ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി ഡോണൾഡ് ട്രംപ്

Loading...

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി.

ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നു എന്നറിയിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം.

“ലോകാരോഗ്യസംഘടന പരിഷ്​കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു.

ചൈനയിൽ നിന്ന്​ വൈറസിനെ കുറിച്ച്​ ലോകത്തിന്​ ഉത്തരങ്ങൾ വേണം. ലോകാരോഗ്യ സംഘടക്ക് നൽകി വന്നിരുന്ന ധനസഹായം ലോകത്തുള്ള മറ്റ് ആരോഗ്യ ആവശ്യങ്ങൾക്ക് നൽകും.”- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇങ്ങനെയായിട്ടും ലോകാരോഗ്യ സംഘടനയെ ചൈനയാണ് നിയന്ത്രിക്കുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു.

കൊവിഡ് ബാധ ലോകമെമ്പാടും പകരാൻ കാരണം ഒന്നുകിൽ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ ആണെന്നും ട്രംപ് ആരോപിച്ചിരുന്നു. കൊറോണ വൈറസിനെ തുടക്കത്തിൽ തന്നെ തടയാമായിരുന്നു.

അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാൽ എന്തോ സംഭവിക്കുകയാണ് ഉണ്ടായത്. അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാകാം. അല്ലെങ്കിൽ അവരുടെ കഴിവില്ലായ്മയായിരിക്കാമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർ ചെയ്യേണ്ടത് ചെയ്തില്ല. അത് വളരെ മോശമായി പോയി.

നേരത്തെയും കൊവിഡിന്റെ കാര്യത്തിൽ ചൈനക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അറിഞ്ഞുകൊണ്ടാണ് കൊവിഡിനെ ചൈന തടയാതിരുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈന കൊവിഡ് മരണക്കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം