വടക്കന്‍ ജില്ലകളില്‍ കനത്ത മഴ;പലയിടത്തും ഉരുള്‍പൊട്ടല്‍; പാലക്കാട്ടെ എല്ലാ ഡാമുകളും തുറന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്ക്

Loading...

കനത്ത മഴ വീണ്ടും തുടരുന്ന സാഹചര്യത്തില്‍ മലബാര്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത നാശനഷ്ടം. തീവ്രമായ മഴയെ തുടര്‍ന്ന് വയനാട്ടില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വടക്കന്‍ ജില്ലകളായ കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലകളില്‍ നിരവധി ഉരുള്‍പൊട്ടലുണ്ടായി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റിമീറ്റര്‍ ഉയര്‍ത്തി. ജലനിരപ്പ് താഴ്ന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും ജലനിരപ്പ് ഉര്‍ന്നു. ഇതേ തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി. താമരശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി.

ഈങ്ങാപ്പുഴയില്‍ വെള്ളം കയറി വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കോഴിക്കോട് ജില്ലയുടെ വനമേഖലകളില്‍ തുടര്‍ച്ചായി ഉരുള്‍പൊട്ടലുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടി. മരം വീണ് കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മലപ്പുറം ആഢ്യന്‍പാറ മേഖലയിലെ തേന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പുഴ കലിതുള്ളിഒഴുകുന്നത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കരുവാരക്കുണ്ട്, കല്‍ക്കുണ്ട് മേഖലയിലും ഉരുള്‍പൊട്ടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാറും കടലുണ്ടിപ്പുഴയും നിറഞ്ഞൊഴുകുകയാണ്.

കനത്ത മഴ തുടരുന്നു; മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പഴയ മൂന്നാര്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മൂന്നാറിന്റെ പരിസരങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും രൂക്ഷമാണ്.

കൂടാതെ, അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാലും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ ഒന്നര ലക്ഷത്തിലധികം ജലമാണ് ഒരു സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്.

Image result for BANASURA DAM IN RAIN FLOOD

ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതികള്‍ക്ക് പ്രധാന കാരണം മുന്നറിയിപ്പും മുന്‍കരുതലുമില്ലാതെ ബാണാസുര ഡാം തുറന്നുവിട്ടതാണെന്ന പരാതികള്‍ക്കിടെയാണ് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്ഷേപങ്ങള്‍ കണക്കിലെടുത്ത് ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ പ്രദേശത്ത് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. റിസര്‍വോയറില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളം കടന്നുപോവുന്ന നദികളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ വെള്ളം ഉയര്‍ന്ന് വീണ്ടും ദുരിതങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.3 അടിയിലേക്ക്; സെക്കന്‍ഡില്‍ അണക്കെട്ടിലേക്കെത്തുന്നത് 16,000 ഘനയടി വെള്ളം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നാല് മണിയോടെ 137.3 അടിയിലേക്ക് ഉയര്‍ന്നു. രാവിലെ 11 മുതല്‍ 12 വരെ സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് 15,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയിരുന്നത് . ഇപ്പോഴിത് സെക്കന്‍ഡില്‍ 16,000 ആയി ഉയര്‍ന്നിട്ടുണ്ട് . തമിഴ്‌നാടിന് കൊണ്ടുപോകാവുന്ന പരമാവധി വെള്ളം സെക്കന്‍സില്‍ 2400 ഘനയടിയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 2086 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് തിങ്കളാഴ്ച രാവിലെ ആറിന് 135.30 അടിയായിരുന്നു

ജലനിരപ്പ് 136 അടിക്കു മുകളില്‍ എത്തിയാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാം.എന്നാല്‍, ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ മാത്രമേ വെള്ളം തുറന്നുവിടാവൂ എന്നാണ് തമിഴ്‌നാടിന്റെ മുന്‍ നിലപാട്. മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്‌നാട്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 142ലേക്കും തുടര്‍ന്ന് 152ലേക്കും ഉയര്‍ത്തണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.

മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, കോഴിക്കോട് പാലക്കാട് വയനാട് ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ഇടുക്കി ജില്ലയില്‍ കനത്ത മഴ കാരണം റോഡുകളെല്ലാം വെള്ളക്കെട്ടായതോടെ ടൗണും മൂന്നാറും ഒറ്റപ്പെട്ട നിലയില്‍ ആണ് . ഇടുക്കി ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തിയ സാഹചര്യത്തില്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പീച്ചി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

വെള്ളത്തിലായി പമ്പ; പാലങ്ങള്‍ അപകടാവസ്ഥയില്‍

Image result for pamba river

കനത്തമഴയില്‍ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നതിനാല്‍ പമ്പയില്‍ വെള്ളപ്പൊക്കം. മരം കടപുഴകി. പാലങ്ങള്‍ അപകടാവസ്ഥയിലായതിനാല്‍ ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് വേണ്ട സാധനങ്ങളുമായി വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴിയാണ് തന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോകുന്നത്.

മഴക്കെടുതി: ഐഎഎസ് ഉദ്യോഗസ്ഥര്‍  മൂന്നു ദിവസത്തെ ശമ്പളം നല്‍കും

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനായി കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ദിവസത്തെ ശമ്പളം നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍ണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ഒരു ദിവസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആശാ തോമസും സെക്രട്ടറി ഡോ. കെ.ബിജുവും അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം