കണ്ടൽക്കാടുകൾക്കിടയിൽ ജീവിച്ച ഒരച്ഛനെ മകൻ ഓർക്കുന്നതിങ്ങനെയാണ്

ന്യൂസ്ബ്യൂറോ, കണ്ണൂർ

Loading...

‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം ‘ കല്ലേൻ പൊക്കുടൻ എന്ന മനുഷ്യന്റെ ജീവിത കഥയാണ്. കണ്ണൂരിലെ ഏഴോം പഞ്ചായത്തിലെ എടക്കീല്‍തറയില്‍ അരിങ്ങളെയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മകനായി 1937 ലാണ് പൊക്കുടന്‍ ജനിച്ചത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന പൊക്കുടന്‍ കര്‍ഷകര്‍ക്ക് വേണ്ടി ജയില്‍ നിറക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്.

Image result for കണ്ടൽക്കാട് കല്ലേൻ പൊക്കുടൻ

അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.

Image result for കണ്ടൽക്കാട് കല്ലേൻ പൊക്കുടൻ

കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു.  ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും  രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമ്മിക്കാനൊരുങ്ങിയപ്പോൾ എതിർത്തു.സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി.

Image result for കണ്ടൽക്കാട് കല്ലേൻ പൊക്കുടൻ

കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.

Image result for കണ്ടൽക്കാട്

അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിൽ  കണ്ടൽക്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി ഒരു നിയോഗം പോലെ ജീവിച്ച മനുഷ്യനായിരുന്നു കല്ലേൻ പൊക്കുടൻ. അദ്ദേഹം നട്ടുവളർത്തിയ കണ്ടലുകൾ ഇന്നുമുണ്ട്. ആ മനുഷ്യനെ ഓർക്കാൻ ആ ചെടികൾ മതി. 2015 സെപ്റ്റംബർ 27 ന് എൺപത്തിയെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്. ഓർമകൾക്ക് മൂന്നു വയസ്സ് തികയുമ്പോൾ , കണ്ടലുകൾക്കിടയിൽ ജീവിച്ച അച്ഛനെ ഓർക്കുകയാണ് മകനും അധ്യാപകനുമായ പി. ആനന്ദൻ . പൊക്കുടൻ വളർത്തിയെടുത്ത പരിസ്ഥിതി സംരക്ഷണ ബോധത്തെ പിന്തുടരുന്നവരാണ് അദ്ദേഹത്തിന്റെ മക്കളും . തങ്ങളാൽ കഴിയും വിധം ഇടപെടുന്നുണ്ടവർ.  ആനന്ദൻ അച്ഛനെ ഓർക്കുന്നു.

Image may contain: 5 people, people smiling, people standing and outdoor

”  എന്റെ നല്ല കുട്ടിക്കാലം അച്ഛൻ റിമാൻറിലും ഒളിവിലുമായി മാസങ്ങളോളം ഞങ്ങളോടൊപ്പം ഇല്ലായിരുന്നു…. ആ രാത്രികളിലുടനീളംഞാനും ഏച്ചിയും അമ്മയെ പറ്റിക്കിടന്നിട്ടുണ്ട്. ഇടക്കീലെ ഒറ്റത്തറയിൽ.അച്ചമ്മഇളയച്ചനോടൊപ്പം താമസമാക്കി. തീർത്തുംഒറ്റയ്ക്ക്…. ജയിൽ.. സമരം… ഇതൊന്നും മനസിലിടം പിടിക്കാത്ത കുട്ടിക്കാലം … ഒന്നു മാത്രംഅറിയാം മാസങ്ങളോളം അച്ഛനൊപ്പമില്ലായിരുന്നു… സന്ധ്യാനേരത്ത്തോർത്തുമുണ്ടിന്റെ തുമ്പത്ത് അരിയും വെല്ലവും ബിസ്ക്കറ്റുമായി കോട്ടുമണൽതോട് കടന്ന് എത്തുന്ന അച്ഛന്റെ വരവ് നിലച്ചുപോയത് എന്താണെന്ന് ഏച്ചി എല്ലാ രാത്രിയും ചോദിക്കും അമ്മ എന്തൊക്കയോ മറുപടിപറയും എനിക്ക് ഒന്നും മനസ്സിലായില്ല.. അന്നും ഒരു പക്ഷേ ഇന്നും…അച്ഛൻ നന്നായി പാട്ട് പാടും ….. കഥ പറയും…. ചിത്രം വരക്കും ഞാനും ഏച്ചിയും വായിക്കുമ്പോ അടുത്തിരിക്കും… അച്ഛന്റെ തോളിലാണ് എന്റെഉറക്കം …. അതില്ലാതായ മാസങ്ങൾ കുട്ടിക്കാലത്തിന്റെ ആഴുള്ള മുറിവുകളാണ്…ഈ അമ്പതോടടുക്കുമ്പോഴും ഞാൻ അതേ അഭാവം വീണ്ടും അറിയുന്നു.. അച്ഛന്റെ ശൂന്യതയ്ക്ക് ഇന്ന് മൂന്നു വർഷം തികയുന്നു “

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം