Categories
headlines

എസ്എസ്എല്‍സി/ഹയര്‍സെക്കന്‍ററിയവൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് മാറ്റമില്ല – മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം

ന്നത്തെ പരിശോധനാ ഫലം 29 പേര്‍ക്ക് പോസിറ്റീവാണ്. നെഗറ്റീവ് ഫലം ഇല്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ടുവീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായ 29 പേരില്‍ 21 പേര്‍ വിദേശങ്ങളില്‍നിന്ന് വന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട് (ഹെല്‍ത്ത് വര്‍ക്കര്‍).

ഇതുവരെ 630 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 67,316 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 45,905 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 44,651 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 നെഗറ്റീവായിട്ടുണ്ട്. 29 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്സ്പോട്ടുകള്‍ പുതുതായി വന്നു.

മെയ് 31 വരെ കേന്ദ്ര ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇനി പറയുന്ന നിയന്ത്രണങ്ങള്‍ വരുത്തും. രാജ്യത്ത് പൊതുവായി അനുവദനീയമല്ലാത്ത വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

സ്കൂളുകള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് കോച്ചിങ് സെന്‍ററുകള്‍ എന്നിവ അനുവദനീയമല്ല. എന്നാല്‍, ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും.

ഇനി പറയുന്ന പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടുകൂടി അനുവദിക്കും

ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുള്‍പ്പെടയുള്ള പൊതുഗതാഗതം (സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല.)

അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം

മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍:

അന്തര്‍ ജില്ലാ യാത്രയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി നല്‍കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണിവരെയുള്ള യാത്രകള്‍ക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതിയാകും. കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.

ഇലക്ട്രീഷ്യന്മാര്‍, മറ്റു ടെക്നീഷ്യന്‍മാര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സര്‍വ്വീസുകളില്‍ ജോലിചെയ്യുന്ന ജീവനകാര്‍ക്ക് ഇത് ബാധകമല്ല).

ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടര്‍/പൊലീസ് മേധാവിയില്‍ നിന്നും നേടേണ്ടതാണ്. എന്നാല്‍ ഹോട്ട്സ്പോട്ടുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.

അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ജില്ലാ യാത്ര അനുവദിക്കും.

വാഹനയാത്രകള്‍:

സ്വകാര്യ വാഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍.

ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.

ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും.

ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

വിവിധ സോണുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകള്‍ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്‍റയിനില്‍ ഏര്‍പ്പെടേണ്ടതാണ്. എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.

വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങള്‍:

ഷോപ്പിങ് കോംപ്ലക്സുകളില്‍ (മാളുകള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അമ്പതു ശതമാനം മാത്രം തുറന്നു പ്രവര്‍ത്തിക്കാം എന്നുള്ള വ്യവസ്ഥയില്‍ കടകള്‍ അനുവദിക്കും. ഏതേത് ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിങ് കോംപ്ലക്സുകളിലെ കൂട്ടായ്മകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടുകൂടി തീരുമാനിക്കണം.

എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഒരു സമയത്ത് രണ്ടു പേരില്‍ കൂടുതല്‍ കാത്തു നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍പലര്‍ക്കായി ഉപയാഗിക്കാന്‍ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമര്‍ ടവ്വല്‍ കൊണ്ടുവരുന്നതാണ്. ഫോണില്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം.

റെസ്റ്റാറന്‍റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതല്‍ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറി അനുവദിക്കും.

ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വ്വീസിനായി തുറക്കാവുന്നതാണ്. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകള്‍ ബാധകമാണ്.

ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെമ്പര്‍മാര്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങോ അനുയോജ്യമായ മറ്റു മാര്‍ഗങ്ങളോ ക്ലബുകള്‍ ഇതിനായി സ്വീകരിക്കണം. ക്ലബുകളില്‍ മെമ്പര്‍മാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.

കള്ളു ഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാവുന്നതാണ്.

സര്‍ക്കാര്‍ ഓഫീസുകള്‍/സ്ഥാപനങ്ങൾ

എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേര്‍ ഹാജരാകേണ്ടതാണ്. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ എത്തേണ്ടതുമാണ്. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിവസമായിരിക്കും.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.

പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ) പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

ഉല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.

വിവാഹച്ചടങ്ങുകള്‍ പരമാവധി 50 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്.

മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 ആള്‍ക്കാരെ വെച്ചുമാത്രം നടത്തേണ്ടതാണ്.

വര്‍ക്കിങ് മെന്‍/വിമണ്‍ ഹോസ്റ്റലുകളുടെ സുഗമമായ പ്രവര്‍ത്തനം സ്ഥാപനമേധാവികള്‍ ഉറപ്പാക്കേണ്ടതാണ്.

പൊതുവായ വ്യവസ്ഥകള്‍

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടത്തേണ്ടതാണ്. കടകളിലും, ബാര്‍ബര്‍ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്‍റെ ഉപയോഗം കൃത്യമായി ഉറപ്പാക്കേണ്ടതാണ്.

അടഞ്ഞു കിടന്ന സ്ഥാപനങ്ങള്‍ ശുചിയാക്കിയശേഷം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ മതിയാകും.

അനുവദനീയമായ എല്ലാ പ്രവര്‍ത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റര്‍) പാലിച്ച് മാത്രമെ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ.

അനുവദനീയമല്ലാത്ത രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനായി സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാന്‍ സാധിക്കാത്തവരുടെ രാത്രിയാത്രകള്‍ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല.

സ്വര്‍ണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പര്‍ശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പാലിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഉത്തരവിലുണ്ട്.

തുടര്‍ പ്രവര്‍ത്തനം ആവശ്യമായ നിര്‍മാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും.

ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.

ആരാധനയുടെ ഭാഗമായി കര്‍മ്മങ്ങളും ആചാരങ്ങളും നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം.

പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാവുന്നതാണ്.

മറ്റ് അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്‍റെ പാസ്സിന്‍റെ അടിസ്ഥാനത്തില്‍ മാത്രമെ ഞായറാഴ്ചകളില്‍ യാത്രചെയ്യാന്‍ പാടുള്ളൂ.

എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുപരിയായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005ലെ ദുരന്തനിവാരണ നിയമത്തിന്‍റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയനാകേണ്ടിവരും. നിര്‍വ്വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്.

ട്രെയിന്‍ സര്‍വ്വീസ്

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യല്‍ ട്രെയിനില്‍ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാര്‍ജ് ഓണ്‍ലൈനായി നല്‍കാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ യാത്ര തീരുമാനിച്ചുകഴിഞ്ഞാല്‍ വിശദാംശങ്ങള്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കുന്നതാണ്.

കൂടുതല്‍ വിമാനങ്ങള്‍

വിദേശരാജ്യങ്ങളില്‍ നിന്നും വിമാനയാത്രവഴിയും കപ്പല്‍ യാത്രവഴിയും ഇതുവരെയായി 5815 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്. ഇന്നുമുതല്‍ ജൂണ്‍ 2 വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്നും എട്ട് വിമാനങ്ങളും ഒമാനില്‍ നിന്നും ആറ് വിമാനങ്ങളും സൗദി അറേബ്യയില്‍ നിന്നും 4 വിമാനങ്ങളും ഖത്തറില്‍ നിന്നും മൂന്നും കുവൈറ്റില്‍ നിന്നും രണ്ടും വിമാനങ്ങള്‍ കേരളത്തിലെത്തും.

ബഹ്റൈന്‍, ഫിലിപൈന്‍സ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്ഥാന്‍, ഉക്രയിന്‍, അയര്‍ലാന്‍റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി

നോര്‍ക്ക റൂട്ട്സ് പ്രവാസി, വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണ്ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായും വര്‍ദ്ധിക്കും. ആനുകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ അപേക്ഷ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല.

പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്‍റെ കാമ്പെയിനിന്‍റെ ഭാഗമായി മാസ്ക് സൗജന്യമായി വിതരണം ചെയ്യും.

മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിര്‍ത്തലാക്കും. എന്നാല്‍, അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാന്‍ അനുവാദം നല്‍കി.

കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയില്‍ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ഇതുമൂലം പൊലീസിന്‍റെ പ്രവര്‍ത്തനത്തില്‍ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

സാമ്പത്തിക പാക്കേജ് പ്രതികരണം

മെയ് 12ന് പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ അഞ്ച് ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു.

ഈ വര്‍ഷം കേന്ദ്രബജറ്റില്‍ നിന്ന് ഈ പാക്കേജിന് വേണ്ടിവരുന്ന അധികച്ചെലവ് ഒന്നര ലക്ഷം കോടി രൂപ മാത്രമായിരിക്കുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍പ്പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവില്‍ നിന്നെത്തുന്നത് മൊത്തം പാക്കേജിന്‍റെ അഞ്ചു ശതമാനം വരില്ല. ഒരു ലക്ഷം കോടിയില്‍ താഴെ രൂപ. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണിത്.

ആര്‍ബിഐയുടെ പണനയത്തിന്‍റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമായ തുകയും ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് 20 ലക്ഷം കോടി രൂപയിലെ സിംഹഭാഗവും. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയ പണത്തില്‍ 8.5 ലക്ഷം കോടി രൂപ ഈ മാസം ആദ്യം ബാങ്കുകള്‍ തന്നെ 3.5 ശതമാനം താഴ്ന്ന പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍ത്തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇന്നത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു എന്നുള്ളതാണ് വസ്തുത. കേരള സംസ്ഥാന സര്‍ക്കാര്‍ പോലും 6000 കോടി വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 9 ശതമാനമാണ് ബാങ്കുകള്‍ ഈടാക്കിയ പലിശ.

നമ്മുടെ രാജ്യത്ത് ഇനിമേല്‍ ഡിഫന്‍സ് എയ്റോസ്പേസ്, ബഹിരാകാശം, ധാതുഖനനം, റെയില്‍വേ, അറ്റോമിക എനര്‍ജി, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഒരു മേഖലയില്‍ നാലു പൊതുമേഖലാ കമ്പനികളെ മാത്രം അനുവദിക്കൂ എന്നാണ് കേന്ദ്രം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണിത്. പൊതുജനാരോഗ്യത്തിന് പാക്കേജില്‍ ഊന്നലില്ല. കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സര്‍ക്കാര്‍ തുടരുക.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം വളരെയേറെ പ്രതിസന്ധി നേരിടുന്ന ഒന്നാണ് സൂക്ഷ്മ-ചെറുകിട ഇടത്തരം (എംഎസ്എംഇ) മേഖല. 2018-19 സാമ്പത്തിക വര്‍ഷം കേരളം ഉല്‍പ്പാദന മേഖലയില്‍ 11.2 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതിന്‍റെ പ്രധാന പങ്ക് എംഎസ്എംഇ മേഖലയ്ക്കാണ്. അതിനാല്‍, ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കും.

കേന്ദ്ര പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ എംഎസ്എംഇ മേഖലയ്ക്കായി ‘വ്യവസായ ഭദ്രത’ എന്ന പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പ്രഖ്യാപനങ്ങളുമായി സംയോജിപ്പിച്ച് നടപ്പാക്കും. നമ്മുടെ പരമ്പരാഗത മേഖലയായ കശുവണ്ടി മേഖലയില്‍ ഉള്‍പ്പെടെ എംഎസ്എംഇ സ്ഥാപനങ്ങള്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയ്ക്കു കൂടി സഹായകമാകുന്ന സ്ട്രസ്ഡ് അക്കൗണ്ടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി വിനിയോഗം ചെയ്യും. വികസനത്തിന് പ്രാപ്തിയുള്ള എംഎസ്എംഇകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മദര്‍ ഫണ്ട്, ഡോട്ടര്‍ ഫണ്ട് എന്നീ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ പണലഭ്യത ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തില്‍ അത് പ്രയോജനപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിക്കും.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി 2020-21ലെ കേന്ദ്ര ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള 61,000 കോടി രൂപയില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനവ് വരുത്തിയത് കേരളം പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തും.

നബാര്‍ഡ് വഴി കേരളാ ബാങ്കിനും കേരള ഗ്രാമീണ്‍ ബാങ്കിനും ലഭ്യമാകുന്ന അധിക റീഫിനാന്‍സ് ഫണ്ടായ 2500 കോടി രൂപ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സ്വയംസഹായ സംഘങ്ങളുമായും ചേര്‍ന്ന് വിനിയോഗിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

സംസ്ഥാനത്തിനുള്ള ആശങ്കകള്‍

ഭക്ഷ്യ മേഖലയിലെ മൈക്രോ സ്ഥാപനങ്ങള്‍ക്കുള്ള 10,000 കോടി രൂപയുടെ ധനസഹായ പദ്ധതിയില്‍ ബീഹാര്‍, കാശ്മീര്‍, തെലങ്കാന, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കേരളം ഇല്ല. നമുക്ക് പ്രത്യേക ഇനങ്ങളില്‍ ഭക്ഷ്യമേഖലയില്‍ മൈക്രോ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശേഷിയുണ്ട്. കേരളത്തെ ഇതില്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളയുന്ന ഭേദഗതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന സംശയം നിലനില്‍ക്കുകയാണ്. പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാനുള്ള നടപടികളെ ഇത് ദുര്‍ബ്ബലപ്പെടുത്തും.

തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയ്ക്ക് പരമപ്രധാനമാണെന്ന വീക്ഷണത്തോട് യോജിക്കാന്‍ കഴിയുന്നില്ല. കോവിഡ് 19 നുശേഷം ആരോഗ്യമേഖലയിലടക്കം സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് വായ്പാ പരിധി. ആഭ്യന്തര വരുമാനത്തിന്‍റെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി മാറ്റിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതുപോലുള്ള ഒരു പരിധി ഉയര്‍ത്തലല്ല പ്രഖ്യാപനത്തിലുള്ളത്. മൂന്നില്‍ നിന്നും മൂന്നര ശതമാനം വരെ ഒരു നിബന്ധനകളുമില്ലാതെയാണ് വായ്പാ പരിധി ഉയര്‍ത്തിയിട്ടുള്ളത്. മൂന്നര മുതല്‍ നാലര ശതമാനം വരെയുള്ള പരിധിയുയര്‍ത്തല്‍ (ഒരു ശതമാനം) നിബന്ധനകള്‍ക്ക് വിധേയമാണ്.

പൊതുവിതരണ സമ്പ്രദായം, ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്, ഊര്‍ജം, നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ വരുത്തേണ്ട പരിഷ്ക്കാരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഒരു ശതമാനം വായ്പാ പരിധി വര്‍ദ്ധന ലഭ്യമാകുക. (ഓരോ മേഖലയിലെ പരിഷ്ക്കരണത്തിനും .25 ശതമാനം വര്‍ദ്ധന). നാലരയില്‍ നിന്നും അഞ്ച് ശതമാനം വരെയുള്ള വര്‍ധന മേല്‍പ്പറഞ്ഞ നാല് പരിഷ്ക്കാരങ്ങളില്‍ മൂന്നെണ്ണം വിജയകരമായി നടപ്പിലാക്കിയാലാണ് ലഭ്യമാവുക.

കേരളത്തിന് 0.5 ശതമാനം വായ്പ നിബന്ധനകള്‍ കൂടാതെ ലഭിക്കും. ഇതുവഴി ഇപ്പോഴത്തെ വായ്പാ പരിധിയില്‍ (27,100 കോടി രൂപ) 4500 കോടി രൂപയുടെ വര്‍ധനയുണ്ടാകും. ബാക്കി നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ലഭ്യമാകുകയുള്ളു. നിബന്ധനകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

മേല്‍പ്പറഞ്ഞ നിബന്ധനകളില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്‍റെ കാര്യത്തില്‍ സംസ്ഥാനം സുപ്രധാന ചുവടുവെപ്പുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. സാധ്യമായ അനുമതികള്‍ അപേക്ഷ സമര്‍പ്പിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഫെഡറലിസവും നിബന്ധനകളും

സംസ്ഥാനങ്ങളുടെ ആഭ്യന്ത വരുമാനം കോവിഡ് 19നു ശേഷം വലിയ ഇടിവാണ് നേരിടുന്നത്. അതിനാല്‍ തന്നെ വായ്പാ പരിധി ഉയര്‍ത്തിയാലും പരിമിതമായ പ്രയോജനം മാത്രമേ ലഭിക്കുകയുള്ളു. സംസ്ഥാനങ്ങള്‍ കമ്പോളത്തില്‍ നിന്നും വായ്പയെടുത്ത് പരിശ സഹിതം തിരിച്ചടയ്ക്കുന്ന തുകയ്ക്ക് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് ചേര്‍ന്നതല്ല. പ്രത്യേകിച്ചും ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍. കേന്ദ്രം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ചര ശതമാനം കടമെടുക്കാന്‍ തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ കഴിയൂ എന്നത് തുല്യനീതിയല്ല. വിശേഷിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കേണ്ട സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര ധനമന്ത്രിതന്നെ സമ്മതിച്ച സാഹചര്യത്തില്‍.

മുസ്ലിം നേതാക്കളുമായി
വീഡിയോ കോണ്‍ഫറന്‍സ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മുടെ ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ച് ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതു ഏറെ മനഃപ്രയാസമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ മഹാമാരി നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ ഇത്തരം ഒത്തുചേരലുകളൊന്നും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ മതനേതാക്കളും വിശ്വാസി സമൂഹവും വലിയ സഹകരണമാണ് നല്‍കിവരുന്നത്. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കോവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ നമ്മെ സഹായിച്ചത്.

ലോകമെങ്ങും ഇസ്ലാം മതവിശ്വാസികള്‍ക്ക് റമദാന്‍ പുണ്യമാസമാണ്. എന്നാല്‍ റമദാനില്‍ പോലും പള്ളികളില്‍ ആരാധന നടത്താന്‍ പറ്റാത്ത സാഹചര്യം വന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈ ദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) വരികയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ പെരുന്നാളാകും. പള്ളികളിലും പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. പെരുന്നാല്‍ ആഘോഷത്തിന്‍റെ പ്രധാന ഭാഗമാണ് നമസ്കാരം. കുടുംബാംഗങ്ങള്‍ ഒന്നാകെ ഈദ് നമസ്കാരത്തിന് പോകുന്നതാണ് പതിവ്.

രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും ഇന്ന് കാലത്ത് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെ നടത്താന്‍ ഈ യോഗത്തില്‍ ധാരണയായിട്ടുണ്ട്. സഖാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സഖാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്ന നിര്‍ദ്ദേശം മതനേതാക്കള്‍ അംഗീകരിച്ചിട്ടുമുണ്ട്.

പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ത്ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെന്ന് നമുക്കറിയാം. എന്നിട്ടും സമൂഹത്തിന്‍റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നു. അവരുടെ സഹകരണത്തിന് നന്ദി പറയുന്നു.

എസ്എസ്എല്‍സി പരീക്ഷ

മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയര്‍സെക്കന്‍ററിയവൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തുന്നതാണ്. ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഒരുക്കുന്നതാണ്.

ബസ് ചാര്‍ജ്

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്ന ഘട്ടത്തില്‍ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും. ആ കാലയളവിലേക്ക് മിനിമം ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ പരിഷ്കരിച്ച ചാര്‍ജിന്‍റെ പകുതി നല്‍കിയാല്‍ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കും.

കാലാവസ്ഥ

ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

‘സുഭിക്ഷ കേരള’

ഭക്ഷ്യസ്വയം പര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി വിവരശേഖരം നടത്താന്‍ കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചു. ജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി കൈമാറുന്നതിനാണ് പോര്‍ട്ടല്‍. www.aims.kerala.gov.in/subhikshakeralam എന്നതാണ് പോര്‍ട്ടല്‍ വിലാസം.

സഹായം

തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷീക രംഗത്തെ സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തണ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അറിയിച്ചു. കാര്‍ഷിക വ്യാവസായിക മേഖലയിക്കേറ്റ തിരിച്ചടി മറികടക്കാന്‍ ഒരു സംയോജിത ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. അവസരോചിതമായ വാരപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ രൂപത 3,95,28,570 രൂപയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മെത്രാപ്പോലീത്ത അറിയിച്ചു.

ഫെഡറല്‍ ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ്, കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് 13.44 ലക്ഷം രൂപ സംഭാവന നല്‍കി.

ദുരിതാശ്വാസം

നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)യുടെ സംഭാവനയായി 25 ലക്ഷം രൂപ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ഏല്‍പിച്ചു.

റാന്നി മണ്ഡലത്തിലെ സഹകരണ ബാങ്കുകള്‍ 36,03,675 രൂപ

കണ്ണൂര്‍ എ കെ ജി ആശുപത്രി 20 ലക്ഷം

മാള ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 5 ലക്ഷം. ജീവനക്കാര്‍ 1.4 ലക്ഷം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചേര്‍സ് കൊച്ചിന്‍ സെന്‍റര്‍ 5 ലക്ഷം രൂപ

മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് അരിജിത് പസായത് ഒരു ലക്ഷം രൂപ, (വിശ്വനാഥ് പസായത് മെമ്മോറിയല്‍ കമ്മിറ്റിയുടെ പേരില്‍)

സാമൂതിരി രാജാവിന്‍റെ ട്രസ്റ്റിഷിപ്പിലുള്ള 48 ക്ഷേത്രങ്ങളിലെ ദേവസ്വം ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളം 5,66,796

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP