കെ. സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

Loading...

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട കൊല്ലം എ.ആര്‍ ക്യാംപിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജി.വിക്രമന്‍ നായര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കോടതിയില്‍ കൊണ്ടു പോയ വഴിമധ്യേ ഹോട്ടലുകളില്‍ നിന്ന് സുരേന്ദ്രന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയതിന്റെ പേരിലാണ് ജി വിക്രന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെ എതിര്‍ത്ത മേലുദ്യോഗസ്ഥരോട് ജി വിക്രന്‍ നായര്‍ ധിക്കാരപൂര്‍വം സംസാരിച്ചു. ഇന്‍സ്‌പെക്ടറുടെ അച്ചടക്ക ലംഘനം സംബന്ധിച്ച് കൊല്ലം റൂറല്‍ എസ്.പിയും കമ്മീഷണറും സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കി. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വെച്ചതെന്ന അഭിഭാഷകന്‍ രാം കുമാറിന്റെ വാദം തള്ളിയായിരുന്നു പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്.

മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. ഈ കേസില്‍ സുരേന്ദ്രന്‍ നേരത്തെ നല്‍കിയ ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു.ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിലാണ് സുരേന്ദ്രന്‍ അറസ്റ്റിലാകുന്നത്.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.

Loading...