മോഹന്‍ലാലിന്റെ വാഗ്ദാനത്തില്‍ തനിക്ക് വിശ്വാസമുണ്ട് , പുരസ്‌കാരം അച്ഛന് സമര്‍പ്പിച്ച് ഷമ്മി തിലകന്‍

Loading...

മലയാള സിനിമയുടെ പെരുന്തച്ചനായാണ് തിലകനെ വിശേഷിപ്പിക്കാറുള്ളത്. സ്വതസിദ്ധമായ അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്കായിരുന്നു അദ്ദേഹം ജീവന്‍ നല്‍കിയത്.

നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തിയ അദ്ദേഹത്തിനെത്തേടി മികച്ച അവസരങ്ങളായിരുന്നു കാത്തിരുന്നത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും സിനിമയില്‍ നിന്നും ദുരനുഭവങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതും സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയതുമൊക്കെ വന്‍വിവാദമായി മാറിയിരുന്നു.

പരസ്യപ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു തിലകനെതിരെ ആദ്യം നടപടി സ്വീകരിച്ചത്. താരസംഘടനയെക്കുറിച്ചും ചില താരങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. തിലകന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനുമൊക്ക കലാരംഗത്ത് സജീവമാണ്.

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ ഷോബി തിലകന്‍ മറ്റ് താരങ്ങള്‍ക്കായി ശബ്ദം നല്‍കാറുണ്ട്. സിനിമയില്‍ സജീവമായ ഷമ്മി തിലകനും മറ്റ് താരങ്ങള്‍ക്കായി ശബ്ദം നല്‍കാറുണ്ട്. അമ്മയും തിലകനും തമ്മിലുള്ള വിഷയത്തില്‍ അച്ഛന് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് ഷമ്മി തിലകന്‍.

ഇതിനായി അദ്ദേഹം മോഹന്‍ലാലിനെ സമീപിച്ചിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായി ഈ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നുവെങ്കിലും തീരുമാനമൊന്നുമാവാതെ പോവുകയായിരുന്നു. ഒടിയനിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഷമ്മി തിലകന്‍. ഈ പുരസ്‌കാരം അച്ഛന് സമര്‍പ്പിക്കുന്നുവെന്നാണ് താരം കുറിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

വില്ലത്തരത്തിലൂടെയാണ് ഷമ്മി തിലകന്‍ ശ്രദ്ധിക്കപ്പെട്ടത്. വെറുപ്പുളവാക്കുന്ന തരത്തിലുള്ള കഥാപാത്രമായി താരം നിരവധി തവണ എത്തിയിട്ടുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 25 വര്‍ഷത്തിന് ശേഷം വീണ്ടും സംസ്ഥാന സര്‍ക്കാരിന്‍രെ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഷമ്മി തിലകന്‍.

അന്ന് ഗസലിലൂടെയായിരുന്നു പുരസ്‌കാരമെങ്കില്‍ ഇന്നത് ഒടിയനിലൂടെയാണ്. ആദ്യമായി ലഭിച്ച പുരസ്‌കാരത്തേക്കാളും കൂടുതല്‍ സന്തോഷം തനിക്ക് ഇപ്പോള്‍ തോന്നുണ്ടെന്ന് താരം പറയുന്നു. കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരത്തിന് ബന്ധപ്പെട്ടവര്‍ക്കുള്ള നന്ദിയും കടപ്പാടുമൊക്കെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. അച്ഛന് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന വിഷമതകള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന മോഹന്‍ലാലിന്റെ വാഗ്ദാനത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു.

മരണാനന്തരമായി വിലക്ക് പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് ഷമ്മി തിലകന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. തന്റെ പിതാവിനോട് ഇപ്പോഴും അദ്ദേഹം കാണിക്കുന്ന സ്‌നേഹാദരങ്ങള്‍ക്ക് താന്‍ തിരിച്ച് നല്‍കുന്ന ഉപകാരസ്മരണയായാണ് ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് താന്‍ ഡബ്ബിംഗ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണ ബോധത്തിനും ലഭിച്ച ഈ അംഗീകാരം താന്‍ പിതാവിന്റെ കാല്‍പ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു. ഇതിനായി തന്നെ പ്രാപ്തനാക്കിയ എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ തന്നെ പിന്തുടര്‍ന്ന് തന്റെ മനസ്സിലിരിപ്പിനെക്കുറിച്ച് മനസിലാക്കിയതിന് ശേഷം തന്റെ ആവശ്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് സംസാരിച്ച് തന്നെ അദ്ദേഹത്തിനരികിലേക്ക് എത്തിച്ച സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു.

തന്റെ ആവശ്യത്തെ സ്വന്തം കാര്യമായി പരിഗണിച്ച് അതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ലാലേട്ടന്‍. തന്റെ അര്‍പ്പണബോധത്തെക്കുറിച്ച് വിലപേശാതെ ഇനിയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ആശീര്‍വദിച്ച് ആന്റണി പെരുമ്പാവൂരിനേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ശബദ്‌ലേഖനം നിര്‍വഹിച്ച വിസ്മയ സ്റ്റുഡിയോയിലെ റെക്കോര്‍ഡിസ്റ്റ് സുബൈര്‍, തന്റെ അനുഭവസമ്പത്ത് പരിഗണിച്ച് തന്നോടും അഭിപ്രായം ചോദിച്ച് സഹകരിച്ച മറ്റ് താരങ്ങള്‍, എല്ലാത്തിനുമുപരി അവസാന റൗണ്ട് മത്സരത്തില്‍ ഇല്ലാതിരുന്നിട്ട് കൂടി തന്‍രെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം ഒടിയന്‍ സിനിമ തിരികെ വിളിപ്പിച്ച് തീരുമാനം കൈക്കൊണ്ട ജൂറി അംഗങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം