വിദ്യാര്‍ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്നെന്ന് സംശയം

Loading...

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് സംശയം. ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നാണ് കേന്ദ്രസംഘം പറയുന്നത്. ഇത് സംബന്ധിച്ച്‌ കേന്ദ്ര വിദഗ്ധ സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്ബ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് പറഞ്ഞത്. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.

അതേസമയം യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും അവര്‍ പറയുന്നു. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകര്‍. ഇവയുടെ സ്രവങ്ങള്‍ വഴിയാണ് നിപ വൈറസ് പകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ യുവാവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന് കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുള്ളതായി കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ളയും അറിയിച്ചു. യുവാവിനിപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

നിപ സംശയത്തെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴുരോഗികളുടെയും സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിപയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റുചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റൊരാളെ ഐ.സി.യു.വിലേക്കും മാറ്റി. എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം പരിശോധിച്ച അഞ്ച് സാമ്ബിളുകളിലും നിപ കണ്ടെത്തിയിട്ടില്ല. 10 സാമ്ബിളുകള്‍കൂടി പരിശോധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം