കോൺ​ഗ്രസ് നേതാക്കളുടെ കൊവിഡ് പരിശോധന ഫലം പുറത്ത്

Loading...

പാലക്കാട്:ക്വാറന്റീൻ വിവാദം തുടരുന്നതിനിടെ വാളയാറിൽ പോയ ജനപ്രതിനിധികൾക്ക് കൊവിഡ് രോഗബാധയില്ലെന്ന് സ്രവ പരിശോധന ഫലം. ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര, കെ ബാബു എന്നിവർക്കാണ് വൈറസ് ബാധയില്ലെന്ന് വ്യക്തമായത്. എങ്കിലും പ്രോട്ടോകോളിന്റെ ഭാഗമായി ഇവർ ക്വാറന്റീനിൽ തുടരും. അതേസമയം, കൊവിഡ് പ്രതിരോധത്തിൽ മെഡിക്കൽ ബോർഡ് രാഷ്ട്രീയം കലർത്തിയെന്നാരോപിച്ച് ടി എൻ പ്രതാപനും അനിൽ അക്കരയും നിരാഹാര സമരത്തിലാണ്.

കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എംപിയും കെ ബാബുവും വന്നതിന് പിന്നാലെ ഇരുവരോടും നിരീക്ഷണത്തിൽ പോവാൻ നിർദ്ദേശിച്ചിരുന്നു. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവർ എത്തിയതിനെ തുടർന്നായിരുന്നു നടപടി. വാളയാർ സംഭവത്തിൽ രമ്യ ഹരിദാസ് നേരത്തെ തന്നെ ക്വാറൻ്റൈനിലായിരുന്നു. ഇതിന് പുറമേയായിരുന്നു മുതലമട സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പാസ് വിഷയവുമായി ബന്ധപ്പെട്ട് വാളയാറിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ കൊവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര, കെ ബാബു എന്നിവർക്ക് മെഡിക്കൽ ബോർഡ് ക്വാറന്റീൻ നിർദേശിച്ചത്. തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി കൊണ്ടുപോയത്. ആർക്കും രോഗബാധയില്ലെന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ വൈറസ് ബാധയുമായി ബന്ധപ്പെട്ട മുൻകരുതലിന്റെ ഭാഗമായി എല്ലാവരും ക്വാറന്റീനിൽ തുടരും.

ഗുരുവായൂരിൽ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ നിർദേശിക്കണമെന്ന അനിൽ അക്കരയുടെ പരാതി മെഡിക്കൽ ബോർഡ് കഴി‍ഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിൽ രാഷ്ട്രീയമാരോപിച്ച് ടി എൻ പ്രതാപനും അനിൽ അക്കരയും 24 മണിക്കൂർ ഉപവാസ സമരത്തിലാണ്. ടി എൻ പ്രതാപൻ എം പി തളിക്കുളത്തെ വീട്ടിലും അനിൽ അക്കര എംഎൽഎ വടക്കാഞ്ചേരിയിലെ ഓഫീസിലുമാണുള്ളത്.

ഫലം നെഗറ്റീവായതിനാൽ രോഗിയുമായി ഇടപഴകിയില്ലെന്ന തങ്ങളുടെ വാദം ശരിയെന്ന് തെളി‍ഞ്ഞെന്നാണ് യുഡിഎഫിന്റെ പ്രതികരണം.കൊവിഡ് കാലത്ത് യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം കോൺഗ്രസിന് ചേരില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് ജനപ്രതിനിധികളോടും മന്ത്രിമാരോടും മുഖ്യമന്ത്രിക്ക് രണ്ട് സമീപനമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്രവ പരിശോധനാ ഫലം പുറത്തുവന്നതോടെ ക്വാറന്റീൻ വിവാദം അവസാനിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം