സമരപന്തലില്‍ കയറി അക്രമം; ഡിവൈഎഫ്ഐയ്ക്കെതിരെ നടപടിയ്ക്ക് സാധ്യത

Loading...

dyfi
കോഴിക്കോട്: അഴിമതിവിരുദ്ധ മുന്നണിയുടെ സമരപന്തലില്‍ കയറി അക്രമം നടത്തിയ സംഭവം പാര്‍ട്ടിയെ ജനമധ്യത്തില്‍ ഒറ്റപ്പെടാന്‍ ഇടയാക്കിയ സാഹചര്യം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം വലിയൊരു വിഭാഗം, ഡിവൈഎഫ്ഐ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുവരുമെന്നാണ് സൂചന. പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ വലിയ അപകീര്‍ത്തി നേരിടേണ്ടിവന്ന സാഹചര്യത്തില്‍ ഇതിനെതിരായ കടുത്ത വിമര്‍ശനം പിണറായിയുടെ സാന്നിധ്യത്തിലും ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ത്താനാണ് മുതിര്‍ന്ന നേതാക്കള്‍ പലരും തയാറെടുക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു തട്ടിലായ ജില്ലയിലെ സിപിഎമ്മും ഡിവൈഎഫ്ഐയും ഏത് രീതിയാലിയിരിക്കും മുന്നോട്ടു പോകുകയെന്ന കാര്യവും നാളത്തെ യോഗശേഷം അറിയാനാകും. ഡിവൈഎഫ്ഐക്കെതിരെ കര്‍ശനമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. അഴിമതിവിരുദ്ധ മുന്നണി കോഴിക്കോട് നഗരത്തില്‍ പന്തല്‍കെട്ടി നടത്തിയ സമരം ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിരുന്നില്ല. എന്നിട്ടും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനം സമരപന്തലിലേക്ക് കടന്ന് അവിടെയുണ്ടായിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരേയും അഴിമതിവിരുദ്ധ മുന്നണി പ്രവര്‍ത്തകരേയുമെല്ലാം ആക്രമിക്കുകയായിരുന്നു. ഇത് കടുത്ത വിമര്‍ശനമാണ് ജില്ലയില്‍ സിപിഎമ്മിനുനേരെ ഉയര്‍ത്തിയത്. ഇതിനിടയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വരുണ്‍ ഭാസ്കര്‍ ഉള്‍പ്പടെയുള്ള ആറുപേര്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടതും വലിയ വിവാദമായിരുന്നു. സമരപന്തലില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിവൈഎഫ്ഐയിലേയും സിപിഎമ്മിലേയും നേതാക്കള്‍ രണ്ടു തട്ടിലായിട്ടുണ്ട്. അക്രമത്തിനുശേഷം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ബഹുഭൂരിപക്ഷം അംഗങ്ങളും ഡിവൈഎഫ്ഐ നിലപാട് സംബന്ധിച്ച് നടത്തിയിരുന്നത്. ഇതേ സാഹചര്യം തന്നെയായിരിക്കും നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിലും പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുക. വരുണ്‍ ഭാസ്കര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി റദ്ദാക്കിയതോടെ ഒളിവില്‍ പോയ പ്രതികള്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 11 പേരുടെ ജാമ്യഹരജി കോഴിക്കോട് സിജെഎം കോടതി പരിഗണിച്ച ശേഷം കീഴടങ്ങാനാണ് തീരുമാനിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ നാളെ പിണറായി വിജയന്‍ കോഴിക്കോട് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം അറിഞ്ഞതോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ പോലീസിലെത്തി കീഴടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം