തേങ്ങി കരഞ്ഞ് ഒരു ഗ്രാമം: ഏഴ് വയസുകാരന്‍റെ സംസ്കാരത്തിന് വന്‍ജനാവലി

തൊടുപുഴ: അമ്മയുടെ കാമുകന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്‍റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ ജന്മഗ്രാമം. കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്കാരം നടന്ന തൊടുപുഴയിലെ വീട്ടിൽ എത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്‍റെ നിയന്ത്രണം പൊലീസേറ്റെടുത്തു.

കുഞ്ഞിന്‍റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

ഏഴ് വയസുകാരനെയും വഹിച്ചുള്ള ആംബുലൻസ് രാത്രി എട്ടേമുക്കാലിന് എത്തിയതോടെ കൂടി നിന്ന സ്ത്രീകളുടെ തേങ്ങലുകള്‍ നിലവിളികളായി. ആദ്യം അകത്തേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് വീടിന് പുറത്ത് പൊതുദർശനത്തിന് വച്ചു. മുക്കാൽ മണിക്കൂറിന് ശേഷം മുറ്റത്ത് സംസ്കരിക്കുമ്പോഴും അടക്കിപിടിച്ചുള്ള കരച്ചിലുകള്‍ അടങ്ങിയിരുന്നില്ല.സംസ്കാരത്തിന് എത്തിയവരെല്ലാം ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുരുന്നിന്‍റെ ജീവനെടുത്ത കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണം. എത്രയും വേഗം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം