മഹയ്ക്കു പിന്നാലെ ബുൾബുളും ; അതിതീവ്ര ചുഴലിയെന്ന് കാലാവസ്ഥാ വകുപ്പ്

Loading...

തിരുവനന്തപുരം: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ സമുദ്രത്തോടു ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ചുഴലിക്കാറ്റായി മാറുന്ന ഇതിന് ‘ബുള്‍ബുള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്ഥാനാണ് പേര് നിര്‍ദേശിച്ചത്.

ബുള്‍ബുള്‍ ചുഴലിക്കാറ്റും, മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.

ബുധനാഴ്ച ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും.

അതേസമയം കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആറ്ചുഴലിക്കാറ്റുകളാണ് ഉണ്ടായത്.

ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും. 2018-ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം