ഒന്നര വര്‍ഷം ഇന്ത്യക്ക്​ വേണ്ടി കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തില്‍ തിരിച്ചെടുക്കും – ഗൗതം ഗംഭീര്‍

Loading...

ന്യൂഡല്‍ഹി : കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ്​ ടീമിലെടുക്കുകയെന്ന്​ മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍. സ്​റ്റാര്‍ സ്​പോര്‍ട്​സി​​​െന്‍റ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ചാറ്റ്​ഷോയില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ഇത്തവണ ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടാകും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ തിരിച്ചെത്തണമെങ്കില്‍ ധോണിക്ക്​ ​ ഐ.പി.എല്‍ അല്ലാതെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടീമിലെടുക്കണമെങ്കില്‍ ധോണി ഫോം തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ്​ ടീമിലേക്ക്​ തിരികെ വിളിക്കുക ? ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനാണെങ്കില്‍ ടീമിനായി വിജയം സമ്മാനിക്കാന്‍ കഴിയുന്നവരെയും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയുമാണ്​ പരിഗണിക്കേണ്ടത്​. -ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക്​ ധോണിക്കൊരു പകരക്കാരനെയും ഗംഭീര്‍ കണ്ടെത്തിയിട്ടുണ്ട്​. ധോണിയുടെ മടങ്ങിവരവ് നടന്നില്ലെങ്കില്‍ കെ.എല്‍. രാഹുല്‍ ആണ് യഥാര്‍ഥ പകരക്കാരന്‍. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങാന്‍ കഴിയുമെന്ന് രാഹുല്‍ ഇപ്പോള്‍ തെളിയിച്ചുകഴിഞ്ഞു.

ചുരുങ്ങിയ ഒാവര്‍ മത്സരങ്ങളില്‍ രാഹുലി​​​െന്‍റ കീപ്പിങ്ങും ബാറ്റിങ്ങും തുടക്കം മുതലേ ശ്രദ്ധിക്കാറുണ്ട്​. വിക്കറ്റ്​ കീപ്പിങ്ങില്‍ ധോണിയുടെ മികവ്​ കാട്ടാന്‍ ചിലപ്പോള്‍ അവന്​​ കഴിഞ്ഞെന്ന്​ വരില്ല.

എന്നാല്‍, ടി20 ലോകകപ്പില്‍ രാഹുലിനെ ടീമിലുള്‍പ്പെടുത്തുന്നതായിരിക്കും ഏറ്റവും ഉചിതം. മൂന്നാമനായോ നാലാമനായോ ബാറ്റ്​ ചെയ്യാനും വിക്കറ്റ്​ കീപ്പിങ്​ ഏല്‍പ്പിക്കാനും സാധിക്കുന്ന താരമാണ്​ രാഹുലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈക്ക്​ ശേഷം ഇന്ത്യന്‍ ടീമിന്​ വേണ്ടി കളിക്കാത്ത ധോണിയുടെ മടങ്ങിവരവ്​ അസാധ്യമാണെന്ന്​ സെലക്​ടര്‍ ശ്രീകാന്തും സൂചന നല്‍കിയിരുന്നു. 2019 ​ ഐ.സി.സി ലോകകപ്പിലാണ്​ അവസാനമായി അദ്ദേഹം ഇന്ത്യന്‍ ജഴ്​സി അണിഞ്ഞത്​.

ധോണിക്ക്​ കീഴിലാണ്​ ഗംഭീര്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ളത്​. ഇന്ത്യയുടെ ലോകകപ്പ്​ വിജയത്തില്‍ ധോണിയുടെ സിക്​സറിനെ പ്രശംസിച്ച്‌​ ഒരു സ്​പോര്‍ട്​സ്​ സൈറ്റ്​ രംഗത്തുവന്നതിനെ വിമര്‍ശിച്ച്‌​ ഗംഭീര്‍ ട്വിറ്ററില്‍ എത്തിയിരുന്നു. ലോകകപ്പ്​ വിജയം മുഴുവന്‍ ടീമിനും അവകാശപ്പെട്ടതാണെന്നായിരുന്നു അന്ന്​ ഗംഭീര്‍ പറഞ്ഞത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം