റാഞ്ചി : ജാര്‍ഖണ്ഡിന്റെ 11-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൊഹ്റാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സോറനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ജെഎംഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും അടക്കം രണ്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 44കാരനായ സോറന് ഇത് രണ്ടാംതവണയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.
ജെഎംഎംപ്രവര്ത്തകരുടെ ‘ജയ് ജാര്‍ഖണ്ഡ്’ വിളികള്‍ക്കിടെയായിരുന്നു ഹേമന്ത് സോറന്റെ സ്ഥാനാരോഹണം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറോന്, ആര്‍ജെഡി എംഎല്‍എ സത്യനാഥ് ബോംഗ്ത എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്.
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സോറന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ വന്‍നിര തന്നെ എത്തിയിരുന്നു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, ഭൂപേഷ് ഭാഗല്‍, അശോക് ഗെഹലോട്ട, കമല്‍നാഥ്, അരവിന്ദ് കെജരിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ സംബന്ധിച്ചു.