ആലപ്പുഴയിലെ കാർത്യായനി അമ്മ ഇനി കോമൺവെൽത്ത് ലേണിം​ഗിന്റെ ​ഗുഡ് വിൽ അംബാസിഡർ

Loading...

ആലപ്പുഴ: തൊണ്ണൂറ്റാറാമത്തെ വയസ്സിൽ ഒന്നാം റാങ്ക് നേടി ലോകത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കാർത്യായനി അമ്മ ഇനി കോമൺവെൽത്ത് ലേണിം​ഗിന്റെ ​ഗുഡ് വിൽ അംബാസിഡർ. കാർത്യായനി അമ്മയുടെ പേരും പെരുമയും കടൽ കടന്നു പോയി എന്ന് സാരം. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു കാർത്യായനി അമ്മ. ഈ വിജയത്തിലൂടെ കാർത്യായനി അമ്മ കരസ്ഥമാക്കിയത് രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് എന്ന പദവി കൂടിയായിരുന്നു. ഇനി 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ​ഗുഡ് വിൽ അംബാസഡറാണ് കാർത്യായനി അമ്മ.സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പദ്ധതിയിൽ റാങ്ക് ലഭിച്ചതിനെതുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കാർത്യായനി അമ്മയ്ക്ക് അഭിനന്ദനം അർ‌പ്പിക്കാൻ എത്തിയിരുന്നു. അക്കൂട്ടത്തിൽ കോമൺവെൽത്ത് ലേണിം​ഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യവും എത്തിയിരുന്നു. അദ്ദേഹമാണ് കാർത്യായനി  അമ്മയുടെ ചരിത്രനേട്ടം കോമൺവെൽത്തിലെത്തിച്ചത്. പഠനരീതികളും ജീവിതവും ഫോട്ടോയുമെടുത്ത് കോമൺ വെൽത്തിന്റെ ഉപഹാരവും സമർപ്പിച്ചാണ് ഇദ്ദേഹം മടങ്ങിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കോമൺവെൽത്ത് ജേർണലുകളിൽ പ്രായത്തെ പിന്തള്ളിയ റാങ്ക് നേട്ടം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അക്ഷരലക്ഷം പരീക്ഷയിൽ ജയിച്ച കാർത്യായനി അമ്മയ്ക്ക് ഇനി കടക്കാനുള്ളത് നാല്, ഏഴ്, പത്ത് ക്ലാസ്സുകളിലെ തുല്യതാ പരീക്ഷയാണ്. പത്താം ക്ലാസ്സ് പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന വാശിയോടെയാണ് പഠനം. കംപ്യൂട്ടർ പഠിക്കണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി ഒരു ലാപ്ടോപ്പ് സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടർ പഠനം ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ചേപ്പാട് വില്ലേജിൽ മുട്ടം എന്ന ​ഗ്രാമത്തിലാണ് ഈ മുത്തശ്ശിയുടെ വീട്. രണ്ട് വർഷം മുമ്പ് മകൾ അമ്മിണി സാക്ഷരതാ ക്ലാസ്സിൽ പോയി പഠിച്ചതാണ് കാർത്യായനി അമ്മയ്ക്ക് പ്രചോദനമായത്. അഞ്ചാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് ചെറുമക്കളുണ്ട് കാർത്യായനി അമ്മയ്ക്ക്. പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരോടിയെത്തുമെന്ന് കാർത്യായനി അമ്മ പറയുന്നു. നല്ല അസ്സലായി പാട്ട് പാടുകയും ചെയ്യും ഈ മുത്തശ്ശി.  വളരെ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചയച്ചത് കൊണ്ട് പഠിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്ന ഒരു സാഹചര്യം ഒത്തുവന്നപ്പോൾ അത് പ്രയോജനപ്പെടുത്തുന്നതിൽ മാത്രമാണ് കാർത്യായനി അമ്മയുടെ ശ്രദ്ധ. പ്രായം ചുളിവ് വീഴ്ത്തിയത്  ശരീരത്തിൽ മാത്രമാണ്. എന്നാൽ പഠിക്കാനുള്ള ആ​ഗ്രഹത്തിൽ ചുളിവ് വീഴ്ത്താൻ പ്രായത്തിന് കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ചേപ്പാട് ​ഗ്രാമത്തിലെ കാർത്യായനി അമ്മ.

Loading...