കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രലോകം. അത്തരത്തില്‍ സിഎസ്ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) നടത്തിയ ഒരു സര്‍വേ ഫലമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

പുകവലിക്കുന്നവരിലും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലും മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ഈ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
പതിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മാസങ്ങള്‍ നീണ്ട പഠനമാണ് സിഎസ്ഐആര്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിനകത്ത് കൊവിഡുമായി ബന്ധപ്പെട്ട് ഇത്തരമൊരു പഠന-സര്‍വേ മുമ്പ് നടന്നിട്ടില്ലെന്നാണ് ഇതിന് നേതൃത്വം നല്കിയവര് പറയുന്നത്.
പുകവലിക്കുന്നവരില്‍ കൊവിഡ് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞിരിക്കുമെന്ന് നേരത്തേ പല പഠനങ്ങളും സൂചിപ്പിച്ചിരുന്നു. ഇറ്റലി, ന്യൂയോര്‍ക്ക്, ചൈന എന്നിവിടങ്ങളില്‍ ഇത് സംബന്ധിച്ച് നടന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടുകളെ കുറിച്ചും സിഎസ്ഐആര്‍ തങ്ങളുടെ സര്‍വേ ഫലത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ച് കഴിയുന്നവരിലും രോഗസാധ്യത കുറവായിരിക്കുമത്രേ. അതുപോലെ ‘ഒ’ ബ്ലഡ് ഗ്രൂപ്പുള്ളവരില്‍ കൊവിഡ് സാധ്യത കുറയുമെന്നും എന്നാല്‍ ‘ബി’, ‘എബി’ ഗ്രൂപ്പിലുള്ളവര്‍ക്ക് സാധ്യത കൂടുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതുപോലെ യാത്ര ചെയ്യുന്നവരാണെങ്കില്‍ അതിന് തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍, ജോലിയുടെ സ്വഭാവം, വീട്ടിലെ സാഹചര്യങ്ങള്‍ ഇങ്ങനെ പല ഘടകങ്ങളും കൊവിഡ് പിടിപെടുന്ന കാര്യത്തില്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
News from our Regional Network
English summary: Covid risk is lower in smokers