കണ്ണൂരില്‍ കോട്ട കാക്കാന്‍ പി കെ ശ്രീമതിക്ക് നറുക്ക് വീഴുമോ ?

Loading...

കണ്ണൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോ്ട്ട കാക്കാന്‍ പി കെ ശ്രീമതി തന്നെ. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും മത്സരരംഗത്ത് സജീവമാക്കുന്നതോടെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് അങ്കത്തില്‍ തീ പാറും.

1951 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജി ജയിച്ച് കയറിയ മണ്ഡലത്തില്‍ പിന്നീട് അങ്ങോട് കോണ്‍ഗ്രസ് മുന്നണിക്കായിരുന്നു ആധിപത്യം. 1980 ല്‍ കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ത്ഥി കെ കുഞ്ഞമ്പുവിലൂടെ ഇടത് പക്ഷം സാന്നിധ്യമറിയിച്ചു.

1984 മുതല്‍ 98 വരെ മുല്ലപ്പള്ളിയിലൂടെ കോണ്‍ഗ്രസ് ആധിപത്യം തുടര്‍ന്നു. 99 ല്‍ എസ്്എഫ്‌ഐ നേതാവ് എ പി അബ്ദുള്ള കുട്ടി നേടിയ അട്ടിമറി വിജയത്തിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു. 2004 ല്‍ അബ്ദുള്ള കുട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2009 ല്‍ കെ സുധാകരനിലൂടെ കോണ്‍ഗ്രസ് കരുത്ത് കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന കണ്ണൂര്‍ മണ്ഡലം കാത്തു സൂക്ഷിക്കുകയെന്ന അഭിമാന പോരാട്ടമാണ് ഇടത് പക്ഷത്തിന് മുന്നിലുള്ളത്. കണ്ണൂരില്‍ സിപിഎമ്മിനോട് നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകനും കണ്ണൂരിലെ കോട്ട തിരിച്ച് പിടിക്കേണ്ടത് അനിവാര്യം തന്നെ.

കഴിഞ്ഞ തവണ നടന്ന വാശിയേറിയ മത്സരത്തില്‍ 6556 വോട്ടുകള്‍ക്കാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജയിച്ചത്. 7 നിയമസഭാ മണ്ഡലങ്ങളില്‍ 4 ഇടത് പക്ഷത്തിനാണ് . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇടതിന് മുന്‍തൂക്കം. എം പി എന്ന നിലയില്‍ പി കെ ശ്രീമതി ഇടപെടല്‍ പരാജയമായിരുന്നുവെന്ന്് അഭിപ്രായമുണ്ട്. ബന്ധുനിയമന വിവാദവും തിരച്ചടിയായേക്കും

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കണമെന്ന് വാദമുയര്‍ന്നെങ്കിലും ഷുഹൈബ് വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്ത് തിരിച്ചടിയായേക്കും. യുവനേതാക്കളായ വി ശിവദാസനെയും കെ വി സുമേഷിനെയും പരിഗണിക്കാനിടയുണ്ട്.
മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് കെ സുധാകരനെ തന്നെ രംഗത്ത് ഇറക്കുമോ ? എന്നത് കാത്തിരുന്ന് കാണണം. എ പി അബ്്ദുള്ള കുട്ടി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവരെ പരിഗണിക്കണമെന്നും അഭിപ്രായമുണ്ട്. ജയസാധ്യത മുന്‍ നിര്‍ത്തി സുധാകരന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ശബരിമല യുവതീ പ്രവേശനം, കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി ശക്തമായ മത്സരത്തിന് ഇറങ്ങുന്നതോടെ കണ്ണൂരില്‍ ത്രികോണ മത്സരത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പിതൃത്വമേറ്റെടുക്കുവാന്‍ ഇരു മുന്നണികളും രംഗത്തെത്തുന്ന സാഹചര്യമാണിവിടെയുള്ളത്.

Loading...