രൂപം മാറ്റം സംഭവിച്ചേക്കാം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കാം; ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പടരാന്‍ സാധ്യത

Loading...

ബെയ്ജിങ്: സാര്‍സിന് സമാനമായ വൈറസിന് രൂപം മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസ് രോഗബാധയില്‍ ചൈനയില്‍ ഇതുവരെ ഒന്‍പതുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.നൂറുകണക്കിന് ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്ന വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ കിണഞ്ഞു ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ കൊറോണ വൈറസ് സാര്‍സിന് സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2002-2003 ചൈനയിലും ഹോങ്കോങ്ങിലും പൊട്ടിപ്പുറപ്പെട്ട സാര്‍സ് രോഗം 650 പേരുടെ ജീവനാണ് എടുത്തത്.അതിനാല്‍ നൂറുകണക്കിന് ആളുകളെ ബാധിച്ച പുതിയ വൈറസ് ബാധയെ ഏറെ ഗൗരവത്തോടെയാണ് ചൈനീസ് അധികൃതര്‍ കാണുന്നത്.

വായുവിലൂടെയാണ് രോഗം പടരുന്നത്. രോഗത്തിന് കാരണമാകുന്ന വൈറസിന് രൂപം മാറ്റം സംഭവിക്കാനുളള സാധ്യത തളളി കളയാന്‍ സാധിക്കില്ല. ഇത് ഇനിയും പടരാനുളള സാധ്യതയും ഉണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

വിവിധ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും. അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ചൈനയ്ക്ക് പുറമേ അമേരിക്ക, തയ്‌വാന്‍, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സാര്‍സ് മഹാമാരിക്ക് സമാനമായ വൈറസ് ബാധ എന്ന നിലയിലാണ് ചൈന നടപടികള്‍ സ്വീകരിക്കുന്നത്. മറ്റുളളവരിലേക്ക് രോഗം ബാധിക്കാതിരിക്കാന്‍ രോഗം ബാധിച്ചവരെ അകറ്റിനിര്‍ത്തുന്നത് അടക്കമുളള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തന്നത് അടക്കമുളള നടപടികള്‍ക്കും സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇതുവരെ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 13 പ്രവിശ്യകളിലായി 440 പേരെയാണ് ഇതുവരെ ഇത് ബാധിച്ചത്. രോഗം കണ്ടെത്തുന്നതിനുളള ഗവേഷണ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുളള സാധ്യത തളളി കളയാന്‍ സാധിക്കില്ലെന്നാണ് ദേശീയ ആരോഗ്യ കമ്മീഷന്റെ വിലയിരുത്തല്‍. മൃഗങ്ങള്‍ വഴിയാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം