ചിറക് വിരിച്ച് മന്ദാന; ശരവേഗത്തില്‍ ഇന്ത്യ ലക്ഷ്യത്തിലേക്ക്

Loading...

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡുമായുള്ള വനിതകളുടെ ആദ്യ ടി ട്വന്‍റി പോരാട്ടത്തില്‍ ഇന്ത്യ കളി പിടിക്കുന്നു. കിവികള്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ശരവേഗത്തില്‍ കുതിക്കുകയാണ്. ഏകദിന പരമ്പരയിലെ മിന്നുന്ന ഫോം ടി ട്വന്‍റിയിലും തുടരുന്ന സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് പ്രതീക്ഷയേകുന്ന തുടക്കം നല്‍കിയത്. കിവി ബൗളര്‍മാരെ നിലം തൊടീക്കാതെ മുന്നേറുന്ന സ്മൃതി അര്‍ധ ശതകം സ്വന്തമാക്കി കുതിക്കുകയാണ്. 25 പന്തില്‍ 51 റണ്‍സാണ് മന്ദാന ഇതിനകം അടിച്ചുകൂട്ടിയത്.

4 റണ്‍സ് നേടിയ പുനിയ ആദ്യം തന്നെ പുറത്തായെങ്കിലും ജെമിമ റോഡ്രിഗ്രസ് എത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ നിരക്ക് ഉയര്‍ന്നു. സ്മൃതിയും ജെമീമയും ചേര്‍ന്ന് കിവി ബൗളര്‍മാരെ തല്ലി ചതയ്ക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9 ഓവറില്‍ 1 ന് 87 എന്ന നിലയിലാണ്.

നേരത്തെ ടോസ് നേടി ബൗളിംഗ് തുടങ്ങിയ ഇന്ത്യ, കിവികളെ ആദ്യം വട്ടം കറക്കിയെങ്കിലും പത്തോവറിന് ശേഷം കളിയുടെ നിയന്ത്രണം നഷ്ടമായി. എട്ട് ഓവറില്‍  രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് എന്ന നിലയില്‍ നിന്ന് ന്യൂസിലന്‍ഡ് 159 എന്ന നിലയിലേക്ക് സ്കോര്‍ ഉയര്‍ത്തി.

62 റണ്‍സ് നേടിയ ഓപ്പണര്‍ സോഫി ദേവിനാണ് കിവികളുടെ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത്. മധ്യനിരയില്‍ കാറ്റി മാര്‍ട്ടിനും എമി സറ്റെര്‍വൈറ്റും റണ്‍സ് കണ്ടെത്തിയതും ഇന്ത്യക്ക് വെല്ലുവിളിയായി. അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല.

Loading...