നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഗുരുതര വീഴ്ച്ച ,മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണം ;ജുഡീഷ്യല്‍ കമ്മിഷന്‍

Loading...

കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ പറഞ്ഞു. പൊലീസിനും ആര്‍.ഡി.ഒയ്ക്കും ഇതു സംബന്ധിച്ച്‌ നാളെ നിര്‍ദേശം നല്‍കുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. വളരെ ലാഘവത്തോടെ ചെയ്ത പോസ്റ്റുമോര്‍ട്ടമാണ് രാജ്‍കുമാറിന്റേത്. ഇപ്പോഴത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും നിലവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്‍കുമാറിന്റെ ആന്തരികാവയങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാരണങ്ങളാല്‍ രാജ്‍കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തല്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രാജ്‍കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം,​ നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. രാജ്‍കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മിഷന് കഴിയില്ലെന്നും പി.ടി തോമസ് പ്രതികരിച്ചു. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇടുക്കി മുന്‍ എസ്‍.പി കെ ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം