ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് വരുന്ന ഐപിഎൽ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് സൂചന. ഇന്ത്യൻ പരമ്പരക്കിടെ കൈമുട്ടിനേറ്റ പരുക്കാണ് ജോഫ്രയ്ക്ക് വിനയായിരിക്കുന്നത്. ഇംഗ്ലണ്ട് പേസറുടെ അഭാവം രാജസ്ഥാൻ റോയൽസിന് കടുത്ത തിരിച്ചടിയാവും. രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോഫ്ര ആർച്ചർ.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ജോഫ്ര ആർച്ചർ കൈമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി-20 പരമ്പരകളിലൊക്കെ അദ്ദേഹം കളിച്ചത് പരുക്കേറ്റ കൈമുട്ടുമായാണ്. ടി-20ക്കിടെ പരുക്ക് വഷളായതിനെ തുടർന്ന് ഏകദിന ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. നിലവിൽ ഇംഗ്ലണ്ടിലുള്ള താരം തിങ്കളാഴ്ച സർജറിക്ക് വിധേയനാവും.
ഇന്ത്യൻ യുവതാരം ശ്രേയാസ് അയ്യരും ഐപിഎൽ സീസണിൽ നിന്ന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റ താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് സീസൺ മുഴുവൻ കളത്തിലിറങ്ങാൻ സാധിക്കില്ല.
അതേസമയം, ഏകദിന പരമ്പരയിൽ ഇരു ടീമുകളും സമനില പാലിക്കുകയാണ്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാമത്തെ മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ന് നിർണായകമായ മൂന്നാമത്തെ മത്സരം നടക്കും.
News from our Regional Network
English summary: Indications are that Joffre Archer may miss the entire IPL season.