കോഴിക്കോട്ട് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Loading...

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ സി പി എം പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം. ഇന്ന് പുലർച്ചെ ഒന്നേകാലോടെ വെട്ടുവർക്കണ്ടിയിൽ ശ്രീധരൻ നമ്പ്യാരുടെ വീടിനാണ് പൈപ്പ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജനൽച്ചില്ലുകളും വാതിലും തകർന്നു. സീലിങ്ങിനും കേടുപാടുകൾ സംഭവിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത് എന്നാണ് നിഗമനം.

ശ്രീധരന്റെ മകൻ ശ്രീശാന്ത് മൂന്ന് മാസം മുമ്പ് ബി ജെ പിയിൽ ചേർന്നിരുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം തുടരുകയാണ്.  പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണ് പേരാമ്പ്ര. കഴിഞ്ഞ ദിവസവും പേരാമ്പ്രയിൽ വീടിന് നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. സിപിഎം ഏരിയ കമ്മിറ്റിയംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെയും ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ഇന്നലെ ബോംബെറിഞ്ഞത്.

Loading...