കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയെന്ന് അഡ്വ.ആളൂര്‍

Loading...

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ വ്യക്തമാക്കി.

Loading...