വടകരയില്‍ കെ കെ രമ പൊതുസ്ഥാനാര്‍ഥി : മുല്ലപ്പള്ളി സമ്മതം മൂളി ; നിര്‍ണായക തീരുമാനം നാളെ

വടകര:  ആര്‍എംപി  നേതാവ് കെ കെ രമയെ  വടകരയില്‍ പൊതുസ്ഥാനാര്‍ഥിയാകാന്‍ നീക്കം .  കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍  ഇതിനായുള്ള  അണിയറ നീക്കങ്ങള്‍ ആരംഭിച്ചു . നിര്‍ണായക തീരുമാനം നാളെ ഉണ്ടാകും .

അക്രമരാഷ്ട്രീയം  തെരഞ്ഞെടുപ്പ്  വിഷയമാക്കി കേരളം മുഴുവന്‍ സിപിഎമ്മിനെ  നേരിടാനാണ്  യു ഡി എഫ്  ലക്ഷ്യമിടുന്നത് . കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍റെ  ഭാര്യയും ചന്ദ്രശേഖരന്‍റെ  നേതൃത്വത്തില്‍ രൂപീകരിച്ച  ആര്‍എംപിയുടെ മുതിര്‍ന്ന നേതാവുമായ കെ കെ രമയെ  വടകരയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിപ്പിക്കുക  വഴി ഇരട്ട വെടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലക്ഷ്യമിടുന്നത് .

പി ജയരാജന്‍ എന്നത്  പൊതുശത്രുവായി മാറി കഴിഞ്ഞെന്നും ഇരയും വേട്ട ക്കാരനുമായുള്ള മത്സരം വടകരയില്‍ നടന്നാല്‍ കേരളം മുഴുവന്‍  അതിന്‍റെ പ്രതിഫലനം  ഉണ്ടാക്കാന്‍ കഴിയുമെന്ന് മുല്ലപ്പള്ളി തന്‍റെ വിശ്വസ്തരോട് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സീറ്റ് മോഹിക്കുന്ന ചില നേതാക്കള്‍ കെ കെ രമയ്ക്ക് സീറ്റു നല്‍കുന്നത് ആത്മഹത്യ പരമാണെന്ന നിലപാടാണ് മുന്നോട്ട് വെക്കുന്നത് .

ബി ജെ പി  വടകരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന്  ഇതിനകം ഉറപ്പായി.  എന്‍ഡിഎ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍  ബി ഡി ജി എസ്സിനോട്  ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍ ജയരാജനെതിരെ കെ കെ രമ മത്സരത്തിനിരങ്ങുമ്പോള്‍  നിര്‍ണായക തീരുമാനം ബി ജെ പി- ആര്‍എസ്എസ് ഭാഗത്ത് നിന്നുണ്ടാകും .

വടകരയില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ കെ കെ രമയെ പിന്തുണക്കമെന്ന ആവശ്യം ശക്തമാക്കുന്നു. കെ കെ രമ മത്സരിക്കുമെന്നും ആര്‍എംപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പി  ജയരാജന്‍ സ്ഥാനാര്‍ത്ഥിയോടെ ഇടത് പക്ഷത്തിന്റെ പരാജയമുറപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും ആര്‍എംപി അറിയിച്ചിരുന്നു.

എന്നാല്‍ മുല്ലപ്പള്ളി അല്ലാത്തൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ആര്‍എംപിക്ക് താല്‍പര്യമില്ല.  ടി പി വധവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടാണ് അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി സ്വീകരിച്ചിരുന്നത്. ഇടത് – സോഷ്യലിസ്റ്റ് സഹായാത്രികനാണ് വിശേഷിപ്പിക്കുന്ന മുല്ലപ്പള്ളിക്ക് സിപിഎം കേന്ദ്രങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു.

കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും വലിയൊരു വിഭാഗം കെ കെ രമയെ പിന്തുണക്കുന്നതിന് അനുകൂലമാണ്. ലീഗ് പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ച് അരിയൂര്‍ ഷൂക്കര്‍ വധക്കേസിലും പ്രതിഷേധത്തിന്‍റെ  മുന്‍ നിരയില്‍ കെ കെ രമയുണ്ടായിരുന്നു.

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ലീഗിന്റെ പിന്തുണയിലാണ് ആര്‍എംപി ഭരണം നിലനിര്‍ത്തുന്നത്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിന് അപ്പുറം സംഘാടനാ ശേഷിയില്ലെന്നതാണ് ആര്‍എംപിയുടെ മുന്നിലുള്ള വെല്ലുവിളി. രാഷ്ട്രീയ വോട്ടിന് അപ്പുറം പൊതു വോട്ട് സമാഹരിക്കാമെന്നതും വനിതാ സ്ഥാനാര്‍ത്ഥിയെന്നതും കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്തിന് മാറ്റു കൂട്ടുന്നു.

 

 

രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു…ഒപ്പം ഒട്ടേറെ പ്രചാരണ പരിപാടികളും. എന്നാൽ ഒരു…………………വീഡിയോ കാണാം

Loading...