വടകരയിൽ കെ.മുരളീധരൻ ജയിക്കില്ല: കുമ്മനം രാജശേഖരൻ

Loading...

 

തിരുവനന്തപുരം:  വടകര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. മുരളീധരൻ ജയിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയിൽ കെ മുരളീധരൻ ജയിച്ചാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഇതിനാണ് കെ മുരളീധരൻ ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞത്. “ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ,” എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഇക്കുറി തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ മുരളീധരൻ എംഎൽഎ ആയി ജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു കുമ്മനം രാജശേഖരൻ. വടകര ലോക്സഭാ സീറ്റിൽ മുരളീധരൻ മത്സരിക്കുന്നത് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന് എതിരെയാണ്.

തെരഞ്ഞെടുപ്പിൽ രണ്ട് വട്ടം രണ്ടാമതെത്തിയ തനിക്കിനി ഒന്നാമതെത്താനേ കഴിയൂ എന്നദ്ദേഹം പറഞ്ഞു. 1986 ൽ യുഡിഎഫിനെയും 2016ൽ എൽഡിഎഫിനെയും മൂന്നാം സ്ഥാനത്താക്കി. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വളരെയേറെ പിന്തളളപ്പെടുമെന്നും താൻൻ ജയിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളെന്റെ കാര്യവും നോക്കും,” എന്നായിരുന്നു കൈയ്യിൽ ആകെയുളള 512 രൂപയെ കുറിച്ച് കുമ്മനം രാജശേഖരൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ പക്കൽ 512 രൂപ മാത്രമാണുളളതെന്ന് അദ്ദേഹം രേഖപ്പെടുത്തിയത്.
കേരളത്തിൽ തൊഴിൽ ലഭിക്കാതെ ജനങ്ങൾ ഇതരനാടുകളിലേക്ക് ചേക്കേറുന്നത് കേരളത്തിൽ വികസനമില്ലാത്തതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

“പ്രകൃതിവിഭവങ്ങൾ കൊളളചെയ്യപ്പെടുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇതിന്റെ തെളിവാണ്. രാഷ്ട്രീയ രംഗത്തെ കെടുകാര്യസ്ഥത, ദുർനടത്തിപ്പ്, ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത സ്ഥിതി, ജലസുരക്ഷയില്ല, ഭക്ഷ്യ സുരക്ഷയില്ല. കേരളത്തിൽ വിശ്വാസത്തിന് സുരക്ഷയില്ല. ഇവിടുത്തെ ആരാധനാലയങ്ങൾ ഭരിക്കുന്നത് വിശ്വാസികളല്ല, അപ്പോൾ എല്ലാത്തിന്റെയും വിമോചനം വേണം. പാരിസ്ഥിതിക വിമോചനം വേണം, മതസ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം എന്നിവ വേണം. ഈ നാടിനെ എല്ലാ കെട്ടുപാടുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ബന്ധനത്തിൽ നിന്നും മോചിപ്പിക്കണം, അതിനാണ് താൻ വോട്ട് ചോദിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി ഒരു പ്രതീകമാണെന്നും ഭാരതത്തിന്റെ ഉയർച്ചയ്ക്ക് വേണ്ട് കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും കുമ്മനം പ്രശംസിച്ചു. “60 കൊല്ലം കൊണ്ട് കോൺഗ്രസിന് സാധിക്കാത്ത കാര്യങ്ങളാണ് മോദി അഞ്ച് കൊല്ലം കൊണ്ട് സാധിച്ച് തെളിയിച്ചത്. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയെ വൻശക്തിയായി ഉയർത്തിക്കൊണ്ടുവന്ന നേതാവാണ് മോദി. അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹത്തെ കേന്ദ്രീകരിച്ച് സംസാരിക്കുന്നതെ,”ന്നും കുമ്മനം പറഞ്ഞു

“കേരളം എല്ലാ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ വന്ന് പോകുന്നത് കൊണ്ട് കേരളത്തിന് എന്താണ് നേട്ടം. ഇവിടെയുളളവർക്ക് ജോലിയുണ്ടോ” ഗൾഫിലും മറ്റ് രാജ്യങ്ങളിലുമുളളത് ലക്ഷക്കണക്കിന് മലയാളികളാണെന്ന് പറഞ്ഞ അദ്ദേഹം മലയാളികൾക്ക് ഇവിടെ രക്ഷയുണ്ടോയെന്നും ചോദിച്ചു. ഒരു തൊഴിൽ ഇവിടെ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മലയാളികളാരും ഇവിടം വിട്ട് പോകില്ലെന്നും കേരളത്തിലുളളവർക്ക് ഇവിടെ തൊഴിൽ ചെയ്ത് ജീവിക്കാനുളള സ്ഥിതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ മോദി വിരുദ്ധർ ഉണ്ടാകാൻ കാരണം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സംഘടിതമായ പ്രചാരണമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

“ശബരിമല പ്രക്ഷോഭം വിജയിച്ചു. മീനമാസം ഒന്നാം തീയ്യതി യുവതികളായവർ പ്രവേശിച്ചപ്പോൾ പൊലീസ് തന്നെ തടഞ്ഞ് തിരിച്ചയച്ചത് പ്രക്ഷോഭം വിജയിച്ചതിന് തെളിവ്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓഡിനൻസ് പുറത്തിറക്കാൻ സമ്മർദ്ദം ചെലുത്താതിരുന്നത് സുപ്രീം കോടതിയുടെ അന്തിമവിധി വരും വരെ കാത്തിരുന്നതിനാലാണ്. ഭക്തജനങ്ങൾക്ക് അനുകൂലമായാണ് വിധി വരുന്നതെങ്കിലോ?” അദ്ദേഹം പറഞ്ഞു.

“താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന പ്രചാരണം വ്യാജമാണ്. എവിടെ നിന്നാണ് അവർക്കീ വിവരം കിട്ടിയതെന്ന് അറിയില്ല. കോളേജിൽ പഠിച്ചിരുന്ന കാലത്ത് നാചുറൽ സയൻസ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സ്വതന്ത്രനായാണ് മത്സരിച്ചത്. അന്ന് കുറേപ്പേർക്ക് പിന്തുണ പ്രഖ്യാപിച്ച കൂട്ടത്തിൽ കെഎസ്‌യു എനിക്കും പിന്തുണ നൽകി. അത് ഞാൻ കെഎസ്‌യു ആയത് കൊണ്ടൊന്നുമല്ല,” അദ്ദേഹം വിശദീകരിച്ചു.

“ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അദ്ദേഹം മൻകി ബാത്തിൽ സംസാരിക്കുന്നുണ്ട്. അദ്ദേഹം ടിവിയിൽ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് എന്തെങ്കിലും വിരോധമോ നിരോധനമോ അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഓരോ രാഷ്ട്രീയ നേതാക്കൾക്കും ഓരോ സ്റ്റൈലുണ്ട്. ആ സ്റ്റൈൽ അദ്ദേഹം പിൻതുടരുന്നുവെന്നേയുളളൂ. അദ്ദേഹം തന്നെയാണ് അക്കാര്യത്തിൽ വിശദീകരണം തരേണ്ടത്, ഞാനല്ല,” എന്നും കുമ്മനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കടപ്പാട് : ഏഷ്യാനെറ്റ്‌ ന്യൂസ്‌

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം