പ്രണയപ്പക; കാമുകന്‍റെ വീടിന് തീയിട്ടു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Loading...

കണ്ണൂർ: കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ ബൈക്കും വീടും അർധരാത്രിയിൽ അക്രമി സംഘം തീയിട്ടു. അത്ഭുതകരമായാണ് അസ്കറിന്‍റെ കുടുംബം രക്ഷപ്പെട്ടത്. മൂന്ന് വർഷമായി താനുമായി പ്രണയത്തിലുള്ള പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് മർദനമേറ്റ അസ്കർ പറഞ്ഞു.

രാത്രി ഒന്നേകാലോടെയാണ് വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടത്. പെട്ടെന്ന് തന്നെ  വീട്ടിനകത്തേക്ക് തീ ആളിപ്പടർന്നു. പുതുതായി താമസം തുടങ്ങിയ  വീടിനകം മുഴുവൻ കത്തി നശിച്ചു. അന്നേ ദിവസം പകൽ അസ്കറിനെ ഒരു സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിൽ താനുമായി പ്രണയത്തിലുള്ള പെൺകുട്ടിയുടെ സഹോദരനുമുണ്ടായിരുന്നെന്നും ഇവർ തന്നെയാണ് തീയിട്ടതെന്നും അസ്കർ പറയുന്നു.

മൂന്ന് വർഷമായി എംബിബിഎസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലാണ് അസ്കർ.  ഇവരെ പിന്തിരിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചിരുന്നു.  ഇത് നടക്കാത്തതിലുള്ള അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇവരുടെ പ്രണയത്തിലുള്ള പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് ആക്രമണത്തിന് കാരണമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ആദ്യം പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന ആക്ഷേപം അസ്കറിനും കുടുംബത്തിനുമുണ്ട്.

Loading...