ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനം;നെയ്മറെ പിന്നിലാക്കി എംബാപ്പെയുടെ കുതിപ്പ്

Loading...

മരണ കുതിപ്പുമായി എംബാപ്പേയുടെ മികച്ച പ്രകടനം…….. ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന എംബാപ്പെ നെയ്മറെയും പിന്നിലാക്കി കുതിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ നിന്നും സർപ്രൈസായി ഒഴിവാക്കപ്പെട്ട താരം രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി ടീമിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയിരുന്നു.

ചിരവൈരികൾക്കെതിരെ സമനിലയിൽ കുടുങ്ങി നിൽക്കുകയായിരുന്ന പിഎസ്ജിക്കു വേണ്ടി എംബാപ്പെയാണ് ടീമിന്റെ ആദ്യ ഗോൾ നേടുന്നത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്ജി വിജയം നേടി. ഇതോടെ ഫ്രഞ്ച് ലീഗിൽ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും വിജയമെന്ന റെക്കോർഡ് നിലനിർത്താനും പിഎസ്ജിക്കായി.

വെറും 522 മിനുട്ടുകൾ മാത്രം കളിച്ച് ഈ സീസണിൽ പത്തു ഗോളുകളാണ് എംബാപ്പെ നേടിയിരിക്കുന്നത്. ലീഗ് വൺ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്താണ് ഫ്രഞ്ച് താരം. മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. എംബാപ്പയേക്കാൾ മുന്നുറോളം മിനുട്ടുകൾ അധികം കളിച്ച നെയ്മർ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ്. എട്ടു ഗോളുകൾ ലീഗിൽ നേടിയ താരം നാല് അസിസ്റ്റുകളും സ്വന്തമാക്കി. കളിക്കാരുടെ റേറ്റിങ്ങിലും നെയ്മറെ ബഹുദൂരം പിന്നിലാക്കി എംബാപ്പെയാണു മുന്നിൽ.

അതേ സമയം ലോകകപ്പിനു മുൻപേറ്റ ഗുരുതര പരിക്കിൽ നിന്നും മുക്തനായി ഫോമിലേക്കു തിരികെയെത്തിക്കൊണ്ടിരിക്കുന്ന നെയ്മറുടെ പ്രകടനത്തിൽ വമ്പൻ മുന്നേറ്റമുണ്ടായിട്ടുണ്ട്. പുതിയ പരിശീലകൻ ടുഷലിനു കീഴിൽ പൊസിഷൻ മാറ്റിയതിനു ശേഷം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കണക്കുകളിൽ എംബാപ്പെ മുന്നിലാണെങ്കിലും പിഎസ്ജിയുടെ കുതിപ്പിൽ നെയ്മറുടെ പങ്ക് നിർണായകമാണെന്നതിൽ സംശയമില്ല.

ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് എംബാപ്പെ. പിഎസ്ജിക്കൊപ്പം നടത്തുന്ന തകർപ്പൻ പ്രകടനം താരത്തിന്റെ ബാലൺ ഡി ഓർ സാധ്യതകളെ വർദ്ധിപ്പിക്കും. അതേ സമയം ചാമ്പ്യൻസ് ലീഗിൽ പതറുന്നത് പിഎസ്ജിക്ക് തിരിച്ചടിയാണ്. നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് പിഎസ്ജി.

Loading...