ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്കു കിരീടം

Loading...

ജപ്പാൻ:∙ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള ഇന്ത്യന്‍ ഹോക്കിക്ക് കൂടുതൽ ഊർജം പകർന്ന് ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്കു കിരീടം. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന കലാശപ്പോരിൽ പൊരുതിക്കളിച്ച ചൈനയെ മറികടന്നാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നാണ് ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച 2004ലെ ഏഷ്യാകപ്പിൽ ജപ്പാനെ 1–0നു തോൽപ്പിച്ചാണ് ഒടുവിൽ ഇന്ത്യ കിരീടം നേടിയത്. ഈ വിജയത്തോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യൻ വനിതകൾ യോഗ്യത നേടി.

2009ലെ ഏഷ്യാകപ്പ് കലാശപ്പോരിൽ ചൈനയോടേറ്റ തോൽവിക്കും ഈ വിജയത്തോടെ ഇന്ത്യ പകരം വീട്ടി. പൂൾ സ്റ്റേജിലും ഇന്ത്യൻ വനിതകൾ ചൈനയെ 4–1നു തോൽപ്പിച്ചിരുന്നു. ഒരുമാസം മുൻപു പുരുഷവിഭാഗത്തിൽ ഏഷ്യാ കപ്പുയർത്തിയ ഇന്ത്യ, വനിതാ വിഭാഗത്തിലും കിരീടം നേടിയതോടെ വൻ‌കരയിലെ സമ്പൂർണ ആധിപത്യവും ഉറപ്പിച്ചു.

ആദ്യ പകുതിയിൽ നവ്ജോത് കൗറിന്റെ ഗോളിൽ ഇന്ത്യയാണ് ലീഡ് നേടിയത്. 25–ാം മിനിറ്റിൽ തകർപ്പൻ ഫീൽഡ് ഗോളിലൂടെയാണ് കൗർ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ, ചൈനയ്ക്ക് അനുകൂലമായി 47–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഗോളാക്കി ട്യാൻടിയാൻ ലുവോ ടീമിന് ലീഡു സമ്മാനിച്ചത്.

തുടർന്ന് ഷൗട്ടൗട്ടിലേക്ക് നീണ്ടപ്പോഴും ആവേശത്തിനു കുറവു വന്നില്ല. ആദ്യത്തെ അ‍ഞ്ചു കിക്കുകളിൽ നാലെണ്ണം വീതം വലയിലെത്തിച്ച ഇരുടീമുകളും 4–4നു സമനില പാലിച്ചു. തുടർന്ന് മൽസരം സഡൻഡെത്തിലേക്ക്. ഇന്ത്യയ്ക്കായി റാണി ആദ്യത്തെ ഷോട്ട് വലയിലെത്തിച്ചപ്പോൾ, ചൈനീസം താരം അവസരം പാഴാക്കി. ഇതോടെ 5–4 വിജയത്തോടെ ഇന്ത്യയ്ക്ക് കിരീടം. തോൽവി അറിയാതെ ഫൈനലിൽ കടന്ന ടീം ഇന്ത്യ ആകെ നേടിയത് 28 ഗോളുകൾ. എട്ടു ഗോളുകൾ നേടിയ ഗുർജിത് കൗറാണു ടോപ് സ്കോറർ.

Loading...