അനധികൃതമായി ഫ്‌ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും : ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

Loading...

കൊച്ചി :  പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്‌ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്കെതിരെ ഇന്ത്യൻശിക്ഷാ നിയമത്തിലെയും പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾപ്രകാരം കേസെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകി ഡിജിപി പ്രത്യേക സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ ആലപ്പുഴയിലെ സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നിൽ സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചാണ് ഉത്തരവ്.

മുൻകാലങ്ങളിൽ ഇറക്കിയ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിരവധി ഉത്തരവുകളും സർക്കുലറുകളും ഇറക്കിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെടുകയാണ്.

ഇതു തടയാൻ കൂടുതൽ കർശന നടപടി വേണമെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവിറക്കിയത്. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം കേരളം എങ്ങോട്ടുപോകുന്നു എന്നതിന്റെ സൂചനയാണെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

 

Loading...