Categories
headlines

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി മാര്‍ഗ്ഗരേഖ തയ്യാറാക്കി.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹോം ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും.

ഹോം ഐസൊലേഷന്‍ തെരഞ്ഞെടുക്കുന്ന രോഗികള്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ അപകട സാധ്യതകള്‍ കുറയ്ക്കാനും രോഗവ്യാപനത്തിന്റെ കണ്ണികള്‍ പൊട്ടിച്ച് കോവിഡിനെ നേരിടാനും സാധിക്കും.

ഹോംഐസൊലേഷനില്‍ നില്‍ക്കുന്നവര്‍ റൂം ക്വാറന്റൈന്‍ ചെയ്യുന്നതിന് മാനസികമായി തയ്യാറായിരിക്കണം. ഒരു കെയര്‍ടേക്കര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കെയര്‍ടേക്കര്‍ കോവിഡ്- 19 പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ ആരോഗ്യവിവരങ്ങള്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കണം.

ഹോം ഐസൊലേഷന് തിരഞ്ഞെടുത്തിട്ടുള്ള വീടുകളില്‍ വാഹന, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെന്ന് ഹെല്‍ത്ത് ടീം ഉറപ്പുവരുത്തും.

പഞ്ചായത്ത് തല ആര്‍.ആര്‍.ടിയിലും വാര്‍ഡ് ആര്‍.ആര്‍.ടിയിലും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍.ആര്‍.ടിയുടെ അറിവോടുകൂടി മാത്രം ഹോം ഐസൊലേഷനും തുടര്‍ന്നുള്ള കാര്യങ്ങളും നടത്തണം.

രോഗികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍, വാര്‍ഡ് ആര്‍.ആര്‍.ടി എന്നിവരെയോ അറിയിക്കണം.

വീടുകളില്‍ യാതൊരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്. രോഗികള്‍ ദിവസവും റെഡ് ഫ്‌ളാഗ് ലക്ഷണങ്ങള്‍ (ശ്വാസതടസ്സം, നെഞ്ചുവേദന, രക്തം തുപ്പല്‍, അകാരണമായ മയക്കം, ക്ഷീണം, തലചുറ്റല്‍ എന്നീ ലക്ഷണങ്ങള്‍) സ്വയം നിരീക്ഷിക്കണം.

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ സമീകൃതാഹാരം കഴിക്കേണ്ടതും ധാരാളം വെളളം കുടിക്കേണ്ടതുമാണ്. ആവശ്യമായ വിശ്രമവും രാത്രി എട്ട് മണിക്കൂര്‍ ഉറക്കവും അനിവാര്യമാണ്. ദിവസേന സ്വയം രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

ചികില്‍സയിലിരിക്കുന്ന വ്യക്തി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ സാറ്ററേഷന്‍ സ്വയം നിരീക്ഷിച്ച് SPO2 94% ല്‍ താഴെ വരികയും പള്‍സ് റേറ്റ് മിനിറ്റില്‍ 90 ല്‍ കൂടുതലാകുകയും ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

രോഗിക്ക് സ്വയം ഒരു ഡയറിയില്‍ ദിവസേനയുള്ള നിരീക്ഷണ വിവരങ്ങളും രോഗവിവരങ്ങളും എഴുതി സൂക്ഷിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ യഥാസമയം രോഗി അറ്റന്റ് ചെയ്ത് കൃത്യമായ മറുപടി നല്‍കണം.

രോഗിയും രോഗിയെ പരിചരിക്കുന്നവരും ഭക്ഷണസാധനങ്ങളും മറ്റു സാധനങ്ങളും കൈമാറുമ്പോള്‍ 3 ലെയര്‍ മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിക്കണം. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രോഗി അറ്റാച്ഡ് ബാത്ത്‌റൂം ഉള്ള ഒരു മുറിയില്‍ തന്നെ കഴിയണം.

യാതൊരു കാരണവശാലും വീട്ടിലെ പൊതു ഏരിയയും പൊതുവായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഉപയോഗിക്കുവാന്‍ പാടില്ല. വസ്ത്രങ്ങളും മുറികളും സ്വയം വൃത്തിയാക്കുകയും ബ്ലീച്ച് സൊലൂഷന്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുകയും ചെയ്യണം.

രോഗിയുമായി ബന്ധപ്പെട്ട മാലിന്യങ്ങളില്‍ മണ്ണില്‍ ലയിച്ചു ചേരുന്നവ ബ്ലീച്ച് സൊലൂഷന്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്തതിനുശേഷം കുഴിച്ചുമൂടാം. അല്ലാത്തവ അണുനശീകരണത്തിനുശേഷം സുരക്ഷിതമായ രീതിയില്‍ കത്തിക്കുകയോ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയോ ചെയ്യണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP