ശക്തമായ മഴ;മലമ്പുഴ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

Loading...

പാലക്കാട് :ശക്തമായ  മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത്  മഴ തുടരുന്ന സാഹചര്യത്തിലാണ് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറും തുറന്നത്. എല്ലാ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനു മുമ്പ് ആഗസ്റ്റ് ഒന്നിനാണ് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്. അന്ന് അഞ്ചടിയോളം ഉയരത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.

തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പാലക്കാട് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദ്ദേശമുണ്ട്.

Loading...