വെറ്ററിനറി ഡോക്ടറെ തീവെച്ച് കൊന്ന സംഭവം ; പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി കുടുംബം

Loading...

ഹൈദരാബാദ്: രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയ തെലങ്കാനയിലെ വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം നടത്തിയശേഷം തീവച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ നാലുപേരാണ് അറസ്റ്റിലായത്.

അതിനിടെ പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി ഡോക്ടറുടെ കുടുംബം രംഗത്തെത്തി. സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും തങ്ങളുടെ പരിധിയിലല്ല കൃത്യം നടന്നതെന്ന് പറഞ്ഞ് സഹായിക്കാന്‍ തയാറായില്ലെന്നാണ് ഇവരുടെ ആരോപണം.

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തേഴുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനം കേടായതിനെത്തുടര്‍ന്ന് രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവര്‍ അറസ്റ്റിലായി.

ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണില്‍ വിളിച്ച്‌ താന്‍ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായതായി ഒരാള്‍ പറഞ്ഞെന്നും അറിയിച്ചു. ഒരാള്‍ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തില്‍ ചില ലോറി ഡ്രൈവര്‍മാര്‍ സമീപത്തുണ്ടെന്നും പറഞ്ഞിരുന്നു.

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്ബോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ സംഭവം നടന്നത് സ്റ്റേഷന്‍ പരിധിയിലല്ലെന്നറിയിച്ച്‌ ആദ്യം സമീപിച്ച സ്റ്റേഷനില്‍ നിന്നും പറഞ്ഞയച്ചുവെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു.

രാത്രി 10മണിയോടെയാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ പുലര്‍ച്ചെ മൂന്നു മണിയോടെ താന്‍ ഒറ്റയ്ക്ക് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.

ടയറിന്റെ കാറ്റഴിച്ചു വിട്ടശേഷം യുവതിക്കു സഹായം വാഗ്ദാനം ചെയ്തതു ശിവയാണെന്നു പൊലീസ് പറഞ്ഞു. നന്നാക്കാനെന്ന രീതിയില്‍ ഇയാള്‍ സ്‌കൂട്ടര്‍ കൊണ്ടുപോയി. ഈ സമയത്ത് ആരിഫ്, നവീന്‍, ചന്നകേശവലു എന്നിവര്‍ യുവതിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. തിരികെയെത്തിയ ശിവയും പീഡനത്തില്‍ പങ്കാളിയായി. ശ്വാസംമുട്ടിച്ചു യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. 9.30 നും 10നും ഇടയില്‍ ഒരു ചെറുപ്പക്കാരന്‍ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നതായി അടുത്തുള്ള വര്‍ക്ഷോപ് ഉടമ സാക്ഷ്യപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം