അഭിമന്യു വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ? ജീവന്‍ പകരുന്ന മിനോണ്‍ ട്രൂവിഷന്‍ ന്യൂസിനോട്

സ്വാതി ചന്ദ്ര

Loading...

ര്‍ഗീയവാദികളുടെ കുത്തേറ്റ് രക്ഷസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം സിനിമയാവാൻ പോവുകയാണ്.  വർഗീയത തുലയട്ടെ എന്നെഴുതിയതിന്‍റെ പേരിൽ എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെയും സുഹൃത്തിനെയും പുറത്തുനിന്ന് വന്ന എസ് ഡി പി ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആരും കൊല ചെയ്യുകയായിരുന്നു .

‘നൂറ്റൊന്ന് ചോദ്യങ്ങള്‍’ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. അഭിമന്യു വെള്ളിത്തിരയില്‍ എത്തുമ്പോള്‍  ജീവന്‍ പകരുന്ന മിനോണ്‍ ട്രൂവിഷന്‍ ന്യൂസിനോട് സംസാരിക്കുന്നു .

സ്വാതി ചന്ദ്ര നടത്തിയ  അഭിമുഖത്തില്‍ നിന്ന് ……….

?  “നാന്‍ പെറ്റ മകന്‍”സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയോ?

# നവംബറില്‍ ആണ് വര്‍ക്ക് തുടങ്ങുക.പ്രീപ്രൊഡക്ഷന്‍ വര്‍ക്കൊക്കെ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

മലയാളികള്‍ നെഞ്ചേറ്റിയ ജീവിച്ചിരുന്ന ഒരാളായി മാറുമ്പോള്‍ എന്ത് തോന്നുന്നു ?

#  തീര്‍ച്ചയായിട്ടും, ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന സംഭവമാണ് അഭിമന്യുവിന്റെ കഥാപാത്രം ചെയ്യുക എന്നത് . അതുപോലെ കുറച്ചൊക്കെ അഭിമാനവും ഉണ്ട്. അതായത് ആദ്യമായി ഒരു സിനിമ ചെയ്യുമ്പോ ഉണ്ടാകുന്ന വല്ലായ്മ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്ന ഉത്കണ്ഠയും ഉണ്ടായിരുന്നു. ഒരുപക്ഷെ ഇത്തരമൊരു കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ വീണ്ടുമൊരു തുടക്കക്കാരന്‍ ആയത്പോലെ തോന്നുന്നു.

പിന്നെ യാത്രകള്‍ ചെയ്യുമ്പോള്‍ ആയാലും ആളുകള്‍ ഈ സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്.അത് അഭിമന്യുവിനെ പരിചയം ഉള്ളവരും അല്ലാത്തവരും എല്ലാം ഈ കഥാപാത്രത്തെയും അഭിമന്യുവിനെ കുറിച്ചും ചോദിക്കാറും പറയാറും ഉണ്ട്.   അവര്‍ നിര്‍ദേശിക്കാറുമുണ്ട് ഞങ്ങള്‍ക്ക് അഭിമന്യു ഒരു ആവേശമാണ് അവര്‍ അങ്ങനെ സംസാരിച്ചു പോകും അതൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്.

കേരളത്തിലെ എല്ലാ  മനുഷ്യരുടെയും ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞ മുഖമാണ് അഭിമന്യുവിന്റെത് അദ്ദേഹത്തിന്റെ ചിരി,നില്‍പ്പ് ,നടപ്പ് നിഷ്കളങ്കത  അദ്ദേഹത്തിന്റെ ആശയങ്ങള്‍ നിലപാടുകള്‍ പ്രശ്നങ്ങള്‍ പട്ടിണി എല്ലാം ആളുകള്‍ക്ക് വളരെ സുപരിചിതമായ കാര്യമാണ്. അതുകൊണ്ട് തന്നെ അഭിമന്യുവിനെ പരിചയപ്പെടുത്തുക എന്നതിന്റെ ആവിശ്യം ഈ സിനിമയ്ക്ക് ഉണ്ടാവില്ല.

അഭിമന്യുവിനെ ഞാന്‍ എങ്ങനെ ഒബ്സേര്‍വ് ചെയ്യുന്നു ഡയറക്ടര്‍  എങ്ങിനെ നോക്കികാണുന്നു എന്നത് പോലെ ആയിരിക്കും സിനിമയുടെ സ്വഭാവവും. ഞങ്ങള്‍ മനസിലാക്കുന്ന അഭിമാന്യുവാണ് “നാന്‍ പെറ്റ മകന്‍” എന്ന സിനിമയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക . അഭിമന്യുവിനെ അടുത്തറിയുന്ന ഒരുപാട് പേര്‍ ഉണ്ട്  കുടുംബം സുഹൃത്തുക്കള്‍ എല്ലാവരും നമ്മുടെ കൂടെ തന്നെയുണ്ട്.

അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ പഠിക്കാന്‍ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ ഞാന്‍ ഓരോ ദിവസവും അഭിമന്യുവിനെ പഠിച്ചു കൊണ്ടിരിക്കുകയാണ് .

മലയാള സിനിമയില്‍ ഒരുപാട് രാഷ്ട്രീയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പലതും കച്ചവട സിനിമ മാത്രമായി ഒതുങ്ങി പോയിട്ടുണ്ട്,”നാന്‍ പെറ്റ മകന്‍”തീര്‍ത്തും അഭിമന്യുവിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാകുമോ ?

#  അഭിമന്യു എന്ന മനുഷ്യനെ കുറിച്ച് ഞാന്‍ മനസിലാക്കുന്ന കാര്യം അവന്റെ നിഷ്കളങ്കതയും സ്നേഹവും കരുതലും ഒക്കെയാണ്. ചെറുതായിരിക്കുമ്പോള്‍ നമ്മള്‍ എല്ലാം ഇങ്ങനെ തന്നെയാണ് വലുതാകുമ്പോള്‍ ആണ് നമ്മള്‍ കള്ളത്തരങ്ങള്‍ എല്ലാം തന്നെ പഠിക്കുന്നത് .

ഒരുപക്ഷെ എന്റെ പ്രായം എത്തിയപ്പോഴേക്കും ഇല്ലാതായി പോയ ഒരു മനുഷ്യനാണ് അഭിമന്യു പക്ഷെ എന്റെ പ്രായം എത്തുമ്പോഴേക്കും അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും സ്നേഹവും കൊണ്ട് ആളുകളുടെ ഉള്ളില്‍ കനലായി മാറിയ ഒരു വ്യക്തിയാണ് .അഭിമന്യുവിന്റെ എല്ലാതരം അവസ്ഥകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും സിനിമയും.

അഭിമന്യുവിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട്‌ കൊണ്ടാവും സിനിമയെന്നാണ് പ്രത്യാശിക്കുന്നത് സ്ക്രിപ്റ്റ് വര്‍ക്കൊക്കെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അഭിമന്യുവിനെ കഥാപാത്രമാക്കി കൊണ്ട് തന്നെ രണ്ട് സിനിമകള്‍ വേറെയും വരാന്‍ ഉണ്ട് അത് റിലീസ് ആയതിനു ശേഷമേ “നാന്‍ പെറ്റ മകന്‍”പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ.

“നാന്‍ പെറ്റ മകന്‍” അല്ലാതെ അഭിമന്യു കേന്ദ്ര കഥാപാത്രമാകുന്ന രണ്ട് സിനിമകള്‍ കൂടി പുറത്തു വരാന്‍ ഉണ്ട് അത് ഒരു വെല്ലുവിളിയാകുമോ?

#  അത് ഞങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല കാരണം ആ സിനിമയിലും ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് കാരണം ആ സിനിമയിലും  ആദ്യം അഭിമന്യു എന്ന കഥാപാത്രത്തെ   അവതരിപ്പിക്കാന്‍ വിളിച്ചിരുന്നത് എന്നെ തന്നെയാണ് .വ്യത്യസ്ത തലങ്ങളില്‍ അഭിമന്യുവിനെ ഫോക്കസ് ചെയ്യുന്ന രീതിയില്‍ ആണ് ആ  സിനിമയുടെ സ്വഭാവം അത് അഭിമന്യുവിനെ പഠിക്കാനും അറിയാനും പ്രേക്ഷകരെ ഒരുപാട് സഹായിക്കും.ഇനിയും കുറെ കൂടെ സിനിമകള്‍ വരികയാണെങ്കില്‍ അത്രയും നല്ലത്.

അഭിമന്യു ആയി മാറാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോ?

#  ഞാന്‍ ചിന്തിക്കുന്നത് ഇത്രമാത്രമാണ് നൂറ് ശതമാനം അഭിമന്യു ആയി മാറുക എന്നത്  ഒരിക്കലും സാധ്യമായിട്ടുള്ള ഒരു കാര്യമല്ല. എന്നാല്‍ ആ കഥാപാത്രത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുക എന്നുള്ളതാണ് എനിക്ക് ചെയ്യാന്‍ പറ്റുന്നത്,അതിനു വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്. പിന്നെ അത് കൂടാതെ ഒരാളുടെ നില്‍പ്പും നടപ്പും എല്ലാം  പകര്‍ത്തിയെടുക്കുക എന്നത് അനുകരണം മാത്രമായി പോവും ഒരു മിമിക്രിയിലേക്ക് പോവുക എന്നതിനെ പറ്റി ചിന്തിക്കുന്നില്ല.

സത്യം പറഞ്ഞാല്‍ അഭിമന്യുവിന്റെ ചിരി ഒരു വലിയ വെല്ലുവിളി തന്നെയാണ് .മാത്രവുമല്ല പട്ടിണി ആണെങ്കിലും ആത്മവിശ്വാസത്തിനു ഒരു കുറവും ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം അത് അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയ ദൗത്യം തന്നെയാണ് .നവംബര്‍ വരെ സമയം ഉണ്ട് അത് വരെ പഠന കാലമാണ് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.

സിനിമയെ കുറിച്ച് കിട്ടുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

#  ഫസ്റ്റ് ലുക്കിന് വളരെ നല്ല പ്രതികരണം ആണ് ഉണ്ടായിട്ടുള്ളത്. നെഗറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അത് ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട് കാരണം നെഗറ്റിവ് കിട്ടാതിരിക്കുക എന്നത് അധികം പോസറ്റീവ് ആയിട്ടുള്ള കാര്യം ആണെന്ന് തോന്നുന്നില്ല. ജനങ്ങള്‍ ഈ സിനിമയില്‍ ഒരുപാട് പ്രതീക്ഷ വെക്കുന്നുണ്ട് എന്നാലും അതിനു പിന്നാലെ ഞാന്‍ അധികം പോകുന്നില്ല അങ്ങനെയാകുമ്പോള്‍ കുറെയധികം സ്ട്രെസ് വരാന്‍ സാധ്യത ഉണ്ട്.

ഞാന്‍ എങ്ങനെയാണോ അഭിമന്യുവിനെ മനസ്സില്‍ കാണുന്നത് അതുപോലെ തന്നെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.മറ്റ് പ്രതികാരങ്ങള്‍ കേട്ട് അതില്‍ മാറ്റം വരുത്തണം എന്ന് വിചാരിക്കുന്നില്ല.പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് അത്രമാത്രമേ ഇപ്പോള്‍ കരുതുന്നുള്ളൂ.

അഭിമന്യുവിന്റെ കഥാപാത്രം അഭിനയിക്കാന്‍ കിട്ടിയ അവസരം ഒരു അംഗീകാരമായി കാണുന്നുണ്ടോ ?

#  ഏത് കഥാപാത്രം കിട്ടുമ്പോഴും സന്തോഷം തോന്നാറുണ്ട്.ഒരു കഥാപാത്രം നമ്മളെ ഏല്‍പ്പിക്കുമ്പോള്‍ അതിന്‍റെ സംവിധായകന്‍ പ്രൊഡ്യുസര്‍ അങ്ങനെ മൊത്തം ക്രൂ തന്നെ നമ്മളില്‍ വിശ്വസിക്കുന്നു അപ്പൊള്‍ ഏത് സിനിമ എന്നെ തേടി വന്നാലും അതൊരു അംഗീകരമായി തന്നെയാണ് കാണുന്നത്.എന്‍റെ  പ്രധാന പരിപാടി വരയാണ് അതായത്   അഭിമന്യുവിന്‍റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹത്തെ പറ്റി ഞാന്‍ കൂടുതല്‍ അറിയുന്നത്.

ഒരുപക്ഷെ അതിനു ശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ വരച്ചിട്ടുള്ള ഒരു ചിരിയാണ് അഭിമന്യുവിന്‍റെത് അപ്പോള്‍ അത്രമേല്‍ എനിക്ക് അടുപ്പം ഉണ്ടായിരുന്ന കഥാപാത്രം ആണ് അഭിമാന്യുവിന്‍റെത് അത് കൊണ്ട് തന്നെ ഈ അവസരം കിട്ടിയതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തിയാണ് ഞാന്‍.  ഈ കഥാപാത്രം ഞാന്‍ ആഗ്രഹിച്ചിരുന്നോ ഇല്ലയോ എന്നതിന് ഇവിടെ പ്രാധാന്യമില്ല. പക്ഷെ ഞാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എങ്ങിനെയാണ് ഈ കഥാപാത്രം മിനോണിലേക്ക് എത്തിയത്?

#  ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അങ്ങനെയിരിക്കുമ്പോള്‍ ഒരു  വൈകുന്നേരം  വാതില്‍ മുട്ടി വിളിച്ചു ഡയറക്ടര്‍ വന്നു പറയുകയായിരുന്നു. സജി എസ് പാലമേലാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് .അദ്ദേഹം ആര്‍ട്ട്‌ ഫിലിം എന്നുള്ള കാഴ്ചപ്പാടില്‍ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു അത് ഒരുപാട് നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു. അതിനു ശേഷം അദ്ദേഹം വലിയ ബാനറില്‍ ചെയ്യുന്ന സിനിമയാണ് “നാന്‍ പെറ്റ മകന്‍”.

എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ്‌ കിട്ടിയ സമയത്ത് ഒരു സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ മുതല്‍  അദ്ദേഹത്തെ അറിയാമായിരുന്നു. ആ ഒരു ബന്ധം എന്നും ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ അങ്ങനെയാണ് അദ്ദേഹം വിളിച്ചപ്പോള്‍ തന്നെ ഓകെ പറയാന്‍ തോന്നിയത്.വളരെ പൊളിറ്റിക്കല്‍ ആയിട്ടുള്ള ഒരു സിനിമയാണ് “നാന്‍ പെറ്റ മകന്‍” അത് കൊണ്ട് അതിന്‍റെ  ആശയം ഉള്‍ക്കൊള്ളുന്നത്തോടൊപ്പം രാഷ്ട്രീയപരമായി പരുവപ്പെടാതിരിക്കാനും എനിക്ക് ശ്രദ്ധിക്കണമായിരുന്നു. എനിക്ക് എന്‍റെതായ രാഷ്ട്രീയമുണ്ട് അതില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.അഭിമന്യു ഉയര്‍ത്തിയ രാഷ്ട്രീയം വളരെ വലുതാണ്‌.

കലാപ്രവര്‍ത്തനം ?

#  ഒരു ചിത്രകാരനാണ് ,സിനിമയില്‍ നമുക്ക് സംതൃപ്തി തോന്നുന്നത് ഒരുപാട് സമയമെടുത്താണ് ഷൂട്ടിംഗ് കഴിഞ്ഞ് സിനിമയുടെ മറ്റെല്ലാ വര്‍ക്കും കഴിഞ്ഞ് തിയേറ്ററില്‍ എത്തി അങ്ങനെ കുറെയധികം പ്രോസസിനു ശേഷമാണ് . വര എന്ന് പറഞ്ഞാല്‍ ഞാന്‍ വരയ്ക്കുന്ന സമയത്ത് തന്നെ അതിനെ ആസ്വദിക്കുന്നുണ്ട് അതിന്‍റെ കാഴ്ചക്കാരന്‍ ആകുന്നുണ്ട് പെട്ടെന്ന് തന്നെ ആള്‍ക്കാരുടെ പ്രതികരണം അറിയാന്‍ സാധിക്കുന്നുണ്ട്  അപ്പോള്‍ വര എന്നത് സന്തോഷത്തോട് കൂടി എപ്പോഴും ചെയ്ത് കൊണ്ടേയിരിക്കുന്ന കാര്യമാണ് .സിനിമയും വരയും താരതമ്യം ചെയ്യുന്നില്ല രണ്ടും ഇഷ്ട്ടമുള്ള കാര്യമാണ് .

പഠനം ? സംഘടനാ പ്രവര്‍ത്തനം ഉണ്ടോ ?

#ഞാന്‍ പഠിച്ചിട്ടില്ല…ജീവിതത്തെ പഠിച്ചു കൊണ്ടിരിക്കുന്നു.ഒരു തരത്തിലും ഉള്ള സംഘടന പ്രവര്‍ത്തനം ഇല്ല .

സ്വപ്ന കഥാപാത്രം അങ്ങനെ എന്തെങ്കിലും ഉണ്ടോ ?

#  തീര്‍ച്ചയായും സ്വപ്ന കഥാപാത്രങ്ങളും സ്വപ്ന സിനിമകുളും ഒക്കെയുണ്ട്.അങ്ങനെ ആയിരിക്കാം എന്നൊക്കെ ഉള്ള തോന്നലുകളാണ് സ്വപ്ന കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഉള്ളത്.തികച്ചും അമൂര്‍ത്തമായ ചിന്തകളാണ് എനിക്ക് എന്‍റെ സ്വപ്ന കഥാപാത്രത്തെ കുറിച്ച്.

അടുത്ത ചിത്രം ?

#  നാന്‍ പെറ്റ മകന്‍ എന്നാ സിനിമയ്ക്ക് മുമ്പ് തന്നെ മൂന്ന് സിനിമകളാണ് ഉള്ളത് . പ്രദീപ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന കല്കണ്ടം എന്ന് പറയുന്ന സിനിമയാണ് ഉള്ളത് പിന്നെ പ്രിയ നന്ദന്‍ സംവിധാനം ചെയ്യുന്ന ‘സൈലന്‍സ്’ എന്ന ചിത്രത്തിന്‍റെ വര്‍ക്കും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിനു ശേഷം ‘പ്രേതം ടു’ആണ് വരാനിരിക്കുന്ന പ്രൊജക്റ്റ്‌

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം