കണ്ണൂരിൽ വീണ്ടും അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കാനൊരുങ്ങി കോൺഗ്രസ്സ്; സൂചനകൾ നിഷേധിക്കാതെ അബ്ദുള്ളക്കുട്ടി

ഷിജിത്ത് വായന്നൂർ

Loading...

കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് ആയി നിയമിതനായ കെ സുധാകരന് കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ കോൺഗ്രസ്സ് നേതൃത്വം വലിയൊരു സ്വീകരണമൊരുക്കിയത്. യഥാർത്ഥത്തിൽ അത് കെ സുധാകരൻ എന്ന അനിഷേധ്യനായ നേതാവിന്റെ ശക്തിപ്രകടനമായിരുന്നു. അതിൽ പങ്കെടുത്തവർ പാർട്ടിയെ അല്ല പുകഴ്ത്തിയത്. മുദ്രാവാക്യം വിളികളും പാർട്ടിക്കുവേണ്ടി ആയിരുന്നോ എന്ന് ചോദിച്ചാൽ സംശയമാണ്.
എല്ലാവരും ഏറ്റുവിളിച്ച പേര് സുധാകരൻ എന്നതായിരുന്നു.

Image result for k sudhakaran sweekaranam kannur

ആശംസ അർപ്പിച്ചു പ്രസംഗിച്ചവർ സുധാകരനെ വാനോളം പുകഴ്ത്തി. പത്തിലേറെ നേതാക്കൾ ഉണ്ടായിരുന്നു ആ വേദിയിൽ സുധാകരനെ സ്നേഹിച്ചു ‘ കൊല്ലാൻ ‘. പക്ഷെ അധ്യക്ഷനായ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഒരു തന്ത്രമെടുത്തു. ആശംസ ചൊരിയാൻ വന്നവരുടെ പേരുകൾ ഒറ്റയടിക്കങ്ങു വായിച്ചു. ഇവരുടെയെല്ലാം ആശംസ സുധാകരനുണ്ടെന്നു പാച്ചേനി തന്നെ പ്രഖ്യാപിച്ചു. ഹാരമണിയിക്കാൻ സ്റ്റേജിൽ തിങ്ങി നിന്നവരോട് ഒഴിഞ്ഞു പോകണമെന്നും ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു നേതാക്കൾ.

Image result for abdullakutty pacheni

പക്ഷെ തുടർന്ന് സംഭവിച്ചതാണ് ട്വിസ്റ്റ്. പത്തിലേറെ നേതാക്കളെ ഒഴിവാക്കിയ പാച്ചേനി ഒരാളെ മാത്രം ആശംസാ പ്രസംഗത്തിന് വേണ്ടി ക്ഷണിച്ചു. എ പി അബ്ദുള്ളക്കുട്ടി ആയിരുന്നു അത്. മുതിർന്ന നേതാക്കൾ ഉൾപ്പടെ പ്രസംഗത്തിൽ നിന്നൊഴിവാക്കപ്പെട്ടപ്പോൾ ഇങ്ങനെ ഒരാളെ വിളിച്ചതെന്തിനെന്ന സംശയം എല്ലാവർക്കുമുണ്ടായി. അതൊരു അനൗപചാരിക സ്ഥാനാർത്ഥി പ്രഖ്യാപനം പോലെ തോന്നിയവരും ഒട്ടേറെ ഉണ്ടായിരുന്നു. അബ്ദുള്ളക്കുട്ടി സുധാകരനെ പുകഴ്ത്തി പ്രസംഗിച്ചതും കണ്ണൂർ പിടിച്ചെടുക്കണമെന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. പാച്ചേനിയും നേരത്തെ പ്രസംഗത്തിൽ അത് സൂചിപ്പിച്ചിരുന്നു. ‘ഇത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കേളികൊട്ടാണ്.’

Image result for ap abdullakutty
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ സുധാകരൻ സി പി എമ്മിലെ പി കെ ശ്രീമതിയോട് തോറ്റത് ആറായിരം വോട്ടിനാണ്. അതുകൊണ്ടുതന്നെ കണ്ണൂർ കോൺഗ്രസ്സിന്റെ കൈപ്പിടിയിൽ തന്നെ ഉണ്ടെന്നാണ് പ്രസംഗമധ്യേ സുധാകരൻ അവകാശപ്പെട്ടത്. സജ്ജരാകാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു .
സുധാകരൻ പാർട്ടി ചുമതല ഏറ്റെടുത്തതോടെ കണ്ണൂരിൽ ആര് സ്ഥാനാർത്ഥിയാകും എന്ന ചർച്ച കോൺഗ്രസ്സിനകത്ത് സജീവമാണ്. ഇത് സംബന്ധിച്ചു ചിലരെങ്കിലും അബ്ദുള്ളക്കുട്ടിയുടെ പേര് പരാമർശിക്കുകയും ചെയ്തിരുന്നു. ആരായാലും അത് സുധാകരന് കൂടി വേണ്ടപ്പെട്ട ആളായിരിക്കണം കണ്ണൂരിലെ സ്ഥാനാർത്ഥി എന്നേയുള്ളൂ. അങ്ങനെ നോക്കുമ്പോൾ അബ്ദുള്ളക്കുട്ടിയുടെ സാധ്യത തള്ളിക്കളയാനാവില്ല.

Image result for ap abdullakutty

ഇതേ കുറിച്ച് അബ്ദുള്ളക്കുട്ടിയോട് തന്നെ ചോദിക്കാൻ ടെലഫോണിൽ വിളിച്ചപ്പോൾ പ്രതികരണം സ്വതസിദ്ധമായ ഒരു നിറഞ്ഞ ചിരിയായിരുന്നു. സ്ഥാനാർത്ഥി ആകും എന്നോ ആകില്ലെന്നോ പറഞ്ഞില്ല, ചിരിച്ചുകൊണ്ടേയിരുന്നു.

അപ്പോൾ സുധാകരന്റെ സ്വീകരണത്തിൽ എല്ലാവരെയും ഒഴിവാക്കിക്കൊണ്ടുള്ള ആ ആശംസ പ്രസംഗം ? ഞങ്ങൾക്കങ്ങനെയൊരു കൗതുകം തോന്നി…..

മറുപടി ,പിന്നെയും ചിരി ….. ‘ഏതായാലും നിങ്ങൾ പിന്നീട് വിളിക്കൂ, നമുക്ക് ചില രാഷ്ട്രീയ കാര്യങ്ങൾ കൂടുതൽ സംസാരിക്കാം ‘ എന്ന് കൂട്ടിച്ചേർത്തു ഒരു ചിരികൂടി സമ്മാനിച്ച് അബ്ദുള്ളക്കുട്ടി ഫോൺ കട്ട് ചെയ്തു.

Image result for ap abdullakutty

സുധാകരനല്ലെങ്കിൽ കണ്ണൂരിൽ സിപിഎമ്മിനോട് മത്സരിക്കാൻ തത്കാലം വേറൊരു മുഖം കോൺഗ്രസ്സിന് മുന്നിലില്ല. 2009 ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അവരോട് പട പൊരുതി ജയിച്ചുകയറിയ പാരമ്പര്യമുണ്ട് അബ്ദുള്ളക്കുട്ടിക്ക്. സുധാകരന്റെ ആശീർവാദം വേണ്ടുവോളമുണ്ട്. പക്ഷെ ഇടയ്ക്ക് കോൺഗ്രസ്സ് വിടുന്നു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇടിത്തീ പോലെയാണ് സോളാർ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തലയിൽ വന്നു പതിച്ചത്. അന്ന് വല്ലാതെ പതറിയിരുന്നു. ഇടയ്ക്ക് കാണാനേ ഇല്ലായിരുന്നു. ഈയിടെയായി പാർട്ടി വേദികളിൽ സജീവമാണ് അബ്ദുള്ളക്കുട്ടി. സ്ഥാനാർത്ഥിയാവാൻ മുൻപരിചയവും കൈമുതലാണ്. പക്ഷെ എതിരാളികൾ ശക്തരാണ് എന്നതാണ് കോൺഗ്രസ്സിനും അബ്ദുള്ളക്കുട്ടിക്കും ഒരുപോലെ വെല്ലുവിളി. സോളാർ വിഷയമൊക്കെ അവർ പൊടിതട്ടിയെടുക്കും. കിട്ടാവുന്നതെന്തും പ്രയോഗിക്കും.

Image result for ap abdullakutty

പാർട്ടിയിലെ ചിലരെങ്കിലും കരുതുന്നത് പോലെ കെട്ടിയിറക്കുന്ന ആരെങ്കിലും കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ ഇടയില്ല. അങ്ങനെ വരുമ്പോൾ അബ്ദുള്ളക്കുട്ടിയുടെ സാധ്യത ഏറെയാണ്. പല ഘടകങ്ങൾ കൊണ്ടും.എങ്കിൽപ്പോലും അബ്ദുള്ളക്കുട്ടിയെ നിഴലായി പിന്തുടരുന്ന ആരോപണങ്ങളും പരാതികളും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിഘാതമായി വന്നു ഭവിച്ചില്ലെങ്കിലേ കാര്യങ്ങൾ എളുപ്പം സാധ്യമാവൂ എന്ന് സൂചിപ്പിക്കുന്നവരും ആ പാർട്ടിയിൽ ഉണ്ട്.

കഴിഞ്ഞ തവണ നേടിയ ആറായിരം വോട്ടിന്റെ ഭൂരിപക്ഷം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു സുരക്ഷിത സൂചനയെ അല്ല. മറ്റാരേക്കാളും സുധാകരന്റെ ആ വാക്കുകൾ സിപിഎം ഗൗരവത്തിലെടുത്തുകഴിഞ്ഞു, ‘ ആറായിരം വോട്ടെന്നാൽ അത്ര വലിയ സംഖ്യയൊന്നുമല്ല, കൈപ്പിടിയിൽ തന്നെയുണ്ട് കണ്ണൂർ ‘ എന്ന സുധാകരന്റെ വാക്കുകൾ .

Loading...