അന്നവർ ചവിട്ടിയത് ഉദരത്തിലെ കുഞ്ഞിനെക്കൂടിയാണ് ; പോലീസ് ഇപ്പോഴും ഉറങ്ങുകയാണ്

Loading...

കോഴിക്കോട്: ഫറൂഖില്‍ ട്രാന്‍സ് ജെന്‍ഡര്‍ കിരണ്‍ വൈലാശ്ശേരിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫിനെ വീട്ടുകാര്‍ ആക്രമിച്ച സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം.

അഞ്ചുമാസം ഗര്‍ഭിണികൂടിയായ ജോമോള്‍ മെഡിക്കല്‍ കോളേജ് ലേബര്‍ വാര്‍ഡിലെ ചികിത്സയില്‍ തുടരുകയാണെന്ന് ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവ് വി.ജി വിനോബാസ്റ്റിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 25-ാം തീയതിയാണ് ഗര്‍ഭിണിയായ ജോമോള്‍ ജോസഫിനെ കിരണ്‍ വൈലാശ്ശേരിയുടെ ജ്യേഷ്ഠന്‍ ജയരാജ്, ഭാര്യ ശോഭ, ശോഭനയുടെ ചേച്ചി എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതെന്ന്‌ ഫറൂഖ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പക്ഷെ 28-ാം തീയതിവരെ ഒരു തരത്തിലുള്ള നടപടിയുമെടുത്തിട്ടില്ലെന്ന് വിനോബാസ്റ്റിയന്‍ ആരോപിക്കുന്നു.

ഇവരുടെ സുഹൃത്തായ കിരണ്‍ വൈലാശ്ശേരിയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ടതാണ് അക്രമത്തിന് കാരണമായത്. ജ്യേഷ്ഠനില്‍ നിന്നും വില കൊടുത്തു വാങ്ങിയ തന്റെ ഭൂമി ട്രാന്‍സ് ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോമിന് കൈമാറാന്‍ കിരണ്‍ തീരുമാനിച്ചിരുന്നു.

പക്ഷെ ഇത് തടസ്സപ്പെടുത്താനായി ജയരാജ് കിരണിന്റെ വീട്ടിലേക്കുള്ള വഴിയില്‍ മതില്‍ കെട്ടി തടസ്സമുണ്ടാക്കി. ഇതിനെതിരേ ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് ജയരാജും സംഘവും ഭാര്യയെ അക്രമിച്ചതെന്നും വിനോബാസ്റ്റിയന്‍ ആരോപിച്ചു.

മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായ ജോമോള്‍ ജോസഫിന് വയറിനും നടുവിനുമടക്കം പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലാതാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ലേബര്‍ വാര്‍ഡില്‍ ഇപ്പോഴും ചികിത്സ തുടരുകയാണെന്നും വിനോ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പോലീസ് അനാസ്ഥ തുടരുന്നതിനാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം.ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടമെന്നും വിനോബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം