പയ്യന്നൂര്‍ : പയ്യന്നൂരില്‍ വാടകകെട്ടിടത്തില് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു.

കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വര്‍ഷങ്ങളായി ചീമേനി മുണ്ടയിലെ താമസക്കാരനുമായ ടി. രവിയുടെ മകന് വളപ്പില്ഹൗസില് വി.കെ.ശിവപ്രസാദും (28), ഏഴിലോട് പുറച്ചേരിയിലെ രാജന്-ഷീന ദമ്പതികളുടെ മകള്‍ പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സക്കിടയില്‍ മരിച്ചത്.
കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. സാരമായി പൊള്ളലേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആര്യ കഴിഞ്ഞ രാത്രിയും ശിവപ്രസാദേ ഇന്നു പുലര്‍ച്ചെയുമാണ് മരണത്തിന് കീഴടങ്ങിയത്.
19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുന്‍പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം.
ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു.
ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുന്‍പ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞിരുന്നത്. ഈ വാക്കുകളിലെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
News from our Regional Network
English summary: Attempt to commit suicide in a rented building in Payyanur The couple, who were undergoing late treatment , died.