയ്യുമ്പോഴും അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഞങ്ങൾക്കറിയാം . ബി ജെ പിയെ സംബന്ധിച്ചു ഈ സർക്കാരിനെ അട്ടിമറിക്കുക എന്നത് വലിയൊരു ലക്ഷ്യമാണ്.

ലോങ്‌മാർച് ഉപേക്ഷിച്ചതോടെ ബി ജെ പിയും ഉൾവലിഞ്ഞു അല്ലെ ?

സുരേഷ്:-   അങ്ങനെയല്ല . ഞങ്ങൾക്കൊരു രാഷ്ട്രീയം ഉണ്ടല്ലോ,എന്നാൽ രാഷ്ട്രീയ കളികൾക്കല്ല ഈ സമരം. ഞങ്ങളുടെ ഗ്രാമത്തിന്റെ നിലനിൽപിന് വേണ്ടിയാണ് .രാഷ്ട്രീയ കളികൾക്ക് ഞങ്ങൾ ബലിയാടാകില്ല. വ്യക്തമല്ലേ ? കേരളത്തിൽ ബി ജെ പിക്ക് ഒരു സ്പേസ് വേണമെങ്കിൽ വർഗീയത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അപ്പോൾ കേന്ദ്ര ഭരിക്കുന്ന അവരുടെ കോർപറേറ്റ് നയങ്ങളും അവർക്ക് തിരിച്ചടിയാവുന്നു. അതാണ് ഇവിടെയും പ്രശ്‍നം . നാളെ കേരളത്തിൽ ഉയർന്നു വരുന്ന ഒരു ജനകീയ സമരത്തിലും ബി ജെ പിക്ക് പങ്കെടുക്കാൻ കഴിയില്ല.

സി പി എമ്മിന് ഇപ്പോൾ പൊതുവേ അനുനയിപ്പിക്കലിന്റെ ഒരു നീക്കമുണ്ട്. വിമത സ്വരം ഉയർത്തുന്നവരുമായി,വിഘടിച്ചു നിൽക്കുന്നവരുമായി,ജനകീയ സമരങ്ങൾ നടത്തുന്ന പാർട്ടി ബന്ധമുള്ളവരുമായി. ആ രീതിയിൽ വയൽക്കിളികളുമായി അവർ ചർച്ച നടത്തിയോ ?

സുരേഷ്:-  നീക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ചർച്ചകളിലേക്കൊന്നും എത്തിയിട്ടില്ല. തൊട്ടു തലോടലിലോ തൂവൽ സ്പർശത്തിലോ വീഴുന്നവരല്ല ഞങ്ങൾ.നിലപാടുകളിൽ വലിയ ഭിന്നത നിലനിൽക്കുകയാണ്. ബേസിക് ആയ ഒരു പ്രശ്‍നം ഉയർത്തിയിട്ടുണ്ട് ഞങ്ങൾ.

ഈയിടെ കണ്ണൂരിൽ സി പി ഐ എം എൽ നടത്തിയ ഒരു പരിപാടി ഉൽഘാടനം ചെയ്തത് താങ്കളാണ്. അവരുമായി സഹകരിച്ചു മുന്നോട്ട് പോകാനാണോ തീരുമാനം ?

സുരേഷ്:- കേരളത്തിൽ പ്രധാനമായും ഇടത് വലത് രാഷ്ട്രീയ ധാരകൾ ആണുള്ളത്.ഇവിടെ ഉയരുന്ന സമരങ്ങളിൽ ജനകീയമായ പങ്കാളിത്തം കുറവാണ് സി പി ഐ എം എൽ ന് . പക്ഷെ സി പി എം ഇന്ത്യയിൽ വളരെ ചെറിയ ന്യുനപഷം ആണ്.ദേശീയ വിഷയങ്ങൾ രാജ്യ വ്യാപകമായി ചർച്ചയാക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിൽ സി പി എമ്മിന്റെ അപചയങ്ങൾ കേരളത്തിൽ ചർച്ചയാക്കാൻ എം എൽ ന് കഴിയുന്നുണ്ടല്ലോ, ആ അർത്ഥത്തിലാണ് ഞങ്ങൾക്ക് അവരെ സ്വീകാര്യമാവുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: ഞങ്ങൾ ഉയർത്തിയ സമരം കീഴാറ്റൂർ വയലിന്റേത് മാത്രമായി ചുരുക്കി കാണാൻ പാടില്ല.  പ്രതികരിക്കാൻ മനസ്സുള്ള ഒരു ജനത ഇവിടെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അത് ഭരണകൂടത്തിനും അറിയാം.ഈ സമരം കീഴാറ്റൂരിൽ ഒതുങ്ങുന്നതല്ല

NEWS ROUND UP