Categories
Kannur

സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനമുണ്ടായാല്‍ വകുപ്പ് തിരുത്തും ; വിദ്യാഭ്യാസ മന്ത്രി

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല സിലബസ് പ്രശ്‌നം നിറഞ്ഞതുതന്നെയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു.

സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനമുണ്ടായാല്‍ വകുപ്പ് തിരുത്തും. വര്‍ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്.

ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്.

വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആകരുതെന്നും മന്ത്രി കുറിച്ചു.

വര്‍ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്.

സെക്യുലര്‍ ഇടമായി തുടരേണ്ട ക്ലാസ് റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഗവേണന്‍സ് എം എ സിലബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം ദൃശ്യമാദ്ധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതുകൊണ്ടാണീ പോസ്റ്റ്.

വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭാസവകുപ്പിന്റെ കാഴ്ചപ്പാട്.

രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്.

ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.

വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്.

സെക്യുലര്‍ ഇടമായി തുടരേണ്ട ക്‌ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും.

വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്.

തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍, അവര്‍ക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ ഞങ്ങളുടെ കാഴ്ചപ്പാടല്ല.

അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികള്‍ വരട്ടെ.

സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ട.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kannur University syllabus is full of problems, says Higher Education Minister Dr. R. bindu

NEWS ROUND UP