ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു;അന്വേഷണം നേരിടാന്‍ കേരളത്തില്‍ എത്തിയേക്കും

Loading...

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു. ഇതിന്റെ ഭാഗമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. കന്യാസ്ത്രീയുടെ പീഡന ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടാന്‍ കേരളത്തിലേക്ക് വിളിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കുന്നത്.

ജലന്ധര്‍ രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം പുറത്തു കൊണ്ടുവരും.

ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ വത്തിക്കാനിലേക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. ഫാദര്‍ മാത്യു കോക്കണ്ടത്തിന് രൂപതയുടെ താല്‍ക്കാലിക ചുമതല.ജലന്ധര്‍ ബിഷപ്പ് രാജി വെച്ച വാര്‍ത്ത കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ സമര സമിതി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

വാര്‍ത്തയെ ആഹ്ളാദത്തോടെയാണ് സമരത്തിലുള്ളവര്‍ സ്വാഗതം ചെയ്തത്. അതേസമയം പൂര്‍ണ്ണമായി ബിഷപ്പ് പദവി എടുത്തു മാറ്റുന്നതിന് വത്തിക്കാന് മാത്രമേ അധികാരമുള്ളൂ എന്നതിനാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി ചുമതലയൊഴിയുക മാത്രമാണെന്നും അതിനാല്‍ ഇത് പൂര്‍ണ്ണ വിജയമാണെന്ന് പറയാന്‍ കഴിയില്ലെന്നും സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

അന്വേഷണം നേരിടുന്നതിനായി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു എന്നു മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ബിഷപ്പ് സ്ഥാനമൊഴിഞ്ഞാലും സഭയുടെ പിന്തുണയോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്ന ആശങ്കയും സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പങ്കുവെയ്ക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം