ആ കൗമാര മനസുകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളെന്തായിരിക്കും?

ഷഫീക്ക് സിഎം

Loading...

കണ്ണൂര്‍; ആത്മഹത്യ എന്നത് കേട്ട് മടുത്ത വാക്കാണെങ്കിലും അതിന് വലിയൊരു അര്‍ത്ഥതലങ്ങള്‍ ഒളിച്ചു കിടപ്പുണ്ട്…സ്വയം ജീവനെ അപഹരിക്കുന്ന ഈ ഘട്ടത്തെ അതിജീവിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല…എന്നാല്‍ അതിനെല്ലാം തന്നെ വ്യക്തമായ കാരണങ്ങളുണ്ടാകാറുണ്ട്. കടബാധ്യത, മാനഹാനി, വിഷാദം, പ്രണയനൈരാശ്യം എന്നിവയെല്ലാം പല ആത്മഹത്യകള്‍ക്കും വഴിവച്ചിട്ടുള്ള കാരണങ്ങളാണ്.

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂര്‍ ജില്ലയില്‍ തന്നെ സംശയാതീതമായി ആത്മഹത്യ ചെയ്തത് മൂന്ന്് വിദ്യാര്‍ത്ഥിനികളാണ്. ഇവിടെ കാരണമൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഒരു വ്യക്തി എങ്ങനെ ആത്മഹത്യ ചെയ്യും…ആത്മഹത്യ ചെയ്യാന്‍ മാത്രം ആഴമുള്ള ആ കൗമാര മനസുകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളെന്തായിരിക്കും.

നമുക്കൊരു പ്രശ്‌നമുണ്ടായാല്‍ നാം ആരോടെങ്കിലും അത് തുറന്ന് പറയില്ലേ…അച്ഛന്‍, അമ്മ, ബന്ധുക്കള്‍, കൂട്ടുകാര്‍, അധ്യാപകര്‍ അങ്ങനെ എത്രയെത്ര പേര്‍ ഇവര്‍ക്ക് ചുറ്റുമുണ്ട്. അവരോടാരോടും പങ്ക് വെയ്ക്കാന്‍ മാത്രം പറ്റാത്ത മരണം മാത്രമാണ് പ്രതിവിധി എന്ന തോന്നലിലേക്ക് ആ ഇളം മനസുകളെ നയിച്ച കാരണമെന്താണ്?…അതല്ലെങ്കില്‍ അത്ര വലിയൊരു കാരണത്തെ പരിഹരിക്കാന്‍ മാത്രം പോന്ന ഒരാള്‍ പോലും ഒരു തണല്‍ പോലും ഇവര്‍ക്ക് ചുറ്റുമില്ലെന്നാണ് നാം കരുതേണ്ടത്.

പത്രത്താളുകളിലും ടിവി ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നാമിങ്ങനെ ഈ വാര്‍ത്തകള്‍ വായിച്ചു പോകുകയാണ്. ഈ വാര്‍ത്ത കഴിഞ്ഞാല്‍ അടുത്തത്…ഇതൊന്നും നമ്മളെ ഞെട്ടിക്കുന്നില്ല. ഇതിന്റെ കാരണങ്ങളെന്താണെന്ന് ഒന്ന് ഊഹിക്കാന്‍ പോലും നമുക്കോ എന്തിന് ഈ കുട്ടികളുടെ അടുത്ത ബന്ധുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സാധിക്കുന്നില്ല…കാരണം ആത്മഹത്യ ഇന്ന് പഴം കഴിച്ച് പഴത്തൊലി വെളിയിലേക്ക് കളയുന്ന ലാഘവത്തോടെ കാണുന്ന മനസാണ് നമ്മുടേത്. അവള്‍ പോയാല്‍ അവള്‍ക്ക് പോയി…അവളുടെ അല്ലെങ്കില്‍ അവന്‍ ജീവന്‍ അവര്‍ കളഞ്ഞു..നാമിങ്ങനെ പറഞ്ഞ് നാമതിനെ തള്ളിക്കളയും…

ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഈ സംഭവം തന്നെ നമുക്ക് പരിശോധിക്കാം…

ശനിയാഴ്ച ഉച്ചവരെ ഇരുവരും സ്‌കൂളുലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി. എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു….

ഈ സംഭവത്തില്‍ ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യാതൊരു വിധത്തിലുള്ള പെരുമാറ്റ വ്യത്യാസവും കാണിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇങ്ങനെ സ്വയം ജീവന്‍ അപഹരിക്കാന്‍ മാത്രം അവരെ പ്രേരിപ്പിച്ച ആ കാരണമാണ് ഇനി പുറത്ത് വരേണ്ടത്…സംഭവത്തില്‍ ഇന്ന് പോലീസ് നല്‍കിയ വിശദീകരണമിങ്ങനെ;

ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ക്ലാസ് മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്.

അവരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല….

ഈ സംഭവം അരങ്ങേറി ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ ഇന്ന് മറ്റൊരു ആത്മഹത്യ കൂടി നടന്നിരിക്കുന്നു. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. തലശ്ശേരിക്കടുത്ത വടക്കുമ്പാടാണ് പതിനേഴ് കാരി തുങ്ങി മരിച്ചത്. വടക്കുമ്പാട് കുറുപ്പാടി എല്‍പി സ്‌കൂളിന് സമീപം താമസിച്ചുവരുന്ന നിഷാന്തിന്റെ മകള്‍ നിതാഷയെയാണ് ഞായറാഴ്ച അര്‍ധ രാത്രിക്കും ഇന്ന് പുലര്‍ച്ചെയും മധ്യത്തിലുള്ള സമയത്തില്‍ തുങ്ങി മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് നിതാഷ .ഇന്നലെ രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്ന നിതാഷയെ ഇന്ന് പുലര്‍ച്ചെയാണ് മുറിക്കകത്ത് തുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല….ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം ഇനി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഇനി മറ്റൊരു ആത്മഹത്യയിലേക്ക് കൂടി വരാം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 14കാരന്‍ ജീവനൊടുക്കി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഏഴോം കൊട്ടില പെരിങ്ങിയിലെ ടി.ഗണേശന്റെയും സി.വി അനിതയുടെയും മകനും നെരുവമ്പ്രം ടെക്‌നിക്കല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിനായക് (14) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ സന്ധ്യക്ക് മൊബൈലില്‍ കളിച്ച് കൊണ്ടിരിക്കെ അമ്മ വിനായകനോട് കുളിക്കാന്‍ പറഞ്ഞെങ്കിലും കുട്ടി കൂട്ടാക്കിയില്ലത്രെ തുടര്‍ന്ന് അമ്മ വഴക്ക് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് വീടിന് അടുത്തുള്ള ആടിന്റെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നു. കനിഷ്‌ക്ക ഏക സഹോദരി. സംസ്‌ക്കാരം ഇന്ന് 12മണിക്ക് സമുദായ ശ്മശാനത്തില്‍.

വാട്‌സാപ്പ്, ഫേസ്ബുക്ക്, ടിക്ക് ടോക്കുകളിലും മാത്രം എല്ലാം ഷെയര്‍ ചെയ്യുന്ന ഇത്തെ കുട്ടികള്‍ ശരിക്കും വീട്ടില്‍ അനാഥരാണ്. വീട്ടില്‍ അമ്മ സീരിയലിലെ ചേച്ചിമാരെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ അച്ഛന്‍ ബിസിനസ് തിരക്കിലാണ്. കൗമാര മനസുകളില്‍ സ്ഥാനം പിടിക്കാന്‍ മൊഞ്ചുള്ള സുന്ദരന്‍മാരും സുന്ദരികളുമുള്ള ചാറ്റിങ് ആപ്പുകളുണ്ട്. അവരോടെല്ലാം ഷെയര്‍ ചെയ്യാം. അവരെ വിശ്വസിക്കാം… വീടും വീട്ടുകാരും അപരിചിതരാകുന്ന കാലഘട്ടം. നമ്മെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ലോകത്ത് നടക്കുമ്പോള്‍ നമ്മുടെ കേരളവും അതിന്റെ പിറകേ പോകുന്നു. സിനിമയിലും ടിക് ടോക്കുകളിലുമെല്ലാം കൗമാര മനസുകള്‍ക്ക് ആസ്വദിക്കാനുള്ള കളര്‍ഫുള്‍ ലോകമാണ്…നാമറിയുന്നില്ല…നമ്മുടെ കുട്ടിയുടെ മനസിലെന്താണ്…അവള്‍ക്ക് സ്‌നേഹവും കരുതലും പുറത്ത് കിട്ടുമ്പോള്‍ പിന്നെന്തിന് നമ്മള്‍ കുട്ടികളെ നോക്കണം. ഇനി നമുക്ക് കാത്തിരിക്കാം ഈ ആത്മഹത്യകളിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം