ധവാന് പരിക്ക് ; സഞ്ജു ടീമില്‍

Loading...

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി . സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജു തിരിച്ചെത്തുന്നത്.

സഞ്ജുവിനെ പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്ന പ്രതിഷേധങ്ങള്‍കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തുന്നത്.

ഡല്‍ഹി – മഹാരാഷ്ട്ര മത്സരത്തില്‍ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടയ്ക്കേറ്റ മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഷെയ്ന്‍ വാട്ട്സണ് സംഭവിച്ച പരിക്കിന് സമാനമാണ് ധവാന്റെ പരിക്കും. ഇതോടെയാണ് സഞ്ജു ടീമിലെത്താന്‍ സാദ്ധ്യത തെളിഞ്ഞത് .

നേരത്തെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിന് പക്ഷേ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു മലയാളി താരത്തിന്റെ സ്ഥാനം.

ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചില്ല. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ സഞ്ജു പുറത്താകുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബി.സി.സി.ഐയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് ട്വന്റി 20 പരമ്ബരയിലെ ആദ്യ മത്സരം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11-ന് മുംബൈയിലാണ് അവസാന മത്സരം. ഇതിനു പിന്നാലെ ഡിസംബര്‍ 15 മുതല്‍ ഏകദിന പരമ്ബര തുടങ്ങും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം