എവിടെ സഹായിക്കുന്ന നന്മ മരങ്ങള്‍…ജാന്‍വിയെ ബാങ്കുകാര്‍ വെറുതേ വിടുന്നില്ല; അച്ഛനും അമ്മയും ജീവനൊടുക്കിയത് നാല് വര്‍ഷം മുമ്പ്

Loading...

കോഴിക്കോട്: കടക്കെണി മൂലം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത പതിമൂന്നുകാരിയെ വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത. നാലു വര്‍ഷം മുന്‍പ് ജീവനൊടുക്കിയ കോഴിക്കോട് അത്തോളി സ്വദേശികളായ രാമകൃഷ്ണന്‍ ജിഷ ദമ്ബതികളുടെ മകള്‍ ജാന്‍വി കൃഷയാണ് ഏക ആശ്രയമായ വീടിന് ജപ്തി ഭീഷണി നേരിടുന്നത്.

2015 മെയ് ഒന്നിനാണ് ഊരാളിക്കണ്ടി രാമകൃഷ്ണനും ഭാര്യ ജിഷയും കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ ഏകമകളാണ് ജാന്‍വി. രാമകൃഷ്ണന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മൂന്നു ലക്ഷം രൂപയില്‍ കുടിശ്ശികയുള്ള പലിശയടക്കം രണ്ടേമുക്കാല്‍ ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ അത്തോളി ശാഖയില്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു രാമകൃഷ്ണന്. കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്‍ വീട് നിര്‍മ്മാണത്തിനാണ് ഭാര്യയുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കടം കയറിയതോടെ ഇരുവരും ആത്മഹത്യ ചെയ്തു.

രാമകൃഷ്ണന്റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനായ 2400 രൂപ കൊണ്ടാണ് കുട്ടിയടക്കമുള്ള മൂന്നംഗകുടുംബം ഇപ്പോള്‍ കഴിയുന്നത്. ചെറിയതോതില്‍ നാട്ടുകാരുടെ സഹായവുമുണ്ട്. പണയം വെയ്ക്കാന്‍ സ്വര്‍ണം നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും ഇത് തിരിച്ചു ചോദിച്ച്‌ വരുന്നുണ്ട്.

രാമകൃഷ്ണന്റെ പിതാവ് കുഞ്ഞിരാമന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാല് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയിരുന്നു. ബാങ്ക് വായ്പയില്‍ രണ്ടേമുക്കാല്‍ ലക്ഷവും നാല് ലക്ഷത്തിലധികം വേറെയും കടമുണ്ട്. കടക്കെണി മൂലം കുട്ടിയുടെ പഠനവും താളം തെറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

അത്തോളി ഗവണ്‍മെന്റ് വിഎച്ച്‌എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ജാന്‍വിയ്ക്ക് പ്രായപൂര്‍ത്തിയാകാതെ സ്ഥലം വിറ്റുപോലും കടം വീട്ടാനാകില്ല. പ്രായം 75 കവിഞ്ഞ മുത്തച്ഛനും മുത്തശ്ശിയുമാണ് നിലവില്‍ ജാന്‍വിയുടെ ഏക ആശ്രയം. ദൈനംദിന ചെലവിന് ആവശ്യമായ പണമില്ലാതെ വിഷമിക്കുമ്ബോള്‍ എങ്ങനെ ബാങ്ക് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്.

മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ എസ്ബിഐയില്‍ നിന്നെടുക്കണമെങ്കിലും പതിനെട്ട് വയസ് പൂര്‍ത്തിയാകണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം