റിസോര്‍ട്ടില്‍ നിന്നും ഇറക്കിവിട്ടു: ഷെയ്നെതിരെ നാട്ടുകാരുടെ വെളിപ്പെടുത്തല്‍

Loading...

ഇടുക്കി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ പ്രതികരണവുമായി കുര്‍ബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാര്‍ രംഗത്തെത്തി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്നും ഷെയിനെ പുറത്താക്കിയിരുന്നതായും നാട്ടുകാര്‍ പറ‌ഞ്ഞു.

കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഒരു മാസമാണ് ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍,​ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. പലപ്പോഴും അബ്നോര്‍മലായി സംസാരിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെ റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കുകയായിരുന്നു. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു കൂടുതല്‍ പ്രശ്നമുണ്ടാക്കിയതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു. ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു.

അതേസമയം, നടന് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നിറുത്തിവച്ച സിനിമകളുടെ ചിത്രീകരണം എങ്ങനെയും പൂര്‍ത്തീകരിക്കാന്‍ ഷെയ്നിന്റെ സഹകരണം ഉറപ്പാക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഷെയ്ന്‍ നിഗമിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും ഷെയ്നിന്റെ അമ്മ സുനില ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ഷെയ്നും ചലച്ചിത്ര നിര്‍മാതാക്കളും തമ്മിലുള്ള ഭിന്നതയുടെ മഞ്ഞുരുക്കാന്‍ ‘അമ്മ’ ഇടപെടുമെന്നും ഇടവേളബാബു വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം